ചാരക്കേസ് ഗൂഡാലോചന; അന്വേഷണ റിപ്പോർട്ട് ഉടൻ പരിഗണിക്കണമെന്ന് കേന്ദ്രം, ഒരാഴ്ച കഴിയട്ടെയെന്ന് സുപ്രീം കോടതി

By Web TeamFirst Published Apr 5, 2021, 12:42 PM IST
Highlights

റിപ്പോർട്ട് അടിയന്തരമായി പരിഗണിക്കണമെന്നായിരുന്നു സോളിസിറ്റർ ജനറൽ തുഷാർ മേത്ത ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിൽ ആവശ്യപ്പെട്ടത്. എന്നാൽ ഒരാഴ്ച കഴിഞ്ഞ് കേസ് പരിഗണിച്ചാൽ പോരെ എന്ന് ചോദിച്ച ചീഫ് ജസ്റ്റിസ് റിപ്പോർട്ട് പരിഗണിക്കുന്നത് അടുത്ത ആഴ്ചത്തേക്ക് മാറ്റി.

ദില്ലി: നമ്പി നാരായണനെതിരായ ഐഎസ്ആർഒ ചാരക്കേസിലെ അന്വേഷണ സമിതി റിപ്പോർട്ട് ഉടൻ പരിഗണിക്കണമെന്ന കേന്ദ്രത്തിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. ഡി കെ ജയിൻ സമിതിയുടെ റിപ്പോർട്ട് നാളെ പരിഗണിക്കണം എന്നായിരുന്നു കേന്ദ്ര സർക്കാരിന്റെ ആവശ്യം. 

നമ്പി നാരായണനെതിരെയുള്ള ഗൂഡാലോചന അന്വേഷിച്ച് റിട്ട. ജസ്റ്റിസ് ഡി കെ ജയിൻ അദ്ധ്യക്ഷനായ മൂന്നംഗ സമിതി കഴിഞ്ഞ ദിവസമാണ് മുദ്രവെച്ച കവറിൽ സുപ്രീംകോടതിക്ക് റിപ്പോര്‍ട്ട് കൈമാറിയത്. റിപ്പോര്‍ട്ടിൽ ഉടൻ തീരുമാനം വേണമെന്നും അതിനായി കേസ് നാളെ തന്നെ കേൾക്കണമെന്നും ചീഫ് ജസ്റ്റിസ് കോടതിയിൽ പ്രത്യേകം ഹാജരായി സോളിസിറ്റര്‍ ജനറൽ തുഷാര്‍ മേത്ത ആവശ്യപ്പെട്ടു. 

ഐഎസ്ആര്‍ഒ ചാരക്കേസ് ദേശീയ കേസാണെന്നും സോളിസിറ്റര്‍ ജനറൽ വാദിച്ചു. നാളെ തന്നെ ഈ കേസ് പരിഗണിക്കുന്നത് എന്തിനെന്ന് ചോദിച്ച കോടതി അടുത്ത ആഴ്ച കേസിൽ വാദം കേൾക്കാമെന്ന് അറിയിച്ചു. നാളെ കേരളത്തിൽ വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് സുപ്രീംകോടതിയിൽ കേന്ദ്രത്തിന്‍റെ അപ്രതീക്ഷിത നീക്കം. 

കേരളത്തിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോണ്‍ഗ്രസിനെതിരെ ചാരക്കേസ് ഉയര്‍ത്തിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നമ്പി നാരായണൻ നൽകിയ ഹര്‍ജിയിലായിരുന്നു ജസ്റ്റിസ് ജയിൻ അദ്ധ്യക്ഷനായ മൂന്നംഗ സമിതിയെ ഗൂഡാലോചന അന്വേഷിക്കാൻ സുപ്രീംകോടതി നിയോഗിച്ചത്. 

click me!