നിര്‍ദേശം ലഭിച്ചാല്‍ 24 മണിക്കൂറിനകം സര്‍ക്കാരിനെ വീഴ്ത്തുമെന്ന് മധ്യപ്രദേശിലെ പ്രതിപക്ഷ നേതാവ്; തിരിച്ചടിച്ച് മുഖ്യമന്ത്രി

By Web TeamFirst Published Jul 24, 2019, 6:20 PM IST
Highlights

ഞങ്ങളുടെ ഒന്നാമനോ രണ്ടാമനോ ഉത്തരവിട്ടാല്‍ 24 മണിക്കൂറിനപ്പുറം കമല്‍നാഥ് സര്‍ക്കാരിന് നിലനില്‍പില്ലെന്നാണ് ഗോപാല്‍ഭാര്‍ഗയുടെ പക്ഷം

ഭോപ്പാല്‍: രാഷ്ട്രീയ നീക്കങ്ങള്‍ക്കൊടുവില്‍ കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരിനെ വീഴ്ത്തിയതിന് പിന്നാലെ മധ്യപ്രദേശ് സര്‍ക്കാരിനും ബിജെപിയുടെ ഭീഷണി. മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ മറിച്ചിടാനുള്ള ശേഷി സംസ്ഥാന നേതൃത്വത്തിനുണ്ടെന്ന അവകാശവാദവുമായി പ്രതിപക്ഷ നേതാവ് തന്നെയാണ് രംഗത്തെത്തിയിരിക്കുന്നത്.

മുകളില്‍ നിന്ന് നിര്‍ദ്ദേശം കിട്ടിയാല്‍ 24 മണിക്കൂറിനകം സര്‍ക്കാരിനെ താഴെ വീഴ്ത്തുമെന്ന് പ്രതിപക്ഷ നേതാവ് ഗോപാല്‍ ഭാര്‍ഗവ വെല്ലുവിളിച്ചു. ഓപ്പറേഷന്‍ താമര മധ്യപ്രദേശിനെയും ഉന്നമിടിന്നുവെന്നാണ് ഗോപാല്‍ഭാര്‍ഗവയുടെ വാക്കുകള്‍ വ്യക്തമാക്കുന്നത്. ഞങ്ങളുടെ ഒന്നാമനോ രണ്ടാമനോ ഉത്തരവിട്ടാല്‍ 24 മണിക്കൂറിനപ്പുറം കമല്‍നാഥ് സര്‍ക്കാരിന് നിലനില്‍പില്ലെന്നാണ് ഗോപാല്‍ഭാര്‍ഗയുടെ പക്ഷം.

എന്നാല്‍ ശക്തമായി തിരിച്ചടിച്ച് മുഖ്യമന്ത്രി കമല്‍നാഥും രംഗത്തെത്തി. ബിജെപിയുടെ സ്ഥിരം പല്ലവിയാണ് ഇത്തരം പ്രയോഗങ്ങളെന്ന് കമല്‍നാഥ് തിരിച്ചടിച്ചു. നിയമസഭയില്‍ ഇന്ന് നടന്ന വോട്ടെടുപ്പില്‍ രണ്ട് ബി ജെ പി എംഎല്‍എമാരുടെ പിന്തുണ സര്‍ക്കാരിനായിരുന്നുവെന്നും കമല്‍നാഥ് അവകാശപ്പെട്ടു.

അതേ സമയം കോണ്‍ഗ്രസിന് ഒറ്റക്ക് ഭൂരിപക്ഷമില്ലാത്ത മധ്യപ്രദേശില്‍ കമല്‍നാഥ് സര്‍ക്കാര്‍ സുരക്ഷിതമാണെന്ന് പറയാനാകില്ല. 230 അംഗ നിയമസഭയില്‍ 114 സീറ്റുള്ള കോണ്‍ഗ്രസ്, നാല് സ്വതന്ത്രരുടെയും, രണ്ട് ബി എസ് പി അംഗങ്ങളുടെയും ഒരു എസ് പി അംഗത്തിന്‍റെയും പിന്തുണയോടെയാണ് ഭരിക്കുന്നത്. ബിജെപിക്കാകട്ടെ 109 അംഗങ്ങളുമുണ്ട്. അതിനാല്‍ തന്നെ കര്‍ണാടകയില്‍ വിജയിച്ച തന്ത്രങ്ങളുമായി മധ്യപ്രദേശിലേക്കും ഓപ്പറേഷന്‍ താമര എത്തിയേക്കും.

click me!