നാട്ടിൽ ഓണമുണ്ണാൻ ഒരു ദിവസം മുന്നേയിറങ്ങുന്ന മുംബൈ മലയാളിക്ക് ഈ ഓണക്കാലത്തും സ്പെഷ്യൽ ട്രെയിനുകളില്ല.

മുംബൈ: ഓണത്തിന് നാടെത്താൻ ഇത്തവണയും മുംബൈ മലയാളികൾക്ക് സ്പെഷ്യൽ ട്രെയിനില്ല. ഓണത്തിനായി റെയിൽവേ 112 സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചപ്പോഴാണ് മുംബൈ മലയാളികളോടുളള അവഗണന. എന്നാൽ മുംബൈയിൽ നിന്ന് സ്പെഷ്യൽ ട്രെയിനിനായുളള അപേക്ഷകളൊന്നും ലഭിച്ചില്ലെന്നാണ് റെയിൽവേ വിശദീകരണം. വിമാനത്തിന് സാധാരണ ടിക്കറ്റ് നിരക്ക് 5000 മുതൽ 1000 വരെയാണ്. ഉത്സവക്കാല നിരക്ക് 7000 മുതൽ 15000 വരെയാണ്.

നാട്ടിൽ ഓണമുണ്ണാൻ ഒരു ദിവസം മുന്നേയിറങ്ങുന്ന മുംബൈ മലയാളിക്ക് ഈ ഓണക്കാലത്തും സ്പെഷ്യൽ ട്രെയിനുകളില്ല. ഇതോടെ യാത്ര നേരത്തെയാക്കിയും നിരക്കുയരും മുൻപ് വിമാന ടിക്കറ്റെടുക്കാനും നെട്ടോട്ടമാണ് പലരും. ഓണം സ്പെഷ്യൽ ട്രെയിനുകൾക്കായി അപേക്ഷയൊന്നും ലഭിച്ചില്ലെന്നാണ് സെൻട്രൽ റെയിൽവേയുടെ വിശദീകരണം. പൂക്കളമിട്ടും സദ്യയുണ്ടും മുംബൈ മലയാളി സമാജങ്ങൾ ഓണം ഗംഭീരമാകാറുമുണ്ട്. എന്നാൽ മുംബൈയിൽ സ്ഥിര താമസക്കാസക്കാരല്ലാത്തവർക്ക് ടിക്കറ്റിനായി ഓടണം. എണ്ണത്തിൽ റെയിൽവേയേക്കാൾ കുറവ് യാത്രക്കാർ ആശ്രയിക്കുന്ന വിമാന ടിക്കറ്റുകളുടെ നിരക്കും ഉയർന്ന് തന്നെ.

കേരളത്തിലേക്ക് 5000 മുതൽ 10000 വരെ ലഭിക്കുന്ന വിവിധ ടിക്കറ്റുകൾക്ക് ഓണമടുക്കുമ്പോൾ 7000 മുതൽ 15000 വരെയായി ഉയരും നവി മുംബൈ വിമാനത്താവളം കൂടി എത്തിയതോടെ കൂടുതൽ സർവീസുകളുണ്ട് എന്നതാണ് ഏക ആശ്വാസം. ഇനി മലബാർ വരെയുളള ബസ് യാത്രക്ക് 4,400 മുതൽ 6,500 ആയിരുന്നെങ്കിൽ ഉത്സവത്തിരക്കിലത് 6000 മുതൽ 10,000 വരെയായി ഉയരും. ചുരുക്കത്തിൽ ഈ ഓണക്കാലത്തും മുംബൈ മലയാളിയുടെ യാത്ര ദുരിതം അവസാനിക്കുന്നില്ല. ഉത്സവക്കാലത്തെ ഈ കൊളള അവസാനിപ്പിക്കാനും കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കാനും നമ്മുടെ ജനപ്രതിനിധികളുടെ ഭാഗത്തുനിന്നും ഒരിടപെടൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കയാണ് മുംബൈ മലയാളികൾക്ക് ഇക്കുറിയുമുള്ളത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം