ജമ്മുകശ്മീർ പിടിച്ച് ഇന്ത്യ സഖ്യം; മത്സരിച്ച 2 സീറ്റുകളിലും വിജയിച്ച് ഒമർ അബ്ദുള്ള, വീണ്ടും മുഖ്യമന്ത്രിയാകും

Published : Oct 08, 2024, 06:26 PM IST
ജമ്മുകശ്മീർ പിടിച്ച് ഇന്ത്യ സഖ്യം; മത്സരിച്ച 2 സീറ്റുകളിലും വിജയിച്ച് ഒമർ അബ്ദുള്ള, വീണ്ടും മുഖ്യമന്ത്രിയാകും

Synopsis

കശ്മീര്‍ മേഖലയിലെ 47 സീറ്റില്‍ ഭൂരിപക്ഷവും നാഷണല്‍ കോണ്‍ഫറന്‍സ് തൂത്ത് വാരി. മത്സരിച്ച 57ല്‍ 42 സീറ്റുകള്‍ നേടി നാഷണല്‍ കോണ്‍ഫറന്‍സ് തരംഗമായി. 32 സീറ്റുകള്‍ കോണ്‍ഗ്രസിന് നല്‍കിയെങ്കില്‍ 6 ഇടത്ത് മാത്രമാണ് വിജയിക്കാനായത്.

ദില്ലി: ജമ്മു കശ്മീരില്‍ ഒമര്‍ അബ്ദുള്ള മുഖ്യമന്ത്രിയാകും. ജമ്മുമേഖലയിലെ സീറ്റുകളില്‍ കൂടി വിജയിച്ചാണ് നാഷണല്‍ കോണ്‍ഫറന്‍സ് വ്യക്തമായ ആധിപത്യം നേടിയത്. ബിജെപിയും കോണ്‍ഗ്രസും നേരിട്ട് ഏറ്റുമുട്ടിയ ഹിന്ദു ഭൂരിപക്ഷ മേഖലകളില്‍ ബിജെപിക്ക് മുന്നേറ്റമുണ്ടാക്കാനായി. ജമാ അത്തെ ഇസ്ലാമിയും, എഞ്ചിനിയര്‍ റഷീദിന്‍റെ പാര്‍ട്ടിയും മത്സരത്തില്‍ തകര്‍ന്നടിഞ്ഞു.

രാജ്യം ഉറ്റുനോക്കിയ ജമ്മുകശ്മീര്‍ തെരഞ്ഞെടുപ്പില്‍ തൂക്ക് സഭക്ക് സാധ്യതയോ എന്ന ആകാംക്ഷക്കിടെയാണ് നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം അനായാസേന ജയിച്ചു കയറിയത്. നാഷണല്‍ കോണ്‍ഫറന്‍സ് നേടിയ തകര്‍പ്പന്‍ ജയത്തിന്‍റെ ക്രെഡിറ്റില്‍ കോണ്‍ഗ്രസിനും ആശ്വസിക്കാം. കശ്മീര്‍ മേഖലയിലെ 47 സീറ്റില്‍ ഭൂരിപക്ഷവും നാഷണല്‍ കോണ്‍ഫറന്‍സ് തൂത്ത് വാരി. കശ്മീര്‍ താഴ്വരയില്‍ ജനങ്ങള്‍ ഫറൂക്ക് അബ്ദുള്ളയുടെയും ഒമര്‍ അബ്ദുള്ളയുടെയും നേതൃത്വത്തോടാണ് വിശ്വാസം കാട്ടിയത്. മത്സരിച്ച 57ല്‍ 42 സീറ്റുകള്‍ നേടി നാഷണല്‍ കോണ്‍ഫറന്‍സ് തരംഗമായി മാറുകയായിരുന്നു. മത്സരിച്ച രണ്ട് സീറ്റുകളിലും ഒമര്‍ അബ്ദുള്ള വിജയിച്ചു. 

ഇന്ത്യ സഖ്യത്തില്‍ 32 സീറ്റുകള്‍ കോണ്‍ഗ്രസിന് നല്‍കിയെങ്കില്‍ വിജയിക്കാനായത് 6 ഇടത്ത് മാത്രമാണ്. വിഘടനവാദികള്‍ക്ക് ഏറെ സ്വാധീനമുള്ള വടക്കാന്‍ കശ്മീരിലും നാഷണല്‍ കോണ്‍ഫറന്‍സാണ് കൂടുതല്‍ സീറ്റുകള്‍ നേടിയത്. പത്ത് കൊല്ലം മുന്‍പ് ജമ്മുകശ്മീര്‍ ഭരിച്ചിരുന്ന പിഡിപി മൂന്ന് സീറ്റിലേക്ക് ചുരുങ്ങി. മുഫ്തി കുടുംബത്തിലെ ഇളമുറക്കാരിയും മെഹബൂബ മുഫ്തിയുടെ മകളുമായ ഇല്‍ത്തിജ മുഫ്തിയുടെ പരാജയവും വന്‍ തിരിച്ചടിയായി. ആരുടെയും സഹായം കൂടാതെ ഇന്ത്യസഖ്യത്തിന് സര്‍ക്കാര്‍ ഉണ്ടാക്കാമെന്ന് വന്നതോടെ ഒമര്‍ അബ്ദുള്ളയാകും നേതാവെന്ന് ഫറൂക്ക് അബ്ദുള്ള പ്രഖ്യാപിച്ചു.

ബിജെപി ഒരിക്കല്‍ കൂടി ജമ്മു മേഖലയില്‍ മാത്രം ഒതുങ്ങി. സംസ്ഥാന അധ്യക്ഷന്‍ രവീന്ദര്‍ റെയ്നയുടെ തോല്‍വിയും പാര്‍ട്ടിക്ക് ക്ഷീണമായി. ജമ്മുമേഖലയില്‍ നേട്ടമുണ്ടാക്കിയെങ്കിലും ചെറിയ പാര്‍ട്ടികളെ ഉപയോഗിച്ച് ഭരണത്തിലെത്താമെന്ന തന്ത്രം പക്ഷേ കശ്മീര്‍ താഴ്വരയില്‍ പാളി. ബാരാമുള്ളയിലെ എംപി എഞ്ചിനിയര്‍ റഷീദിന്‍റെ അവാമി ഇത്തിഹാദ് പാര്‍ട്ടിക്ക് ശക്തി കേന്ദ്രങ്ങള്‍ പോലും നഷ്ടമായി. പീപ്പിള്‍സ് കോണ്‍ഫറന്‍സിന്‍റെ സജാദ് ലോണിന് സ്വന്തം സീറ്റില്‍ മാത്രമാണ് ജയിക്കാനായത്. ജമാ അത്തെ ഇസ്ലാമിയുടെ പത്ത് സ്ഥാനാര്‍ത്ഥികളും തോറ്റു. കുല്‍ഗാമില്‍ ജമാ അത്തെ ഇസ്ലാമിയുടെ സ്ഥാനാര്‍ത്ഥിയെ തോല്‍പിച്ച് സിപിഎം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമി തുടര്‍ച്ചയായ അഞ്ചാം ജയം നേടി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബംഗ്ലാദേശിനോട് ആശങ്കയറിയിച്ച് ഇന്ത്യ, 'ചില ബം​ഗ്ലാദേശ് മാധ്യമങ്ങൾ നൽകുന്ന വാർത്ത അടിസ്ഥാനരഹിതം, സാഹചര്യം നിരീക്ഷിക്കുന്നു'
സ്ഥിരം കുറ്റവാളികൾക്ക് എളുപ്പത്തിൽ ജാമ്യം കിട്ടുന്ന സ്ഥിതി ഉണ്ടാവരുത് , ക്രിമനൽ പശ്ചാത്തലവും കുറ്റത്തിന്‍റെ തീവ്രതയും അവഗണിക്കരുതെന്ന് സുപ്രീംകോടതി