കൊവിഡ് 19: ബം​ഗാളിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തടവുകാർ സംഭാവന നൽകി

By Web TeamFirst Published Apr 2, 2020, 9:15 AM IST
Highlights

ജയിലിൽ ചെയ്യുന്ന ജോലിയെ ആശ്രയിച്ച് പ്രതികൾക്ക് 60 മുതൽ 80 രൂപ വരെ പ്രതിദിനം ലഭിക്കും. ജയിൽ കാന്റീനിൽ നിന്ന് ഭക്ഷണം, വസ്ത്രം, സോപ്പുകൾ തുടങ്ങിയ ദൈനംദിന വസ്തുക്കൾ അവർക്ക് വാങ്ങാം. 


കൊൽക്കത്ത: കൊറോണ വൈറസ് വ്യാപനത്തിനെതിരെയുള്ള പോരാട്ടത്തിൽ പങ്കാളികളായി പശ്ചിമബം​ഗാളിലെ തടവുകാരും. സംസ്ഥാനത്തെ ദുരിതാശ്വാസ നിധിയിലേക്ക് 42000 രൂപയാണ് ഇവർ സംഭാവന നൽകിയിരിക്കുന്നത്. ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന അഞ്ചുപേർ ചേർന്നാണ് ഈ തുക സമാഹരിച്ചിരിക്കുന്നതെന്ന് സംസ്ഥാന ജയിൽ വകുപ്പിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ വ്യക്തമാക്കി. തടവുകാരുടെ കാന്റീനിൽ നിന്ന് 24,500 രൂപ സംഭാവനയായി ലഭിച്ചു. ജയിലിൽ നിന്നുള്ള മൊത്തം സംഭാവന 60,000 ത്തിലധികം ആണെന്ന് ജയിൽ അധികൃതർ പറഞ്ഞു. 

“സംസ്ഥാനത്ത് ഇതാദ്യമായാണ് ഇത്തരമൊരു നീക്കം. ഒരുപക്ഷേ ജയിൽ തടവുകാർ അവരുടെ വരുമാനം രോഗത്തിനെതിരെ പോരാടുന്നതിനായി സംഭാവന ചെയ്യുന്നത് രാജ്യത്ത് ആദ്യത്തെ സംഭവമായിരിക്കും,” ജയിൽ ഉദ്യോഗസ്ഥർ പറഞ്ഞു. ജയിലിൽ ചെയ്യുന്ന ജോലിയെ ആശ്രയിച്ച് പ്രതികൾക്ക് 60 മുതൽ 80 രൂപ വരെ പ്രതിദിനം ലഭിക്കും. ജയിൽ കാന്റീനിൽ നിന്ന് ഭക്ഷണം, വസ്ത്രം, സോപ്പുകൾ തുടങ്ങിയ ദൈനംദിന വസ്തുക്കൾ അവർക്ക് വാങ്ങാം. ലാഭത്തിന്റെ 50% തടവുകാരുടെ ക്ഷേമത്തിനായി ജയിൽ കാന്റീൻ ചെലവഴിക്കുന്നു.

കൊറോണ വൈറസ് വ്യാപനത്തെ ചെറുക്കാൻ ചൊവ്വാഴ്ച പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധി, സംസ്ഥാന അടിയന്തര ദുരിതാശ്വാസ നിധി എന്നിവയ്ക്ക് 5 ലക്ഷം രൂപ വീതം സംഭാവന നൽകി. കൊൽക്കത്തയിലെ പ്രീമിയർ ക്ലബ്ബുകളും പാർലമെന്റ് അംഗങ്ങൾ ഉൾപ്പെടെ ചില പ്രമുഖ പൗരന്മാരും സംസ്ഥാന അടിയന്തര ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയിട്ടുണ്ട്.

click me!