കൃത്യം, കിറുകൃത്യം: ഐഎസ്ആർഒയുടെ എൽവിഎം3 എം3 ദൗത്യം വിജയം: ഭ്രമണപഥത്തിലെത്തിയത് 36 ഉപഗ്രങ്ങൾ

By Web TeamFirst Published Mar 26, 2023, 3:58 PM IST
Highlights

വിക്ഷേപണം കഴിഞ്ഞ് കൃത്യം പത്തൊമ്പതാം മിനുട്ടിൽ ആദ്യ ഉപഗ്രങ്ങൾ ഭ്രമണപഥത്തിലെത്തി. ഒന്നര മണിക്കൂറിനകം 36 ഉപഗ്രഹങ്ങളും ഭ്രമണപഥത്തിലെത്തിയെന്ന അറിയിപ്പ് വന്നു.

ചെന്നൈ: ഐഎസ്ആർഒയുടെ എൽവിഎം 3 എം 3 ദൗത്യം വിജയം. ഉപഗ്രഹ ഇന്റർനെറ്റ് സേവന ദാതാവായ വൺവെബ്ബിന്റെ 36 ഉപഗ്രങ്ങളെയാണ് ഈ ദൗത്യത്തിൽ ഇസ്രൊയുടെ  എറ്റവും കരുത്തനായ റോക്കറ്റ് ബഹിരാകാശത്ത് സ്ഥാപിച്ചത്. 

വിക്ഷേപണം കഴിഞ്ഞ് കൃത്യം പത്തൊമ്പതാം മിനുട്ടിൽ ആദ്യ ഉപഗ്രങ്ങൾ ഭ്രമണപഥത്തിലെത്തി. ഒന്നര മണിക്കൂറിനകം 36 ഉപഗ്രഹങ്ങളും ഭ്രമണപഥത്തിലെത്തിയെന്ന അറിയിപ്പ് വന്നു. നൂറ് ശതമാനം വിജയവുമായി എൽവിഎം 3യുടെ ജൈത്രയാത്ര.... അപ്രതീക്ഷിതമായി എത്തിയ രണ്ട് തുടർ വാണിജ്യ വിക്ഷേപണങ്ങൾ പൂർത്തിയാക്കിയത് റെക്കോർഡ് വേഗത്തിലാണ് വിക്ഷേപണവിജയങ്ങളുടെ തിളക്കമേറ്റുന്നു. തുടർ വിജയങ്ങൾ വാണിജ്യ വിക്ഷേപണ വിപണയിൽ എൽവിഎം 3യ്ക്ക് ഡിമാൻഡ് കൂട്ടുമെന്നാണ് പ്രതീക്ഷ.

ശ്രീഹരിക്കോട്ടയിലെ പുതിയ അസംബ്ലി ബിൽഡിംഗിൽ കൂട്ടിച്ചേർത്ത ആദ്യ റോക്കറ്റ് കൂടിയായിരുന്നു ഇത്. ഗഗൻയാൻ ദൗത്യങ്ങൾക്കായുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായ ചില സാങ്കേതിക വിദ്യകളും ഈ ദൗത്യത്തിൽ പരീക്ഷിച്ചു. വൺ വെബ്ബിന്റെ പതിനെട്ടാം ഉപഗ്രഹ വിക്ഷേപണ ദൗത്യമായിരുന്നു ഇത്. ഈ ഉപഗ്രഹങ്ങൾ കൂടി പ്രവർത്തന സജ്ജമാകുന്നതോടെ കന്പനിയുടെ ഒന്നാം തലമുറ ഉപഗ്രഹങ്ങളുടെ വിന്യാസം പൂർത്തിയാകുകയാണ്. 618 ഉപഗ്രങ്ങളുടെ ശൃംഖലയാണ് ഇതോടെ ഓൺലൈൻ ആകുന്നത്. ഈ വർഷം തന്നെ കന്പനി ലോകവ്യാപക സേവനങ്ങൾ തുടങ്ങും. ഏപ്രിലിൽ നടക്കുന്ന പിഎസ്എൽവി വിക്ഷേപണമായിരിക്കും ഇസ്രൊയുടെ അടുത്ത ദൗത്യം. ജിഎസ്എൽവി മാർക്ക് 2 വിന്‍റെ അടുത്ത ദൗത്യത്തിനായുള്ള തയ്യാറെടുപ്പുകളും ഉടൻ തുടങ്ങും. 
 

tags
click me!