
ചെന്നൈ: ഇന്ത്യയിൽ നിന്നുള്ള ആദ്യ സ്വകാര്യ റോക്കറ്റ് വിക്ഷേപണത്തിന് തയ്യാറെടുക്കുകയാണ് ശ്രീഹരിക്കോട്ട. സ്കൈറൂട്ട് എയറോസ്പേസ് എന്ന ഹൈദരാബാദ് അധിഷ്ഠിത സ്റ്റാർട്ടപ്പിന്‍റെ സൗണ്ടിംഗ് റോക്കറ്റ് വിക്ഷേപണത്തിനായി കാത്തിരിക്കുകയാണ് രാജ്യം.
ഇന്ത്യൻ ബഹിരാകാശ രംഗത്ത് പുത്തൻ കുതിപ്പിന് തുടക്കമാകുകയാണ് നാളെ. ആറ് മീറ്റർ ഉയരവും 545 കിലോഭാരവുമുള്ള വിക്രം എസ് എന്ന സൌണ്ടിംഗ് റോക്കറ്റ് വരാനിരിക്കുന്ന കാലത്തിൻ്റെ സൂചനയാണ്. രാവിലെ 11.30ന് ഈ ചെറു റോക്കറ്റ് കുതിച്ചുയരുന്നതോടെ റോക്കറ്റ് വിക്ഷേപണം ഐഎസ്ആർഒയുടെ മാത്രം കുത്തകയല്ലാതായി മാറും. വെറും അഞ്ച് മിനുട്ട് നീണ്ടു നിൽക്കുന്നതാണ് ദൌത്യം.
ഉപരിതലത്തിൽ നിന്ന് 81.5 കിലോമീറ്റർ ഉയരത്തിലെത്തിയ ശേഷം റോക്കറ്റ് കടലിൽ പതിക്കും. ഈ ചെറു സമയം കൊണ്ട് ഭാവി ദൌത്യങ്ങൾക്ക് ആവശ്യമായ നിർണായക വിവരങ്ങൾ ശേഖരിക്കും. ഭാവിയിൽ നിർമ്മിക്കാൻ ലക്ഷ്യമിടുന്ന വലിയ റോക്കറ്റുകളിൽ പ്രയോഗിക്കേണ്ട സാങ്കേതിക വിദ്യകളുടെ പരീക്ഷണമാണ് വിക്രം എസിലൂടെ നടക്കുന്നത്.
പൂർണമായും ഖര ഇന്ധനമാണ് വിക്രം എസിൽ ഉപയോഗിക്കുന്നതെങ്കിലും ഭാവി ദൌത്യങ്ങളിൽ സെമിക്രയോജനിക് സാങ്കേതിക വിദ്യ അടക്കം പരീക്ഷിക്കപ്പെടും. മൂന്ന് ചെറു പരീക്ഷണങ്ങളാണ് ഇത്തവണ റോക്കറ്റ് കൂടെ കൊണ്ടുപോകുന്നത്. സ്പേസ് കിഡ്സ് ഇന്ത്യ, അർമേനിയയിൽ നിന്നുള്ള ബസൂംക്യു. എൻ സ്പേസ് ടെക് ഇന്ത്യ എന്നിവർ നിർമ്മിച്ച ചെറു ഉപകരണങ്ങളാണ് ആദ്യ ദൗത്യത്തിലെ സഹയാത്രികർ. റോക്കറ്റിനെ വിക്ഷേപിക്കാനും വിക്ഷേപണ ശേഷം പിന്തുടരാനും ആവശ്യമായ സഹായം ഐഎസ്ആർഒ നൽകും. സമീപ ഭാവിയിൽ തന്നെ വിക്രം ശ്രേണിയിൽ മൂന്ന് ഉപഗ്രഹ വിക്ഷേപണ വാഹനങ്ങൾ യാഥാർത്ഥ്യമാക്കുകയാണ് സ്കൈറൂട്ട് എയറോസ്പേസിൻ്റെ ലക്ഷ്യം.