
മുംബൈ: ക്യാബിൻ ക്രൂ അംഗത്തെ ഇടിയ്ക്കുകയും മുഖത്ത് തുപ്പകയും ചെയ്ത വിദേശിയായ വനിതാ വിമാന യാത്രക്കാരിയെ അറസ്റ്റ് ചെയ്തു. അബുദാബിയിൽ നിന്ന് മുംബൈയിലേക്കുള്ള വിസ്താര എയർലൈൻ വിമാനത്തിലാണ് സംഭവം. 45 കാരിയായ ഇറ്റാലിയൻ വനിതാ യാത്രക്കാരിയെ തിങ്കളാഴ്ച പുലർച്ചെ പൊലീസ് അറസ്റ്റ് ചെയ്തു. എയർലൈൻ ജീവനക്കാരുടെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. എക്കണോമി ക്ലാസിലായിരുന്നെങ്കിലും ബിസിനസ് ക്ലാസ് സീറ്റിൽ ഇരിക്കുന്നതിനെ ക്രൂ അംഗങ്ങൾ എതിർത്തതിനെ തുടർന്ന് മദ്യലഹരിയിലായിരുന്ന ഫ്‌ളയർ പൗള പെറൂച്ചിയോ പ്രശ്നമുണ്ടാക്കിയതായി അധികൃതർ പറഞ്ഞു.
തന്റെ വസ്ത്രങ്ങൾ അഴിച്ചുമാറ്റി വിമാനത്തിൽ നടക്കുകയും ചോദ്യം ചെയ്തതോടെ അസഭ്യം പറയുകയും ചെയ്തു. ക്യാപ്‌റ്റന്റെ നിർദ്ദേശപ്രകാരം ക്യാബിൻ ക്രൂ അംഗങ്ങൾ പെറൂച്ചിയോയെ കീഴടക്കി. വസ്ത്രം ധരിപ്പിച്ച് പുലർച്ചെ അഞ്ചിന് മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങുന്നതുവരെ പിൻവശത്തുള്ള സീറ്റിൽ കെട്ടിയിട്ടു. അന്ധേരി കോടതിയിൽ ഹാജരാക്കിയ ശേഷം പെറൂച്ചിയോയുടെ പാസ്‌പോർട്ട് പൊലീസ് പിടിച്ചെടുത്തു, കേസിൽ കുറ്റപത്രവും സമർപ്പിച്ചു. തുടർന്ന് യുവതിയെ ജാമ്യത്തിൽ വിട്ടു.
പെരുച്ചിയോയുടെ മെഡിക്കൽ പരിശോധനയുടെ പ്രാഥമിക റിപ്പോർട്ട് യാത്രയ്ക്കിടെ ഇവർ മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു. സംഭവത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്ന് സഹാർ പൊലീസ് സ്റ്റേഷനിലെ ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
വിസ്താരയുടെ ക്യാബിൻ ക്രൂ അംഗം എൽഎസ് ഖാന്റെ (24) പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. എക്കോണമി ടിക്കറ്റെടുത്ത ശേഷം ബിസിനസ് ക്ലാസിൽ ഇരിക്കരുതെന്ന് ഞാൻ അഭ്യർത്ഥിച്ചപ്പോൾ അവൾ എന്റെ മുഖത്ത് അടിച്ചു. മറ്റൊരു ക്യാബിൻ ക്രൂ അംഗം എന്നെ സഹായിക്കാൻ ഓടിയെത്തിയപ്പോൾ അവളുടെ മേൽ തുപ്പിയെന്നും പരാതിക്കാരൻ പറഞ്ഞു.
അതേസമയം, വിമാനത്തിലെ മോശം സർവീസിനെത്തുറിച്ച് പരാതി പറഞ്ഞപ്പോഴാണ് പ്രശ്നങ്ങൾ ഉണ്ടായതെന്ന് ഇവരുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. 25,000 രൂപ കെട്ടിവച്ചതിനെ തുടർന്നാണ് ജാമ്യം ലഭിച്ചത്. യുവതിയെ വാഷ്‌റൂമിലേക്ക് പോകാൻ അനുവദിച്ചില്ലെന്നും പൊലീസ് അവളുടെ പാസ്‌പോർട്ട് പിടിച്ചെടുത്തത് അനധികൃതമാണെന്നും ഇവർ കോടതിയിൽ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam