ജമ്മു കശ്മീർ പ്രമേയം കീറിയെറിഞ്ഞു: ഹൈബിക്കും പ്രതാപനും ലോക്സഭാ സ്പീക്കറുടെ ശാസന

By Web TeamFirst Published Aug 6, 2019, 12:08 PM IST
Highlights

ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പരിശോധന നടത്തിയാണ് സ്പീക്കറുടെ നടപടി. ഇത്തരത്തിലുള്ള നടപടികൾ ആവർത്തിക്കരുതെന്ന് സ്പീക്കർ. 

ദില്ലി: ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി എടുത്തു കളയുന്ന പ്രമേയം കീറിയെറിഞ്ഞതിന് കേരളത്തിന്‍റെ രണ്ട് എംപിമാർക്ക് സ്പീക്കർ ഓം ബിർളയുടെ താക്കീത്. ഹൈബി ഈഡൻ, ടി എൻ പ്രതാപൻ എന്നിവരാണ് പ്രമേയം ഇന്നലെ കീറിയെറിഞ്ഞത്.

ദൃശ്യങ്ങൾ പരിശോധിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് എംപിമാരെ സ്പീക്കർ ശാസിച്ചത്. ചേംബറിൽ വിളിച്ചു വരുത്തിയാണ് ഇരുവർക്കും സ്പീക്കർ ഓം ബിർള ശക്തമായ താക്കീത് നൽകിയത്. ഇത്തരം നടപടികൾ മേലാൽ ആവർത്തിക്കരുതെന്നും സ്പീക്കർ ആവശ്യപ്പെട്ടിട്ടുണ്ട്. 

ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി എടുത്തുകളയുകയും, സംസ്ഥാനത്തെ വിഭജിക്കാനുമുള്ള പ്രമേയത്തിലും ബില്ലുകളിൻമേലും കൃത്യമായ നിലപാടില്ലാതെ നട്ടം തിരിയുകയാണ് കോൺഗ്രസ്. മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഇക്കാര്യത്തിൽ ഇതുവരെ ഒരക്ഷരം പോലും മിണ്ടിയിട്ടില്ല. ഇന്നലെ ലോക്സഭയിൽ രാഹുൽ ഉണ്ടായിരുന്നെന്നാണ് സൂചന. സോണിയാഗാന്ധിയും ഇതുവരെ ഔദ്യോഗികമായി ഒരു പ്രതികരണവും നടത്താൻ തയ്യാറായിട്ടില്ല. ബില്ലിൻമേൽ നിലപാട് തീരുമാനിക്കാൻ കോൺഗ്രസ് എംപിമാരുടെ യോഗം വിളിച്ചു. അതേസമയം, മുതിർന്ന പല നേതാക്കളും കേന്ദ്രസർക്കാരിനെ അനുകൂലിച്ച് രംഗത്തെത്തിയത് കോൺഗ്രസിന് തലവേദനയായി. 

കശ്മീർ സ്വദേശി കൂടിയായ ഗുലാംനബി ആസാദിനെ മുൻനിർത്തിയാണ് ഇന്നലെ കോൺഗ്രസ് പ്രതിരോധം നടത്തിയത്. ഗുലാം നബി ആസാദ്, ജനാധിപത്യത്തെ കൊലപ്പെടുത്തുകയാണ് ബില്ലുകളിലൂടെയും പ്രമേയത്തിലൂടെയും ചെയ്തതെന്ന് ഗുലാം നബി ആസാദ് ചൂണ്ടിക്കാട്ടി. ബില്ലവതരണത്തിനിടെ, കോൺഗ്രസ് അംഗങ്ങൾ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും, മുദ്രാവാക്യം വിളിക്കുകയും ചെയ്തിരുന്നു

click me!