
കശ്മീർ: ജമ്മു കശ്മീർ, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങൾ നിലവിൽ വന്നു. ഇതോടെ രാജ്യത്തെ സംസ്ഥാനങ്ങളുടെ എണ്ണം ഇരുപത്തിയെട്ടായി കുറഞ്ഞു. കേന്ദ്രഭരണ പ്രദേശങ്ങൾ ഒൻപതായി. 370 ആം അനുഛേദം എടുത്തു കളഞ്ഞ് മൂന്ന് മാസത്തിന് ശേഷമാണ് പ്രഖ്യാപനം. ജമ്മു കശ്മീരിൽ ഇപ്പോഴും നിയന്ത്രണങ്ങൾ തുടരുകയാണ്.
മുൻ കേന്ദ്ര സെക്രട്ടറി ഗിരീഷ് ചന്ദ്ര മുർമുവാണ് ജമ്മു കശ്മീർ ലഫ്റ്റനന്റ് ഗവർണർ. മുൻ പ്രതിരോധ സെക്രട്ടറി രാധാകൃഷ്ണ മാഥുറാണ് ലഡാക്ക് ലഫ്റ്റനന്റ് ഗവർണർ. കേന്ദ്രഭരണ പ്രദേശങ്ങളായതോടെ ജമ്മു കശ്മീരിലേയും ലഡാക്കിലേയും ക്രമസമാധാന ചുമതല കേന്ദ്രസർക്കാരിന് കീഴിലായി.
പാർലമെൻറ് പ്രമേയം പാസാക്കിയതിനു പിന്നാലെ ആഗ്സ്റ്റ് ഏഴിന് അർദ്ധരാത്രിയാണ് ജമ്മുകശ്മീരിൻറെ പ്രത്യേക പദവി റദ്ദാക്കുന്നതിനുള്ള വിജ്ഞാപനത്തിൽ രാഷ്ട്രപതി ഉത്തരവിൽ ഒപ്പു വച്ചത്. കശ്മീരിൻറെ പുരോഗതിക്കു വേണ്ടിയാണ് തീരുമാനം എന്നായിരുന്നു കേന്ദ്രത്തിന്റെ നിലപാട്. അസാധാരണ നീക്കത്തിലൂടെയായിരുന്നു കേന്ദ്ര സർക്കാരിന്റെ നടപടി.
നീക്കത്തിന് മുന്നോടിയായി കശ്മീരിലെ നേതാക്കൾ വീട്ടുതുറങ്കലിൽ അടക്കപ്പെട്ടു. പ്രദേശത്തെ വാർത്തവിനിമയ സംവിധാനങ്ങൾ വിച്ഛേദിക്കപ്പെട്ടു. വലിയ പ്രതിഷേധങ്ങൾ വിഭജനത്തിനെതിരെ ഉയർന്നു. ഇപ്പോഴും കശ്മീരിൽ പ്രതിഷേധങ്ങൾ തണുത്തിട്ടില്ല. ഒടുവിൽ മൂന്ന് മാസത്തിന് ശേഷം ആണ് ജമ്മു കശ്മീർ, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങൾ നിലവിൽ വന്നത്.
ജമ്മുകശ്മീർ അതിർത്തി പ്രദേശങ്ങളിൽ പാകിസ്ഥാന്റെ വെടിനിർത്തൽ കരാർ ലംഘനം തുടരുകയാണ്. പ്രദേശത്തെ സാധാരണക്കാരുടെ ജീവിതത്തെയാണ് അതിർത്തിയിലെ സംഘർഷങ്ങൾ ഏറെ ബാധിക്കുന്നത്. രാത്രിയും പകലുമില്ലാതെ പതിക്കുന്ന ഷെല്ലുകളും വെടിയൊച്ചയും കാരണം ഭയത്തോടെയാണ് പ്രദേശവാസികളുടെ ജീവിതം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam