സൈനിക വേഷത്തിൽ തോക്കുമായി ഭീകരർ, ആദ്യം കരുതിയത് മോക് ഡ്രില്ലെന്ന്; പലരും വെടിയേറ്റ് വീണത് ബന്ധുക്കളുടെ മുന്നിൽ

Published : Apr 23, 2025, 08:23 AM IST
സൈനിക വേഷത്തിൽ തോക്കുമായി ഭീകരർ, ആദ്യം കരുതിയത് മോക് ഡ്രില്ലെന്ന്; പലരും വെടിയേറ്റ് വീണത് ബന്ധുക്കളുടെ മുന്നിൽ

Synopsis

ഇന്നലെ പഹൽഗാമിലെ ബൈസരൻ താഴ്വരയിൽ ഭീകരരെത്തിയപ്പോൾ പലരും കരുതിയത് അതൊരു മോക്ഡ്രില്ലാണെന്നായിരുന്നു. എന്നാൽ കണക്കുകൂട്ടലുകൾ തെറ്റിച്ച് തോക്കുകളിൽ നിന്ന് വെടിയുണ്ടകൾ ചീറിയെത്തിയതോടെ എങ്ങുമുയർന്നത് നിലവിളികൾ മാത്രം.

ദില്ലി: 2000ലും 2001ലും അമർനാഥ് തീർത്ഥാടകരെ ലക്ഷ്യം വച്ചശേഷം ജമ്മു കശ്മീരിൽ സാധാരണക്കാർക്ക് നേരെ ഭീകരർ ഇത്ര വലിയ ആക്രമണം നടത്തുന്നത് ആദ്യമാണ്. സൈനിക വേഷത്തിൽ തോക്കുകളുമായി ഭീകരർ എത്തിയപ്പോൾ പലരും കരുതിയത് മോക് ഡ്രില്ലാണെന്നായിരുന്നു.

അവധി ആഘോഷിക്കാനെത്തിയവർ, മിനി സ്വിറ്റ്സർലൻഡ് എന്നറിയപ്പെടുന്ന കശ്മീരിന്റെ ഭംഗി നുകരാനെത്തിയവർ, വിവാഹത്തിന്റെ പുതുമോടിയിലെത്തിയവർ, രാജ്യത്തെ നടുക്കിയ അപ്രതീക്ഷിത ആക്രമണത്തിന്റെ ഇരകൾ പല തുറകളിൽ നിന്നുള്ളവരാണ്. പല ദേശക്കാരാണ്. പല ഭാഷ സംസാരിക്കുന്നവരാണ്. ഇന്നലെ പഹൽഗാമിലെ ബൈസരൻ താഴ്വരയിൽ ഭീകരരെത്തിയപ്പോൾ പലരും കരുതിയത് അതൊരു മോക്ഡ്രില്ലാണെന്നായിരുന്നു. എന്നാൽ കണക്കുകൂട്ടലുകൾ തെറ്റിച്ച് തോക്കുകളിൽ നിന്ന് വെടിയുണ്ടകൾ ചീറിയെത്തിയതോടെ എങ്ങുമുയർന്നത് നിലവിളികൾ മാത്രം. ഭാര്യയെ നഷ്ടപ്പെട്ടവർ, ഭർത്താവിനെ നഷ്ടപ്പെട്ടവർ, മാതാപിതാക്കളെ നഷ്ടപ്പെട്ടവർ എന്നിങ്ങനെ അവർ വേർതിരിക്കപ്പെട്ടു. 

ലോകത്തിലെ മനോഹരമായ താഴ്വര നിമിഷങ്ങൾ കൊണ്ട് കുരുതിക്കളമായി മാറി. നിരവധി പേർ വെടിയേറ്റ് വീണു. അവരിലൊരാളായിരുന്നു ഭാര്യക്കും മകൾക്കും കൊച്ചുമക്കൾക്കുമൊപ്പം കശ്മീർ കാണാനെത്തിയ ഇടപ്പള്ളി സ്വദേശി രാമചന്ദ്രൻ. കൊച്ചിയിൽ ജോലി ചെയ്യുന്ന ഹരിയാന സ്വദേശിയായ നാവികസേനാ ഉദ്യോഗസ്ഥ‌ൻ വിനയ് നർവാളും ഭാര്യയും തെലങ്കാനയിൽ നിന്നുള്ള ഇന്റലിജൻസ് ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടവരിലുണ്ട്. വിനയ് നർവാളിന്റെ വിവാഹം കഴിഞ്ഞിട്ട് 6 ദിവസമേ ആയിരുന്നുള്ളൂ. ശിവമൊഗ്ഗയിൽ നിന്നെത്തിയ മഞ്ജുനാഥ റാവു വെടിയേറ്റ് വീണത് ഭാര്യയുടെ കൺമുന്നിലാണ്. കേരളത്തിൽ നിന്നുപോയ ഹൈക്കോടതി ജഡ്ജിമാരും എംഎൽഎമാരും കശ്മീരിൽ ഉണ്ടെയിരുന്നെങ്കിലും അവരെല്ലാം സുരക്ഷിതരാണ്.

Also Read: പഹൽഗാം ഭീകരാക്രണത്തിൽ വിറങ്ങലിച്ച് രാജ്യം; മരണം 28 ആയി, മലയാളിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ നടപടി തുടങ്ങി

ആക്രമണത്തിന് പിന്നാലെ രാജ്യം ഉണർന്നു. അമിത് ഷാ ശ്രീനഗറിലെത്തി. ഉന്നതതല സുരക്ഷായോഗം ചേർന്നു. പ്രധാനമന്ത്രി സൗദി സന്ദർശനം വെട്ടിച്ചുരുക്കി ഇന്ത്യയിലേക്ക് തിരിച്ചു. അപൂർവം എന്നുതന്നെ വിലയിരുത്താവുന്ന രീതിയിൽ സൈന്യത്തിന്റെ വാർത്താക്കുറിപ്പെത്തി. രാഷ്ട്രപതിയും പ്രതിപക്ഷ പാർട്ടികളും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ആക്രമണത്തെ തള്ളിപ്പറഞ്ഞു. ലോകനേതാക്കൾ ഇന്ത്യക്കൊപ്പമെന്ന് പ്രഖ്യാപിച്ചു. പിന്നാലെ ദില്ലിയിലും മുംബൈയിലും ഉൾപ്പെടെ സുരക്ഷ കടുപ്പിച്ചു. പഹൽഗാമിന്റെ മുക്കും മൂലയും സൈനിക ഉദ്യോഗസ്ഥ‌ർ അരിച്ചുപെറുക്കുകയാണ്. 

Also Read: സൗദി സന്ദർശനം വെട്ടിച്ചുരുക്കി മോദി തിരിച്ചെത്തി; വിമാനത്താവളത്തിൽ അടിയന്തര യോഗം, പഹൽഗാം സാഹചര്യം വിലയിരുത്തി

കശ്മീരിൽ സങ്കടത്തോടൊപ്പം ഭീകരർക്കെതിരായ പ്രതിഷേധവും ഉയരുകയാണ്. 2000ത്തിന് ശേഷം സാധാരണക്കാർക്ക് നേരെ പലവട്ടം കശ്മീരിൽ ആക്രമണം ഉണ്ടായിട്ടുണ്ടെങ്കിലും വിനോദസഞ്ചാരികളെ ലക്ഷ്യംവച്ച് ഇത്തരം ഒരു ആക്രമണം അടുത്തൊന്നും ഉണ്ടായിട്ടില്ല. ആക്രമണത്തിന്റെ രണ്ടാം നാൾ ലോകം വീക്ഷിക്കുന്നത് ഇന്ത്യയുടെ തുടർ നടപടികളാണ്. ആക്രമണത്തിന്റെ ഉത്തരവാദികളെ പിടികൂടാനുള്ള നടപടികൾ എന്തെല്ലാമാകും എന്നാണ് ലോകം വീക്ഷിക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

ദുബൈയിൽ നിന്ന് ഹൈദരാബാദിലെത്തിയ എമിറേറ്റ് വിമാനത്തിന് ബോംബ് ഭീഷണി; യാത്രക്കാരെ പുറത്തിറക്കി ബോംബ് സ്‌ക്വാഡിന്‍റെ പരിശോധന
കസ്റ്റംസിനെ പറ്റിച്ച് കോടികളുടെ കഞ്ചാവ് നഗരത്തിലേക്ക്, ന്യൂഇയർ ആഘോഷത്തിന് തിരികൊടുക്കാൻ അനുവദിക്കാതെ പൊലീസ്