
ശ്രീനഗർ: ജമ്മു കശ്മീർ അതിർത്തി മേഖലകൾ ഇന്നലെ രാത്രിയും ശാന്തമായിരുന്നു. പാക് പ്രകോപനം ഉണ്ടായില്ല. ജമ്മുവിൽ ഇന്ന് ഭാഗികമായി സ്കൂളുകൾ തുറക്കും. മാതാ വൈഷ്ണോ ദേവി ക്ഷേത്രത്തിലേക്കുള്ള ഹെലികോപ്ടർ സർവീസ് പുനരാരംഭിച്ചു. വിമാന സർവീസുകൾ പുനരാരംഭിക്കുമെന്ന് ഇൻഡിഗോ അറിയിച്ചു. ഭീകര സംഘങ്ങളെ കണ്ടെത്താൻ ജമ്മു കാശ്മീരിന്‍റെ വിവിധയിടങ്ങളിൽ സൈന്യത്തിന്‍റെ പരിശോധന തുടരുകയാണ്. ജമ്മുവിൽ ഇന്ന് ബിജെപി തിരംഗ യാത്ര സംഘടിപ്പിക്കും.
ജമ്മു, സാംബ, കത്വ, രജൗരി, പൂഞ്ച് ജില്ലകളിലെ വിവിധ ഭാഗങ്ങളിലുള്ള സ്‌കൂളുകള്‍ ഇന്ന് തുറക്കും. അതിര്‍ത്തിയില്‍ പാക് ഷെല്ലാക്രമണവും വ്യോമാക്രമണവും കടുത്തതോടെ ഈ സ്‌കൂളുകളെല്ലാം ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം അടഞ്ഞു കിടക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഉദ്ധംപൂരിൽ സ്കൂളുകൾ തുറന്നിരുന്നു.
അതേസമയം ജമ്മു കശ്മീരിലെ അവന്തിപോരയിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ നടക്കുകയാണ്. സൈന്യവും പൊലീസും സംയുക്ത ഓപ്പറേഷൻ നടത്തുകയാണ്. ഭീകരരെ സൈന്യം വളഞ്ഞു.
ജമ്മു കശ്‌മീരിലെ പഹല്‍ഗാമില്‍ ഏപ്രില്‍ 22ന് 26 വിനോദസഞ്ചാരികളുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് ഇന്ത്യ കനത്ത മറുപടിയാണ് നൽകിയത്. പാകിസ്ഥാനിലെയും പാക് അധീന കശ്‌മീരിലെയും 9 ഭീകരതാവളങ്ങള്‍ മെയ് ഏഴിന് പുലര്‍ച്ച 'ഓപ്പറേഷന്‍ സിന്ദൂര്‍' എന്ന സൈനിക നീക്കത്തിലൂടെ ഇന്ത്യ തകര്‍ത്തു. ഒട്ടേറെ ഭീകരരെ ഇന്ത്യന്‍ സൈന്യം വധിച്ചു. ഇതിന് ശേഷം കനത്ത ഡ്രോണ്‍, ഷെല്‍ ആക്രമണമാണ് അതിര്‍ത്തിയിലും വിവിധ ഇന്ത്യന്‍ നഗരങ്ങളിലേക്കും ജനവാസ മേഖലയിലേക്കും പാക് സൈന്യം നടത്തിയത്. ഇന്ത്യ ആക്രമണം പ്രതിരോധിച്ചു. ഇതിന് പിന്നാലെയാണ് ഇരു രാജ്യങ്ങളും തമ്മില്‍ വെടിനിര്‍ത്തലിന് ധാരണയായത്.
ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യ വ്യക്തമായ ആധിപത്യം നേടിയെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. പാകിസ്ഥാൻറെ നിരവധി വ്യോമതാവളങ്ങൾ ഇന്ത്യയ്ക്ക് തകർക്കാനായെന്നാണ് റിപ്പോർട്ട്. ഉപഗ്രഹ ചിത്രങ്ങൾ നൽകികൊണ്ടാണ് റിപ്പോർട്ട്. പാകിസ്ഥാൻറെ അവകാശവാദങ്ങൾക്ക് തെളിവില്ലെന്നും ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.
പാകിസ്ഥാന്‍റെ സൈനിക സൗകര്യങ്ങളും വ്യോമതാവളങ്ങളും ലക്ഷ്യമിടുന്നതിലാണ് ഇന്ത്യക്ക് വ്യക്തമായ മുൻതൂക്കം ലഭിച്ചതെന്നാണ് ന്യൂയോർക്ക് ടൈംസ് പറയുന്നത്. പാകിസ്ഥാൻ തുറമുഖ നഗരമായ കറാച്ചിയിൽ നിന്ന് 100 മൈലിൽ താഴെ മാത്രം അകലെ സ്ഥിതി ചെയ്യുന്ന ബൊളാരി വ്യോമതാവളത്തിലടക്കം ഇന്ത്യയുടെ ആക്രമണം കൃത്യമായി ലക്ഷ്യം കണ്ടിട്ടുണ്ട്. ഇന്ത്യയുടെ ആക്രമണത്തിൽ വ്യക്തമായ കേടുപാടുകൾ ഇവിടെയടക്കം സംഭവിച്ചതായി ഉപഗ്രഹ ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണെന്നും ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടിൽ പറയുന്നുണ്ട്.