
പാറ്റന : ബിഹാർ മുൻ എം എൽ എയും ജെഡിയു സ്ഥാനാർത്ഥിയുമായ അനന്ത് സിംഗ് അറസ്റ്റിൽ. ഞായറാഴ്ച രാവിലെയാണ് മുൻ എം എൽ എയെ ജൻസുരാജ് പ്രവർത്തകൻ ദുലർ ചന്ദ് യാദവിന്റെ കൊലപാതക കേസിൽ അറസ്റ്റ് ചെയ്തത്. മൊകാമ സീറ്റിലെ ജെഡിയു സ്ഥാനാർത്ഥിയാണ് അനന്ദ് സിംഗ്. വീട്ടിൽ നിന്നാണ് പറ്റ്ന പൊലീസ് ജെഡിയു സ്ഥാനാർത്ഥിയെ അറസ്റ്റ് ചെയ്തത്. അനന്ദ് സിംഗിൻറെ രണ്ടു സഹായികളെയും പൊലീസ് അറസ്റ്റു ചെയ്തു. മൊകാമയിൽ ചൊവ്വാഴ്ചയാണ് പ്രചാരണം തീരുന്നത്.
രാഷ്ട്രീയ ജനതാദൾ മുൻ നേതാവാണ് കൊല്ലപ്പെട്ട യാദവ്. നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രശാന്ത് കിഷോറിൻ്റെ ജൻസുരാജ് പാർട്ടി ടിക്കറ്റിൽ മത്സരിക്കുന്ന തൻ്റെ അനന്തരവൻ പ്രിയദർശി പീയൂഷിന് വേണ്ടി വ്യാഴാഴ്ച മോകാമയിൽ പ്രചാരണം നടത്തുന്നതിനിടെയാണ് കൊല്ലപ്പെട്ടത്.
നിലവിലെ എം.എൽ.എ നീലം ദേവിയുടെ ഭർത്താവും മോകാമയിലെ ജെ.ഡി(യു) സ്ഥാനാർത്ഥിയുമായ സിംഗിനെ, സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്ന മറ്റ് രണ്ട് പേരായ മണികാന്ത് താക്കൂർ, രഞ്ജീത് റാം എന്നിവർക്കൊപ്പമാണ് വീട്ടിൽ നിന്നും അറസ്റ്റ് ചെയ്തത്. ദുലാർ ചന്ദ് യാദവിൻ്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അനന്ത് സിംഗ്, മണികാന്ത് താക്കൂർ, രഞ്ജീത് റാം എന്നീ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തതായി പൊലീസ് സ്ഥിരീകരിച്ചു.
എന്നാൽ തനിക്ക് പങ്കില്ലെന്നും ദുലാർ ചന്ദ് യാദവ് തൻ്റെ അനുയായികളുമായി വാക്ക് തർക്കമുണ്ടായ സ്ഥലത്ത് നിന്ന് താൻ വളരെ ദൂരെയായിരുന്നുവെന്ന് വ്യാഴാഴ്ച മാധ്യമപ്രവർത്തകരോട് സംസാരിക്കവെ സിംഗ് പറഞ്ഞു. എന്താണ് സംഭവിച്ചതെന്ന് എനിക്കറിയില്ല, പക്ഷെ യാദവിൻ്റെ ഗുണ്ടകൾ തങ്ങളുടെ വാഹനങ്ങൾ തകർത്തതായി എൻ്റെ ചില ആളുകൾ പരാതിപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.