
ദില്ലി: മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിക്കായി 300 കിലോമീറ്റർ വയഡക്‌ടുകൾ (ദൈര്‍ഘ്യമേറിയ മേൽപ്പാലങ്ങൾ) പൂർത്തിയാക്കിയതായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ഫുൾ സ്പാൻ ലോഞ്ചിംഗ് രീതി ഉപയോഗിച്ച് ഇവയുടെ സൂപ്പർ സ്ട്രക്ച്ചർ നിർമ്മിക്കുന്നതിന്റെ വീഡിയോയും അദ്ദേഹം പങ്കുവെച്ചു. മറ്റൊരിടത്ത് നിര്‍മിച്ച് അതാത് പ്രദേശങ്ങളിൽ സ്ക്ച്ചറുകൾ സ്ഥാപിക്കുന്ന രീതിയാണ് ഫുൾ സ്പാൻ ലോഞ്ചിംഗ്.
508 കിലോമീറ്റർ ദൈർഘ്യമുള്ള മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതി നടപ്പാക്കുന്ന നാഷണൽ ഹൈ-സ്പീഡ് റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (എൻഎച്ച്എസ്ആർസിഎൽ) ഗുജറാത്തിലെ സൂററ്റിന് സമീപം 40 മീറ്റർ നീളമുള്ള ഗർഡറുകൾ കൂടി സ്ഥാപിച്ചതോടെ 300 കിലോമീറ്റർ വയഡക്‌ടുകൾ പൂർത്തിയായെന്നാണ് മന്ത്രി അറിയിച്ചത്.
300 കിലോമീറ്റർ സൂപ്പർ സ്ട്രക്ചറിൽ, 14 നദിക്ക് മുകളിലൂടെ ഉള്ള പാലങ്ങളടക്കം 257.4 കിലോമീറ്റർ ഫുൾ സ്പാൻ ലോഞ്ചിംഗ് മെത്തേഡ് വഴിയും, 37.8 കിലോമീറ്റർ സ്പാൻ ബൈ സ്പാൻ (എസ്ബിഎസ്) വഴിയും, 0.9 കിലോമീറ്റർ സ്റ്റീൽ പാലങ്ങളും (60 മുതൽ 130 മീറ്റർ വരെ നീളമുള്ള 10 സ്പാനുകൾ ഉള്ള 7 പാലങ്ങൾ), 1.2 കിലോമീറ്റർ ബോക്സ് രീതിയിലുള്ള കോൺക്രീറ്റ് പാലങ്ങളും (40 മുതൽ 80 മീറ്റർ വരെ നീളമുള്ള 20 സ്പാനുകളുള്ള 5 പാലങ്ങൾ), 2.7 കിലോമീറ്റർ സ്റ്റേഷൻ കെട്ടിടവും നിർമ്മിച്ചതായി എൻഎച്ച്എസ്ആർസിഎൽ വ്യക്തമാക്കുന്നു.
മുഴുവൻ സ്പാൻ ഗർഡർ സ്ഥാപിക്കുന്നത് പരമ്പരാഗത രീതികളേക്കാൾ 10 മടങ്ങ് വേഗത്തിലായതിനാൽ നിർമ്മാണം ഗണ്യമായി വേഗത്തിലാക്കാൻ കഴിഞ്ഞെന്നും എൻഎച്ച്എസ്ആർസിഎൽ കൂട്ടിച്ചേർത്തു. ബുള്ളറ്റ് ട്രെയിൻ പദ്ധതിക്കായി 383 കിലോമീറ്റർ പിയർ വർക്കുകളും 401 കിലോമീറ്റർ ഫൗണ്ടേഷനും 326 കിലോമീറ്റർ ഗർഡർ കാസ്റ്റിംഗും പൂർത്തിയാക്കിയതായി ഏജൻസി അറിയിച്ചു.
മുംബൈയെ അഹമ്മദാബാദുമായി ബന്ധിപ്പിക്കുന്ന ബുള്ളറ്റ് ട്രെയിൻ പദ്ധതിക്ക് 12 സ്റ്റേഷനുകളുണ്ടാകും, അതിൽ ഒമ്പതെണ്ണം ഗുജറാത്തിലും മൂന്നെണ്ണം മഹാരാഷ്ട്രയിലുമാണ്. മുംബൈയിലെ സ്റ്റേഷൻ ഭൂമിക്കടിയിലാണെങ്കിൽ, താനെ, വിരാർ, ബോയ്സർ, വാപ്പി, ബിലിമോറ, സൂറത്ത്, ഭറൂച്ച്, വഡോദര, ആനന്ദ്, അഹമ്മദാബാദ്, സബർമതി എന്നിവിടങ്ങളിലെ സ്റ്റേഷനുകൾ ഉയരത്തിലായിരിക്കും.
1.08 ലക്ഷം കോടി രൂപയാണ് മുംബൈ-അഹമ്മദാബാദ് ഹൈ-സ്പീഡ് റെയിൽ കോറിഡോർ പദ്ധതിയുടെ ആകെ ചെലവ് കണക്കാക്കുന്നത്. പദ്ധതിക്കായി കേന്ദ്രം എൻഎച്ച്എസ്ആർസിഎല്ലിന് 10,000 കോടി രൂപയും, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ രണ്ട് സംസ്ഥാനങ്ങൾ 5,000 കോടി രൂപ വീതവും നൽകും. ബുള്ളറ്റ് ട്രെയിൻ പദ്ധതി 2028 അവസാനത്തോടെ പൂർത്തിയാക്കാൻ കഴിയുമെന്ന് കഴിഞ്ഞ മാസം മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും പറഞ്ഞിരുന്നു.