
ദില്ലി: ജയ് ശ്രീറാം വിളി പോര്‍വിളിയായെന്ന് പരാതിയുമായി 49 പ്രമുഖര്‍. ചലച്ചിത്ര, സാമൂഹിക പ്രവര്‍ത്തകരാണ് ജയ് ശ്രീറാം വിളിയുടെ പേരില്‍ രാജ്യത്ത് നടക്കുന്ന ആള്‍ക്കൂട്ട അക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കിയത്. അടൂര്‍ ഗോപാലകൃഷ്ണന്‍ അടക്കം വിവിധ മേഖലകളില്‍ നിന്നുള്ള പ്രമുഖരാണ് ആവശ്യം ഉയര്‍ത്തിയിരിക്കുന്നത്.
രാജ്യത്ത് മുസ്‌ലിംകള്‍ക്കും ദലിത് വിഭാഗത്തില്‍പ്പെട്ടവര്‍ക്കും മറ്റ് ന്യൂനപക്ഷങ്ങള്‍ക്കുമെതിരായ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ ഉടന്‍ അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി ഇടപെടണമെന്നാണ് കത്തില്‍ ആവശ്യപ്പെടുന്നത്. ചലച്ചിത്രപ്രവര്‍ത്തകരായ മണിരത്നം, രേവതി, അനുരാഗ് കശ്യപ്, അപര്‍ണ സെന്‍, ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ അടക്കമുള്ളവരാണ് ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കെതിരെ ഇന്നലെ പ്രധാനമന്ത്രിക്ക് കത്തെഴുതിയിരിക്കുന്നത്.
2016ല്‍ മാത്രം ദലിതര്‍ക്കെതിരെ എണ്ണൂറിലധികം ആക്രമണങ്ങളുണ്ടായെന്നാണ് ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കുകള്‍. എന്നാല്‍ ഈ കേസുകളില്‍ ശിക്ഷിക്കപ്പെട്ടവരുടെ എണ്ണം കുറവാണ്. ആള്‍ക്കൂട്ട ആക്രമണങ്ങളെ വിമര്‍ശിച്ച് പാര്‍ലമെന്‍റില്‍ പ്രസ്താവന നടത്തിയതുകൊണ്ടുമാത്രം മതിയാവില്ലെന്നും കത്ത് ആവശ്യപ്പെടുന്നു. രാമന്‍ ഭൂരിപക്ഷ സമുദായങ്ങള്‍ക്ക് പവിത്രമായ ഒന്നാണ്. രാമനെ അപകീര്‍ത്തിപ്പെടുത്തുന്നത് അവസാനിപ്പിക്കണം.
സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരെ ദേശവിരുദ്ധരായി ചിത്രീകരിക്കുന്നത് ശരിയല്ല. വിയോജിപ്പുകളില്ലെങ്കില്‍ ജനാധിപത്യമില്ലെന്നും ചലച്ചിത്ര. സാംസ്കാരിക പ്രവര്‍ത്തകര്‍ ഓര്‍മിപ്പിക്കുന്നു. എന്നാല്‍ കത്തിനെതിരെ രൂക്ഷമായാണ് ബിജെപി നേതാക്കള്‍ പ്രതികരിക്കുന്നത്. താനായിരുന്നു പ്രധാനമന്ത്രിയെങ്കില്‍ കത്ത് ചവറ്റുകൊട്ടയില്‍ ഏറിഞ്ഞേനെയെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു. രാജ്യാന്തര ശ്രദ്ധനേടാനുള്ള നീക്കം മാത്രമാണ് കത്തിന് പിന്നിലുള്ളതെന്ന് സുബ്രഹ്മണ്യന്‍ സ്വാമി കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam