ഗുവാഹത്തിയിലെ ഇന്ത്യ-ജപ്പാന്‍ ഉച്ചകോടിയില്‍ അനിശ്ചിതത്വം; ജപ്പാന്‍ പ്രധാനമന്ത്രി സന്ദര്‍ശനം മാറ്റിയേക്കും

By Web TeamFirst Published Dec 13, 2019, 10:07 AM IST
Highlights

കര്‍ഫ്യൂ പ്രഖ്യാപിച്ച അസമിലെ ഗുവാഹത്തിയിലും ദിബ്രുഗഡിലുമാണ് ഒരുമണിവരെ ഇവളവ് പ്രഖ്യാപിച്ചിട്ടുള്ളത്. 

ദില്ലി: പൗരത്വ ഭേദഗതി ബില്ലിനെതിരെ അസമില്‍ പ്രതിഷേധം കനക്കുന്ന സാഹചര്യത്തില്‍ ഗുവാഹത്തിയില്‍ ഞായറാഴ്‍ച നടക്കേണ്ട ഇന്ത്യ-ജപ്പാന്‍ ഉച്ചകോടിയില്‍ അനിശ്ചിതത്വം. ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേ സന്ദര്‍ശനം മാറ്റുമെന്നാണ് സൂചന. അസമിലെ രണ്ടിടങ്ങളില്‍ കര്‍ഫ്യൂവില്‍ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും റദ്ദാക്കിയ അസമിലേക്കുള്ള നിരവധി വിമാന,ട്രെയിൻ സർവ്വീസുകൾ ഇതുവരെ പുനഃസ്ഥാപിച്ചിട്ടില്ല. അസമിലെയും ത്രിപുരയിലെയും എല്ലാ പാസഞ്ചർ ട്രെയിനുകളും റദ്ദാക്കിയിരിക്കുകയാണ്. 

കര്‍ഫ്യൂ പ്രഖ്യാപിച്ച അസമിലെ ഗുവാഹത്തിയിലും ദിബ്രുഗഡിലുമാണ് ഒരുമണിവരെ ഇവളവ് പ്രഖ്യാപിച്ചിട്ടുള്ളത്. രാവിലെ എട്ട് മണിമുതല്‍ ഉച്ചയ്ക്ക് ഒരുമണിവരെയാണ് ഇളവ്. പ്രതിഷേധങ്ങള്‍ കുറഞ്ഞതോടെയാണ് ഇവിടങ്ങളില്‍ ഇളവ് പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ സ്ഥിതിഗതികള്‍ നിരീക്ഷിച്ച് നടപടികള്‍ സ്വീകരിക്കുമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. അസമിൽ ഇന്നലെ കർഫ്യു ലംഘിച്ച് ആയിരങ്ങൾ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. രാത്രി അസം ഹാൻഡ്ലൂം വകുപ്പ് മന്ത്രി രഞ്ജിത് ദത്തയുടെ വീടിന് നേരെയും ആക്രമണം നടന്നു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പലയിടത്തും പ്രതിഷേധം തുടരുകയാണ്. അസമിലും മേഘാലയിലും ത്രിപുരയിലും അതിശക്തമായ പ്രതിഷേധങ്ങളാണ് ഇന്നലെ നടന്നത്. 

അസമിൽ  പ്രതിഷേധത്തിനിടെ പോലീസ് വെടിവെപ്പില്‍ മൂന്നു പേർ ഇന്നലെ മരിച്ചെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്‍തിരുന്നു. സ്ഥിതിഗതികള്‍ രൂക്ഷമായതോടെ അസമിന്‍റെ അവകാശങ്ങൾ സംരക്ഷിക്കുമെന്നും പ്രതിപക്ഷം കള്ളപ്രചരണം നടത്തുന്നുവെന്നുമായിരുന്നു ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. പ്രധാന സേവകനെ വിശ്വസിക്കാൻ അസമിലെ ജനത തയ്യാറാകണമെന്നും മോദി ഇന്നലെ ആവശ്യപ്പെട്ടിരുന്നു. പ്രതിഷേധം തടയുന്നതിലെ വീഴ്ച ചൂണ്ടിക്കാട്ടി അസമിലെ രണ്ട് മുതിർന്ന പോലീസ് ഉദ്യോഗസ്ഥരെ മാറ്റിയിട്ടുമുണ്ട്. 

click me!