രാജസ്ഥാനില്‍ ഇന്‍കം ടാക്‌സ് റെയ്ഡ്; രാഷ്ട്രീയ പ്രേരിതമെന്ന് കോണ്‍ഗ്രസ്

By Web TeamFirst Published Jul 13, 2020, 1:16 PM IST
Highlights

രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടുമായി അടുത്ത ബന്ധമുള്ള ബിസിനസ് ഗ്രൂപ്പിനെ ലക്ഷ്യം വെച്ചാണ് ആദായ നികുതി വകുപ്പിന്റെ റെയ്‌ഡെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. റെയ്ഡിന് രാഷ്ട്രീയ ലക്ഷ്യമുണ്ടെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജെവാല ആരോപിച്ചു. 

ദില്ലി: നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് രാജസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജ്വല്ലറി ഗ്രൂപ്പിന്റെ ഓഫിസുകളില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. ദില്ലി, ജയ്പുര്‍, മുംബൈ, കോട്ട തുടങ്ങിയ നഗരങ്ങളിലാണ് റെയ്ഡ് നടന്നത്. തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു റെയ്ഡ്. പൊലീസ് ഉദ്യോഗസ്ഥരും റെയ്ഡില്‍ പങ്കെടുത്തു.
ബിസിനസ് ഗ്രൂപ്പുമായി ബന്ധപ്പെട്ട് വലിയ തോതില്‍ പണമിടപാട് നടന്നെന്ന വിവരത്തെ തുടര്‍ന്നാണ് റെയ്ഡ് നടന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. 

അതേസമയം, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടുമായി അടുത്ത ബന്ധമുള്ള ബിസിനസ് ഗ്രൂപ്പിനെ ലക്ഷ്യം വെച്ചാണ് ആദായ നികുതി വകുപ്പിന്റെ റെയ്‌ഡെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. റെയ്ഡിന് രാഷ്ട്രീയ ലക്ഷ്യമുണ്ടെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജെവാല ആരോപിച്ചു. 
രാജസ്ഥാനില്‍ രാഷ്ട്രീയ പ്രതിസന്ധി നിലനില്‍ക്കുമ്പോഴാണ് റെയ്ഡ് നടന്നതെന്ന് ശ്രദ്ധേയം.

മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടുമായി വിയോജിച്ച് ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ് തന്നെ അനുകൂലിക്കുന്ന എംഎല്‍എമാരുമായി ദില്ലിയിലെത്തിയിരിക്കുകയാണ്. സച്ചിന്‍ പൈലറ്റ് ബിജെപി പ്രസിഡന്റ് നദ്ദയുമായി കൂടിക്കാഴ്ച നടത്തുമെന്ന് അഭ്യൂഹമുണ്ട്. ഇന്ന് നടന്ന നിര്‍ണായക നിയമസഭ കക്ഷി യോഗത്തില്‍ സച്ചിന്‍ പൈലറ്റും അദ്ദേഹത്തെ അനുകൂലിക്കുന്ന എംഎല്‍എമാരും പങ്കെടുത്തില്ല. സച്ചിന്‍ പൈലറ്റിന് 15 എംഎല്‍എമാരുടെ പിന്തുണ മാത്രമേയുള്ളൂവെന്നും സര്‍ക്കാര്‍ വീഴില്ലെന്നുമാണ് കോണ്‍ഗ്രസ് പറയുന്നത്.
 

click me!