ജവഹർലാൽ നെഹ്റു സ്റ്റേഡിയം കൊവിഡ് 19 ബാധിതർക്കുള്ള ക്വാറന്റൈൻ കേന്ദ്രമാക്കാൻ തീരുമാനം

By Web TeamFirst Published Mar 31, 2020, 8:32 AM IST
Highlights

സായിയുടെ കീഴിലുള്ള സൗകര്യങ്ങൾ കൊറോണയെ നേരിടാനുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്കായി പരമാവധി ഉപയോഗപ്പെടുത്തുമെന്ന് കേന്ദ്ര കായിക മന്ത്രാലയം നേരത്തെ തന്നെ അറിയിച്ചിരുന്നു.

ദില്ലി: ദില്ലിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം കൊറോണ വൈറസ് ബാധിതർക്കുള്ള നിരീക്ഷണ കേന്ദ്രമാക്കി മാറ്റാന്‌ തീരുമാനം. ഇതിനായി സ്റ്റേഡിയം സർക്കാരിന്റെ കൈമാറുന്നതായി സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ(സായി)അറിയിച്ചു. ആവശ്യമെങ്കിൽ സ്റ്റേഡിയം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മജിസ്‌ട്രേറ്റ് നിർദ്ദേശിച്ചിരുന്നു.

സായിയുടെ കീഴിലുള്ള സൗകര്യങ്ങൾ കൊറോണയെ നേരിടാനുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്കായി പരമാവധി ഉപയോഗപ്പെടുത്തുമെന്ന് കേന്ദ്ര കായിക മന്ത്രാലയം നേരത്തെ തന്നെ അറിയിച്ചിരുന്നു. ഇതിനുള്ള സാധ്യതകൾ പരിശോധിച്ചു വരികയാണെന്ന് മാർച്ച് 22ന് മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് നെഹ്‌റു സ്റ്റേഡിയം വിട്ടുനൽകുന്നതായി സായി അറിയിച്ചിരിക്കുന്നത്.

അതേസമയം, ഇന്ത്യ ഇതുവരെ സമൂഹ വ്യാപന ഘട്ടത്തിലേക്ക് കടന്നിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇതുവരെ 1,200ലധികം പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. 36 പേർ കൊവിഡ് 18 ബാധ മൂലം മരിച്ചു. കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ  ഭാ​ഗമായി രാജ്യത്ത് 21 ദിവസത്തെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. 

click me!