ജാമിയയിലെ പൊലീസ് ആക്രമണത്തില്‍ കാഴ്ച നഷ്ടപ്പെട്ട വിദ്യാര്‍ത്ഥിക്ക് മികച്ച ഗവേഷണ പ്രബന്ധത്തിനുള്ള പുരസ്കാരം

By Web TeamFirst Published Feb 22, 2020, 8:21 AM IST
Highlights

. ചില മിനുക്കു പണികൾ നടത്താൻ മിൻഹാജുദ്ദീൻ വൈകീട്ട് ലൈബ്രറിയിലെത്തി. വായിച്ചുകൊണ്ടിരിക്കെ ലൈബ്രറിയിലേക്ക് ഇരച്ചെത്തിയ പൊലീസുകാർ വിദ്യാർത്ഥികൾക്ക് നേരെ ലാത്തി വീശി.

ദില്ലി: ജാമിയ മില്ലിയയിലെ പൊലീസ് അതിക്രമത്തില്‍ കാഴ്ച്ച നഷ്ടപ്പെട്ട വിദ്യാർത്ഥിക്ക് മികച്ച ഗവേഷണ പ്രബന്ധത്തിനുള്ള പുരസ്കാരം. ഈ പ്രബന്ധം
തയ്യാറാക്കുന്നതിനായി ലൈബ്രറിയിൽ ഇരിക്കുമ്പോഴാണ് മുഹമ്മദ് മിൻഹാജുദ്ദീന് മർദ്ദനമേറ്റത്. പൊലീസ് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളിൽ നിന്ന് ഒരു കണ്ണിന്റെ വെളിച്ചത്തിൽ തന്നെ തിരയുകയാണ് മിൻഹാജുദ്ദീൻ.

ജാമിയ സർവ്വകലാശാലയുടെ നൂറാം വാർഷിക ആഘോഷത്തിന്റെ ഭാഗമായ അക്കാദമിക് സമ്മേളനത്തിൽ അവതിരിപ്പിക്കാൻ ഗവേഷണ പ്രബന്ധം സമർപ്പിക്കേണ്ട അവസാന തീയ്യതിയായിരുന്നു ഡിസംബർ പതിനഞ്ച്. ചില മിനുക്കു പണികൾ നടത്താൻ മിൻഹാജുദ്ദീൻ വൈകീട്ട് ലൈബ്രറിയിലെത്തി. വായിച്ചുകൊണ്ടിരിക്കെ ലൈബ്രറിയിലേക്ക് ഇരച്ചെത്തിയ പൊലീസുകാർ വിദ്യാർത്ഥികൾക്ക് നേരെ ലാത്തി വീശി.

"

എയിംസിലെ തീവ്രപരിചരണ വിഭാഗത്തില്‍ ദിവസങ്ങളോളം ചികിത്സയിലായിരുന്നു. ഇടത് കണ്ണിന്റെ കാഴ്ച്ച പൂർണ്ണമായും നഷ്ടപ്പെട്ടിട്ടും തളർന്നില്ല. വലത് കണ്ണ് തുറന്ന് പിടിച്ച് വായിച്ചു. ബുധനാഴ്ച്ച നടന്ന അക്കാദമിക് സമ്മേളനത്തിൽ മാനവവിഭവ ശേഷി വിഭാഗത്തിൽ ഏറ്റവും മികച്ച പ്രബന്ധത്തിനുള്ള അവാർഡ്  വാങ്ങുമ്പോൾ ഇരുൾ വീണ കണ്ണിലും പ്രകാശം നിറ‍ഞ്ഞിരുന്നു. ക്യാമ്പസിൽ നടന്ന പ്രതിഷേധങ്ങളിലൊന്നും പങ്കെടുക്കാത്ത തന്നെ പൊലീസ്
അക്രമിച്ചത് എന്തിനെന്ന് ഇപ്പോഴും അറിയില്ല .പൊലീസിനെതിരെ പരാതി നൽകിയെങ്കിലും കേസെടുത്തിട്ടില്ല. പഠനം പൂർത്തിയാക്കി ദില്ലിയിൽ തന്നെ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്- നിയമ വിദ്യാർത്ഥിയായ മിൻഹാജുദ്ദീൻ പറയുന്നു. 

click me!