ഇത് മോദി സർക്കാരല്ല, അംബാനി - അദാനി സർക്കാർ; ശ്രദ്ധ തിരിക്കാൻ ഹിന്ദു-മുസ്ലിം വിദ്വേഷം പടർത്തുകയാണെന്നും രാഹുൽ

By Web TeamFirst Published Dec 25, 2022, 12:55 AM IST
Highlights

നരേന്ദ്രമോദി നോട്ട് നിരോധനം കൊണ്ടു വന്നു, ജിഎസ്ടി. നടപ്പിലാക്കി. ഇതൊന്നും രാഷ്ട്രീയമല്ല, ആയുധങ്ങളാണ്. ചെറുകിട ഇടത്തരം വ്യാപാരികളെ കൊല്ലാനുള്ള ആയുധങ്ങളാണ് ഇവയെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

ദില്ലി: കേന്ദ്രത്തിൽ ഭരണത്തിലുള്ളത് മോദി സർക്കാരല്ലെന്നും അംബാനി - അദാനി സർക്കാരാണെന്നും കോൺ​ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഭാരത് ജോഡോ യാത്ര  ചെങ്കോട്ടയിൽ എത്തിയപ്പോൾ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുൽ.

"ഇത് നരേന്ദ്ര മോദിയുടെ സർക്കാരല്ല, അംബാനിയുടെയും അദാനിയുടെയും സർക്കാരാണ്. യഥാർത്ഥ പ്രശ്‌നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ രാജ്യത്ത് ഹിന്ദു-മുസ്ലിം വിദ്വേഷം പടർത്തുകയാണ്. രാഹുൽ പറഞ്ഞു. "ചുറ്റും നോക്കൂ, ഒരു ജൈന മന്ദിരവും ഗുരുദ്വാരയും ക്ഷേത്രവും മസ്ജിദും ഉണ്ട്. ഇതാണ് ഇന്ത്യ അദ്ദേഹം കൂട്ടിച്ചേർത്തു. 

കർഷകർക്കും ചെറുകിട വ്യാപാരികൾക്കും നേരെ ബാങ്കുകൾ അവരുടെ വാതിലുകൾ കൊട്ടിയടച്ചിരിക്കുകയാണ്. രാജ്യത്തെ ചില ശതകോടീശ്വന്മാർക്ക് ലക്ഷം കോടികളാണ് ബാങ്കുകൾ നൽകുന്നത്. എന്നാൽ ചെറുകിടവ്യാപാരികളും കർഷകരും ചെല്ലുമ്പോൾ അവരെ ദാക്ഷിണ്യമില്ലാതെ തള്ളിപ്പുറത്താക്കുന്നു. നരേന്ദ്രമോദി നോട്ട് നിരോധനം കൊണ്ടു വന്നു, ജിഎസ്ടി. നടപ്പിലാക്കി. ഇതൊന്നും രാഷ്ട്രീയമല്ല, ആയുധങ്ങളാണ്. ചെറുകിട ഇടത്തരം വ്യാപാരികളെ കൊല്ലാനുള്ള ആയുധങ്ങളാണ് ഇവയെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

ഭാരത് ജോഡോ യാത്രയുടെ ദില്ലി പര്യടനം പൂർത്തിയായി. ഹരിയാന അതിർത്തിയായ ബദർപൂരിൽ നിന്ന് ചെങ്കോട്ട വരെ 23 കിലോമീറ്റർ ദൂരമാണ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടന്നത്. സോണിയാ ഗാന്ധിയും, പ്രിയങ്ക ഗാന്ധിയും യാത്രയുടെ ഭാഗമായി. മക്കൾ നീതം മയ്യം നേതാവും നടനുമായ കമൽ ഹാസനും യാത്രയിൽ ചേർന്നു. രാഷ്ട്രീയ സഖ്യ ചർച്ചകളുടെ ഭാഗമല്ല തൻ്റെ പ്രാതിനിധ്യമെന്നും സാധാരണ പൗരനായാണ് യാത്രയിൽ പങ്കെടുത്തതെന്നും കമൽ ഹാസൻ വ്യക്തമാക്കി. കേന്ദ്രസർക്കാർ നിർദ്ദേശം അവഗണിച്ച് മാസ്കില്ലാതെയാണ് രാഹുൽ ഗാന്ധിയടക്കമുള്ള നേതാക്കൾ യാത്ര നടത്തിയത്. മാസ്ക് നിരോധിച്ച് ഉത്തരവിറക്കിയെങ്കിൽ അനുസരിക്കാമെന്നാണ് നേതൃത്വത്തിൻ്റെ നിലപാട്. ദില്ലി പര്യടനം പൂർത്തിയാക്കിയ ഭാരത് ജോഡോ യാത്ര 9 ദിവസത്തെ ഇടവേളക്ക് ശേഷം ജനുവരി 3ന് വീണ്ടും തുടങ്ങും.

Read Also: മതപരിവർത്തനം നടന്നെന്നാരോപണം; ക്രിസ്മസ് ആഘോഷങ്ങൾക്കിടെ ആൾക്കൂട്ട ആക്രമണം

click me!