
ദില്ലി: ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ മാലിയുടെയും ശ്രീലങ്കയുടെയും പിന്തുണ ഉറപ്പാക്കി പ്രധാനമന്ത്രിയുടെ രണ്ട് ദിവസത്തെ വിദേശ പര്യടനം അവസാനിച്ചു. ശ്രീലങ്കയിലെത്തിയ നരേന്ദ്ര മോദി ഈസ്റ്റര്‍ ദിനത്തില്‍ ചാവേറാക്രമണം നടന്ന ദേവാലയം സന്ദര്‍ശിച്ചു.
ഈസ്റ്റര്‍ ദിനത്തില്‍ ഇരുനൂറിലധികം പേരുടെ ജീവനെടുത്ത ചാവേറാക്രമണത്തിന് ശേഷം ശ്രീലങ്കയിലെത്തുന്ന ആദ്യ വിദേശ പ്രധാനമന്ത്രിയായിരുന്നു നരേന്ദ്ര മോദി. ആക്രമണം നടന്ന ദേവാലയം സന്ദര്‍ശിച്ച മോദി ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലി അര്‍പ്പിച്ചു.
ഭീരുക്കള്‍ക്ക് ലങ്കയെ തോല്‍പ്പിക്കാനാവില്ലെന്നും ഭീകരവാദത്തിനെതിരെ ഇന്ത്യ ഒപ്പമുണ്ടാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ലങ്കയുടെ വികസനത്തിന് പിന്തുണയും അറിയിച്ചു. രാവിലെ പതിനൊന്നിനാണ് മാലദ്വീപ് സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി കൊളംബോയിലെത്തിയത്.
ശ്രീലങ്കന്‍ പ്രധാന മന്ത്രി റിനില്‍ വിക്രമ സിന്‍ഹയുടെ നേതൃത്വത്തില്‍ മോദിക്ക് ആചാരപരമായ വരവേല്‍പ്പ് നല്‍കി. തുടര്‍ന്ന് പ്രഡിസന്‍റ് മൈത്രിപാല സിരിസേനയുടെ വസതിയില്‍ കൂടിക്കാഴ്ച്ച. സന്ദര്‍ശനത്തിന്‍റെ സ്മരണയ്ക്ക് രാഷ്ട്രപതി ഭവനില്‍ മോദി വൃക്ഷത്തൈ നട്ടു. ശ്രീലങ്കയിലെ പ്രതിപക്ഷ നേതാക്കളെയും ഇന്ത്യന്‍ സമൂഹത്തെയും പ്രധാനമന്ത്രി കണ്ടു.
രണ്ടാം വട്ടം പ്രധാനമന്ത്രിയായ ശേഷമുള്ള മോദിയുടെ ആദ്യ വിദേശ പര്യടനമായിരുന്നു മാലി ദ്വീപ്, ലങ്കന്‍ പര്യടനം. അയല്‍ക്കാരുമായി സഹകരണമുറപ്പിക്കുന്നതിനൊപ്പം ഭീകരവാദത്തിനെതിരായി സംയുക്ത പോരാട്ടത്തിന് പിന്തുണ തേടുകയും ചെയ്തു.
അടുത്ത പതിമൂന്നിന് ഷാങ്ഹായ് ഉച്ചകോടിക്കായി പ്രധാനമന്ത്രി കിര്‍ഗിസ്ഥാനിലെത്തുന്നുണ്ട്. ചര്‍ച്ചകള്‍ക്കായി പാക്കിസ്ഥാന്‍ പ്രധാനമന്ത്രി കത്തയച്ചെങ്കിലും ഇന്ത്യ അനുകൂലമായി പ്രതികരിച്ചിട്ടില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam