ജമ്മു വിമാനത്താവള സ്ഫോടനം; ആർഡിഎക്സ് ഉപയോ​ഗിച്ചെന്ന് സംശയം; അയച്ചത് ഇന്ത്യയിൽ നിന്നാണോയെന്നും അന്വേഷണം

By Web TeamFirst Published Jun 28, 2021, 6:12 AM IST
Highlights

രണ്ടു കിലോ വീതം സ്ഫോടകവസ്തു ഡ്രോണുകൾ വർഷിച്ചു എന്നാണ് നി​ഗമനം. നൂറു മീറ്റർ മാത്രം ഉയരത്തിൽ നിന്നാണ് സ്ഫോടകവസ്തു ഇട്ടത്. ഇത് ഇന്ത്യയിൽ നിന്ന് തന്നെ അയച്ചതാണോ എന്നും പരിശോധിക്കുന്നുണ്ട്.

ദില്ലി: ജമ്മു വിമാനത്താവള സ്ഫോടനത്തിൽ ആർഡിഎക്സ് ഉപയോഗിച്ചെന്ന് സംശയം. രണ്ടു കിലോ വീതം സ്ഫോടകവസ്തു ഡ്രോണുകൾ വർഷിച്ചു എന്നാണ് നി​ഗമനം. നൂറു മീറ്റർ മാത്രം ഉയരത്തിൽ നിന്നാണ് സ്ഫോടകവസ്തു ഇട്ടത്. ഇത് ഇന്ത്യയിൽ നിന്ന് തന്നെ അയച്ചതാണോ എന്നും പരിശോധിക്കുന്നുണ്ട്. അന്വേഷണം ഇന്ന് ഔദ്യോഗികമായി എൻഐഎക്ക് കൈമാറിയേക്കും.

ജമ്മു വിമാനത്താവളത്തിലെ വ്യോമസേന മേഖലയിൽ ഇന്നലൊണ്  ഭീകരാക്രമണം ഉണ്ടായത്. പുലർച്ചെ നടന്ന ഇരട്ട സ്ഫോടനത്തിൽ രണ്ടു പേർക്ക് പരിക്കേറ്റു. വ്യോമസേനയുടെ ഒരു കെട്ടിടം തകർന്നു. ഡ്രോൺ ഉപയോഗിച്ചുള്ള സ്ഫോടനമെന്ന് ജമ്മുകശ്മീർ ഡിജിപി ദിൽബാഗ് സിംഗ് അറിയിച്ചു. ജമ്മുവിൽ തിരക്കുള്ള സ്ഥലങ്ങളിൽ സ്ഫോടനം നടത്താനുള്ള മറ്റൊരു നീക്കം ജമ്മുകശ്മീർ പൊലീസ് തകർത്തു.  

 ഇന്നലെ പുലർച്ചെ 1.35നായിരുന്നു ആദ്യ സ്ഫോടനം. അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ രണ്ടാമത്തെ സ്ഫോടനം ഉണ്ടായി. വിമാനത്താവളത്തിലെ വ്യോമസേന നിയന്ത്രണത്തിലുള്ള ടെക്നിക്കൽ ഏര്യയിലെ ഒരു കെട്ടിടത്തിലാണ് ആദ്യം സ്ഫോടകവസ്തു വന്നു വീണത്. കെട്ടിടത്തിൻറെ മേൽക്കൂര തകർന്നു. മറ്റൊരു സ്ഫോടനം നടന്നത് അടുത്തുള്ള തുറസ്സായ സ്ഥലത്ത്. സ്ഫോടനത്തിൽ അടുത്തുള്ള വീടുകളും വിറച്ചതായി നാട്ടുകാർ പറഞ്ഞു. ഡ്രോൺ ഉപയോഗിച്ച് സ്ഫോടകവസ്തുക്കൾ വർഷിച്ചു എന്ന് ജമ്മുകശ്മീർ ഡിജിപി ദിൽബാഗ് സിംഗ് സ്ഥിരീകരിച്ചു. വ്യോമസേനയുടെ പട്രോളിംഗ് സംഘം ഡ്രോൺ കണ്ടു എന്നാണ് റിപ്പോർട്ടുകൾ. എൻഎസ്ജി ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി വിശദപരിശോധന നടത്തി. എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥൻറെ നേതൃത്വത്തിൽ എൻഐഎ സംഘവും അന്വേഷണം തുടങ്ങി. 

പാക് കേന്ദ്രീകൃത ഭീകരസംഘടനകൾക്ക് പങ്കാണ് സംശയിക്കുന്നത്. ജമ്മുകശ്മീർ പോലീസ് യുഎപിഎ പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തു. താവളത്തിലുണ്ടായിരുന്ന വ്യോസേന വിമാനങ്ങളാണോ ലക്ഷ്യമെന്ന് സംശയിക്കുന്നു. വലിയ പദ്ധതിക്കു മുന്നോടിയായുള്ള പരീക്ഷണവുമാകാം. രണ്ടു പേരെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തു.പ്രതിരോധമന്ത്രിയും ദേശീയസുരക്ഷ ഉപദേഷ്ടാവും സ്ഥിതി വിലയിരുത്തി. ഉന്നതതല അന്വേഷണം നടക്കുന്നതായി വ്യോമസേനയും അറിയിച്ചു. 

ജമ്മുവിനു പുറമെ പഠാൻകോട്ടിലും ശ്രീനഗറിലും അതീവ ജാഗ്രത പ്രഖ്യാപിച്ചു. ഡ്രോൺ ഉപയോഗിച്ച് സേന താവളത്തിൽ നടത്തുന്ന ആദ്യ സ്ഫോടനമാണ് ജമ്മുവിലേത്. ഇന്ത്യയുടെ തന്ത്രപ്രധാന വിമാനത്താവളത്തിലെ വ്യോമസേന മേഖലയിലെ ഈ സ്ഫോടനം സുരക്ഷ ഏജൻസികളെ ഞെട്ടിച്ചിരിക്കുകയാണ്. ജമ്മുകശ്മീരിലെ പാർട്ടികളെ വിളിച്ച് പ്രധാനമന്ത്രി ചർച്ച നടത്തിയതിന് പിന്നാലെയാണ് ഈ സംഭവം. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!