
ലഖ്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ സോഷ്യല്‍ മീഡിയയില്‍ വീഡിയോ പ്രചരിപ്പിച്ചെന്ന് ആരോപിച്ച് മാധ്യമപ്രവര്‍ത്തകന്‍ പ്രശാന്ത് കനോജിയയെ അറസ്റ്റ് ചെയ്തതിനെക്കുറിച്ച് ഭാര്യ ജഗിഷ അറോറ. ശനിയാഴ്ച രാവിലെകനോജിയക്ക് വന്ന ഫോണ്‍ കോളാണ് തങ്ങളെ ഉണര്‍ത്തിയത്. കനോജിയയോട് സംസാരിക്കണമെന്ന ആവശ്യമായി കുറച്ച് പേര്‍ വന്നെന്ന വിവരം നല്‍കാനായി സുഹൃത്ത് വിളിച്ചതായിരുന്നെന്ന് ജഗിഷ ഓര്‍ക്കുന്നു.
ഉച്ചക്ക് രണ്ടുപേര്‍ വന്ന് കനോജിയയെ ചോദ്യം ചെയ്യാനായി കൂട്ടിക്കൊണ്ടുപോയി. അഞ്ചുമിനിറ്റിനുള്ളില്‍ എല്ലാം സംഭവിച്ചെന്നും തനിക്കൊന്നും മനസിലാവുന്നുണ്ടായിരുന്നില്ലെന്നും ജഗിഷ പറയുന്നു. താഴേക്ക് പോയ കനോജിയ തിരികെ വന്ന് തനിക്ക് അവരുടെ കൂടെ പോകേണ്ടതുണ്ടെന്ന് പറഞ്ഞ് വസ്ത്രം മാറുകയായിരുന്നു. ഇന്നലെ രാത്രി ജയിലില്‍ കഴിയുന്ന കനോജിയയോട് സംസാരിക്കാന്‍ അവസരം കിട്ടി. തനിക്ക് കുഴപ്പമില്ലെന്നും സുരക്ഷിതയായി ഇരിക്കാനും കനോജിയ പറഞ്ഞെന്നും ജഗിഷ പറഞ്ഞു.
യോഗി ആദിത്യനാഥിനെ വിവാഹം കഴിക്കാന്‍ താത്പര്യമുണ്ടെന്ന് യുവതി പറയുന്ന വീഡിയോ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തതിനാണ് മാധ്യമ പ്രവര്‍ത്തകനായ പ്രശാന്ത് കനോജിയയെ അറസ്റ്റ് ചെയ്തത്. ഹസ്രത്ഗഞ്ച് പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടറുടെ പരാതിയെ തുടര്‍ന്നാണ് നടപടി. യോഗിക്കെതിരെ അധിക്ഷേപകരമായ രീതിയിലാണ് കനോജിയ പോസ്റ്റിട്ടതെന്ന് പരാതിക്കാരന്‍ ആരോപിച്ചു.
മുഖ്യമന്ത്രിയുടെ ഓഫിസിന് മുന്നില്‍വച്ച് ഒരു സ്ത്രീ മുഖ്യമന്ത്രിയെ വിവാഹം കഴിക്കണമെന്ന് ആഗ്രഹമുണ്ടെന്ന് മാധ്യമങ്ങളോട് പറയുന്നതാണ് വീഡിയോയിലുള്ളത്. വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായതോടെയാണ് അറസ്റ്റ്. യോഗി ആദിത്യനാഥുമായി താന്‍ ദീര്‍ഘനേരം വീഡിയോ കാള്‍ ചെയ്തിട്ടുണ്ടെന്നും അദ്ദേഹത്തിന് ഭാവിയില്‍ എന്‍റെ കൂടെ ജീവിക്കാനാഗ്രഹമുണ്ടോ എന്ന് അറിയണമെന്നുമായിരുന്നു യുവതി ആവശ്യപ്പെട്ടത്. മാനഹാനി വരുത്തുന്നെ വീഡിയോ പ്രചരിപ്പിച്ചെന്ന് ആരോപിച്ചാണ് മാധ്യമപ്രവര്‍ത്തകന്‍ പ്രശാന്ത് കനോജിയ, പ്രാദേശിക ചാനലായ നേഷന്‍ ലൈവിന്‍റെ മേധാവിയായ ഇഷിത സിങ്, എഡിറ്റര്‍ അനുജ് ശുക്ല എന്നിവരാണ് അറസ്റ്റിലായത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam