
ബെംഗളൂരു: കർണാടകയിലെ ബെല്ലാരിയിൽ സംശയ രോഗിയായ ഭർത്താവ് ഭാര്യയെയും ഭാര്യാപിതാവിനെയും വെട്ടിക്കൊന്നു. നാഗലക്ഷ്മി, അച്ഛൻ ശ്രീനിവാസ് എന്നിവരാണ് മരിച്ചത്. സംഭവത്തിൽ തേജ, അച്ഛൻ ഗുരുശങ്കർ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ബെല്ലാരി ഗുഗ്ഗാരഹട്ടിയിലാണ് 24 കാരിയായ യുവതിയും പിതാവും ദാരുണമായി കൊല്ലപ്പെട്ടത്.
നാഗലക്ഷ്മിയും ഭർത്താവ് തേജയും തമ്മിൽ തർക്കങ്ങൾ ഉണ്ടായിരുന്നു. കുടുംബവഴക്ക് രൂക്ഷമായതോടെ നാഗലക്ഷ്മി സ്വന്തം വീട്ടിലേക്ക് പോരുകയായിരുന്നു. ഇവിടേക്ക് ഒത്തുതീർപ്പ് ചർച്ചകൾക്കായി എത്തിയ ശേഷമാണ് തേജയും അച്ഛൻ ഗുരുശങ്കറും നാഗലക്ഷ്മിയെയും പിതാവിനെയും ക്രൂരമായി കൊലപ്പെടുത്തിയത്. കൈവശം കരുതിയിരുന്ന കത്തിയെടുത്ത് ഇരുവരെയും ആക്രമിക്കുകയായിരുന്നു രണ്ടുപേരും. നിലവിളികേട്ടെത്തിയ നാട്ടുകാരാണ് പൊലീസിനെ വിവരം അറിയിച്ചത്. പൊലീസ് എത്തിയപ്പോഴേക്കും ഗുരുതരമായി പരിക്കേറ്റ് രക്തം വാർന്ന് ഇരുവരും മരിച്ചു. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് കൈമാറുമെന്ന് പൊലീസ് അറിയിച്ചു.
തേജക്ക് ഭാര്യയെ സംശയം ഉണ്ടായിരുന്നുവെന്നും അതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് വ്യക്തമാക്കി. വസ്ത്രങ്ങൾ അലക്കി കൊടുക്കുന്ന ജോലിയായിരുന്നു തേജയ്ക്ക്. സംഭവത്തിൽ ബെല്ലാരി എപിഎംസി (APMC) പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam