'നിർഭയകേസ് പ്രതികളെ തൂക്കിലേറ്റാൻ തയ്യാര്‍' ; തിഹാര്‍ ജയിലിലേക്ക് മലയാളിയുടെ കത്ത്

By Web TeamFirst Published Dec 13, 2019, 8:29 AM IST
Highlights

ലണ്ടനില്‍ നിന്നും അമേരിക്കയില്‍ നിന്നും പ്രതികളെ തൂക്കിലേറ്റാന്‍ തയ്യാറെന്ന് കാണിച്ച് കത്തുകള്‍ ജയിലിലേക്ക് വന്നിട്ടുണ്ട്. അഭിഭാഷകകര്‍, ചാര്‍ട്ടേഡ് അക്കൗണ്ടന്‍റുമാര്‍ തുടങ്ങിയവരാണ് സന്നദ്ധത അറിയിച്ച് കത്തയച്ചവരില്‍ കൂടുതലും. 

ദില്ലി: നിര്‍ഭയകേസ് പ്രതികളെ തൂക്കിലേറ്റാന്‍ തിഹാര്‍ ജയില്‍ അധികൃതര്‍ക്ക് ഏറ്റവും വലിയ വെല്ലുവിളി ആരാച്ചാരെ കിട്ടിനില്ലത്തതാണ് എന്ന് വാര്‍ത്ത വന്നിരുന്നു. ഇതിന് പിന്നലെ നിരവധിപ്പേരാണ് ഈ ജോലി സ്വീകരിക്കാം എന്ന് പറഞ്ഞ് തിഹാര്‍ ജയിലിലേക്ക് കത്ത് അയക്കുന്നത്. ഇതില്‍ മലയാളികളും ഉണ്ടെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. വിദേശത്ത് നിന്നുവരെ പ്രതികളെ തൂക്കിലേറ്റാന്‍ തയ്യാറാണെന്ന് പറഞ്ഞ് കത്തുകള്‍ ലഭിക്കുന്നുണ്ട്. 
മുംബൈ, ഡല്‍ഹി, ഗുരുഗ്രാം, കേരളം, തമിഴ്‌നാട്, ഛത്തീസ്ഗഢ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ആരാച്ചാരാകാന്‍ തയ്യാറെന്ന് കാണിച്ച് കത്തയച്ചിരിക്കുന്നത്. 

ലണ്ടനില്‍ നിന്നും അമേരിക്കയില്‍ നിന്നും പ്രതികളെ തൂക്കിലേറ്റാന്‍ തയ്യാറെന്ന് കാണിച്ച് കത്തുകള്‍ ജയിലിലേക്ക് വന്നിട്ടുണ്ട്. അഭിഭാഷകകര്‍, ചാര്‍ട്ടേഡ് അക്കൗണ്ടന്‍റുമാര്‍ തുടങ്ങിയവരാണ് സന്നദ്ധത അറിയിച്ച് കത്തയച്ചവരില്‍ കൂടുതലും. ഇതിനിടെ ഡിസംബര്‍ 16ന് പ്രതികളെ തൂക്കിലേറ്റിയേക്കുമെന്ന വാര്‍ത്തയും പുറത്ത് വരുന്നുണ്ട്.

ശിക്ഷയില്‍ നിന്നും ഇളവ് ലഭിക്കാന്‍ നിയമം അനുശാസിക്കുന്ന എല്ലാവിധ മാര്‍ഗങ്ങളും പ്രതികള്‍ക്ക് നല്‍കി. ഈ സാഹചര്യത്തില്‍ പ്രതികളുടെ ശിക്ഷ ഈ മാസം തന്നെ നടപ്പാക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മുകേഷ് സിങ്, വിനയ് ശര്‍മ, അക്ഷയ്, പവന്‍ ഗുപ്ത എന്നീ പ്രതികള്‍ ഏഴ് വര്‍ഷമായി നിര്‍ഭയയെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ ജയിലില്‍ കഴിയുകയാണ്. നാല് പ്രതികളുടെയും വധശിക്ഷ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് തിഹാര്‍ ജയില്‍ സൂപ്രണ്ട് കത്ത് കൈമാറിയെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.

അതേസമയം പ്രതികളിലൊരാളായ അക്ഷയ് കുമാര്‍ സിങ് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി ഈ മാസം 17ന് പരിഗണിക്കുമെന്ന റിപ്പോര്‍ട്ടും പുറത്ത് വരുന്നുണ്ട്. അങ്ങനെയെങ്കില്‍ വധശിക്ഷ ഡിസംബര്‍ 17ന് മുന്‍പ് ഉണ്ടാകില്ല. നിര്‍ഭയ കേസില്‍ ആറ് പ്രതികളാണ് ഉണ്ടായിരുന്നത്. വിചാരണയ്ക്കിടെ രാം സിങ് ജയിലില്‍ വച്ച് ആത്മഹത്യ ചെയ്തു. പ്രായ പൂര്‍ത്തിയാകാത്തയാള്‍ 2015ല്‍ ജയില്‍ മോചിതനായി. 2012 ഡിസംബര്‍ 16നാണ് ഓടുന്ന ബസില്‍ വച്ച് നിര്‍ഭയ കൂട്ടബലാത്സംഗത്തിന് ഇരയായത്.

click me!