
ഐടി ജീവനക്കാര്‍ വീണ്ടും വീട്ടിലിരുന്ന് ജോലി ചെയ്യുന്ന കാലം തിരിച്ചുവരുമോ? സാധ്യതകളുണ്ടെന്നാണ് സൂചനകള്‍. രാജ്യത്തെ ഐടി ജീവനക്കാരുടെ സംഘടനയായ 'നൈറ്റ്‌സ്' ഇതുസംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന് കത്തയച്ചു. ഐടി, ഐടി അധിഷ്ഠിത സേവന മേഖലകളില്‍ സാധ്യമായ ഇടങ്ങളിലെല്ലാം 'വര്‍ക്ക് ഫ്രം ഹോം' നടപ്പിലാക്കാന്‍ കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നാണ് കേന്ദ്ര തൊഴില്‍ മന്ത്രി മന്‍സുഖ് മാണ്ഡവ്യയ്ക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
പ്രധാനമന്ത്രിയുടെ വാക്കുകള്‍ ആയുധമാക്കി നൈറ്റ്‌സ്
ആഗോളതലത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളും ഇന്ധന ഉപഭോഗം കുറയ്‌ക്കേണ്ടതിന്റെ ആവശ്യകതയും കണക്കിലെടുത്ത്, യാത്രകള്‍ പരമാവധി കുറയ്ക്കാനും ഓണ്‍ലൈന്‍ മീറ്റിംഗുകളും വര്‍ക്ക് ഫ്രം ഹോമും പ്രോത്സാഹിപ്പിക്കാനും പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നു. ഇത് രാജ്യത്തോടുള്ള ഉത്തരവാദിത്തമായി കണ്ട് നടപ്പിലാക്കണമെന്നാണ് സംഘടന പറയുന്നത്.
കോവിഡ് കാലം മറക്കരുത്; ഐടി മേഖല തെളിയിച്ചതാണ്!
വീട്ടിലിരുന്ന് ജോലി ചെയ്യുന്നത് ഉല്‍പ്പാദനക്ഷമതയെ ബാധിക്കില്ലെന്ന് കോവിഡ് കാലത്ത് ഐടി മേഖല തെളിയിച്ചതാണെന്ന് സംഘടന ചൂണ്ടിക്കാട്ടുന്നു. കത്തില്‍ പറയുന്ന പ്രധാന കാര്യങ്ങള്‍ ഇവയാണ്:
അടിസ്ഥാന സൗകര്യങ്ങള്‍ തയ്യാര്‍: ലോക്ഡൗണ്‍ കാലത്ത് കമ്പനികള്‍ വന്‍തോതില്‍ പണം മുടക്കി സൈബര്‍ സുരക്ഷയും ക്ലൗഡ് സംവിധാനങ്ങളും വീട്ടിലിരുന്ന് ജോലി ചെയ്യാനായി ഒരുക്കിയിട്ടുണ്ട്.
വിജയകരമായ മാതൃക: സോഫ്റ്റ്വെയര്‍ ടീമുകളും കസ്റ്റമര്‍ സപ്പോര്‍ട്ട് വിഭാഗങ്ങളും വര്‍ഷങ്ങളോളം വീട്ടിലിരുന്ന് ജോലി ചെയ്തിട്ടും ലോകമെമ്പാടുമുള്ള ക്ലയന്റുകള്‍ക്ക് മികച്ച സേവനം നല്‍കാന്‍ സാധിച്ചു.
പ്രായോഗികത: ഡിജിറ്റലായി ചെയ്യാവുന്ന ജോലികള്‍ക്ക് വര്‍ക്ക് ഫ്രം ഹോം തികച്ചും പ്രായോഗികവും സുസ്ഥിരവുമാണെന്ന് തെളിയിക്കപ്പെട്ടതാണ്.
യാത്രയും ഗതാഗതക്കുരുക്കും; ഇന്ധനം ലാഭിക്കാം
മെട്രോ നഗരങ്ങളില്‍ മണിക്കൂറുകളോളം ഗതാഗതക്കുരുക്കില്‍പ്പെട്ടാണ് ഐടി ജീവനക്കാര്‍ ഓഫീസിലെത്തുന്നത്. ഇത് ജീവനക്കാരുടെ മാനസികാരോഗ്യത്തെ ബാധിക്കുന്നതിനൊപ്പം രാജ്യത്തെ ഇന്ധന ഉപഭോഗം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഡിജിറ്റല്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് വീട്ടിലിരുന്ന് ചെയ്യാവുന്ന ജോലിക്ക് ലക്ഷക്കണക്കിന് ജീവനക്കാര്‍ ദിവസവും റോഡിലിറങ്ങുന്നത് ഒഴിവാക്കിയാല്‍ ഗതാഗതക്കുരുക്കും പരിസ്ഥിതി മലിനീകരണവും കുറയ്ക്കാമെന്നും സംഘടന വാദിക്കുന്നു.
തൊഴിലുടമകളുമായി ഏറ്റുമുട്ടാനല്ല, മറിച്ച് രാജ്യതാല്‍പ്പര്യം മുന്‍നിര്‍ത്തി സഹകരിക്കാനാണ് ഈ നിര്‍ദ്ദേശമെന്ന് സംഘടന വ്യക്തമാക്കുന്നു. ഐടി മേഖലയില്‍ വര്‍ക്ക് ഫ്രം ഹോം ഒരു സൗകര്യമായി കാണാതെ, അതൊരു 'ദേശീയ താല്‍പ്പര്യമുള്ള സാമ്പത്തിക നടപടി'യായി കാണണമെന്നും ആവശ്യപ്പെടുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂലമായ ഒരു മാര്‍ഗ്ഗനിര്‍ദ്ദേശം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ലക്ഷക്കണക്കിന് ഐടി ജീവനക്കാര്‍.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam