കാസർകോട്ടെ സ്ഥലപേരുകൾ മലയാളവൽക്കരിക്കരുത്; കേരള സർക്കാരിനോട് എച്ച് ഡി കുമാരസ്വാമി

By Web TeamFirst Published Jun 27, 2021, 8:26 PM IST
Highlights

കന്നഡ പേരുകൾ നിലനിർത്തണമെന്നാണ് കുമാരസ്വാമിയുടെ ആവശ്യം. കാസർകോടിന്റെ ഭാഷാ തനിമ നിലനിർത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ബം​ഗളൂരു: കാസർകോട് കർണാടക അതിർത്തിയിലെ ചില സ്ഥലങ്ങളുടെ പേരുകൾ മലയാളവൽക്കരിക്കാനുള്ള കേരള സർക്കാരിന്റെ ശ്രമത്തിനെതിരെ കർണാടക മുൻ മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച് ഡി കുമാരസ്വാമി രം​ഗത്ത്. കന്നഡ പേരുകൾ നിലനിർത്തണമെന്നാണ് കുമാരസ്വാമിയുടെ ആവശ്യം. കാസർകോടിന്റെ ഭാഷാ തനിമ നിലനിർത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കർണാടകയുമായി അടുത്ത ബന്ധം പുലർത്തുന്ന സ്ഥലമാണ് കാസർകോട്. കർണാടകയ്ക്കും കന്നഡി​ഗർക്കും കാസർകോട്ടെ ജനങ്ങളുമാി സാംസ്കാരികമായ ബന്ധമുണ്ട്. ഭാഷാപരമായ ഐക്യത്തിന്റെ പ്രതീകമാണ് കാസർകോട്. കന്നഡയും മലയാളവും സംസാരിക്കുന്ന ജനങ്ങളുടെ എണ്ണം കാസർകോട്ട് തുല്യമാണെങ്കിലും അവർ വളരെ ഐക്യത്തോടെയാണ് കഴിയുന്നത്. ഭാഷാപ്രശ്നത്തിന്റെ പേരിൽ അവർക്കിടയിൽ അഭിപ്രായവ്യത്യാസങ്ങളില്ല. വികാരങ്ങളെ രാഷ്ട്രീയനേട്ടത്തിനുപയോ​ഗിക്കുന്ന ഇക്കാലത്ത് ഈ ഐക്യം കാത്തുസൂക്ഷിക്കേണ്ടത് അനിവാര്യമാണ്. അവിടെ ജീവിക്കുന്ന കന്നഡി​ഗരുടെ പാരമ്പര്യം കാത്തുസൂക്ഷിക്കാൻ കർണാടകയ്ക്കും  കേരളത്തിനും തുല്യ ഉത്തരവാദിത്തമുണ്ടെന്നാണ് കരുതുന്നത്. അതുകൊണ്ടു തന്നെ സ്ഥലങ്ങളുടെ പേരുകൾ മലയാളവൽക്കരിക്കാനുള്ള നീക്കത്തിൽ‌ നിന്ന് പിന്മാറണമെന്ന് കേരള സർക്കാരിനോട് അഭ്യർത്ഥിക്കുന്നതായും കുമാരസ്വാമി ട്വീറ്റ് ചെയ്തു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!