ഫോൺ വിളിയിൽ പ്രധാനമന്ത്രി നടത്തിയത് വെറും 'മൻ കി ബാത്' എന്ന് ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ

By Web TeamFirst Published May 7, 2021, 1:50 PM IST
Highlights

പ്രധാനമന്ത്രി എന്തെങ്കിലും  'കാം കി ബാത്തും' (ഉപകാരമുള്ള കാര്യം) കൂടി പറഞ്ഞിരുന്നെങ്കിൽ എത്ര നന്നായിരുന്നേനെ എന്നും സോറൻ ട്വീറ്റ് ചെയ്തു. 

സംസ്ഥാനത്തെ കൊവിഡ് സാഹചര്യം തിരക്കാൻ വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ടെലിഫോൺ സംഭാഷണത്തിൽ തന്നോട് അദ്ദേഹം പറഞ്ഞത് വെറും 'മൻകി ബാത്' മാത്രമായിരുന്നു എന്ന് ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ. അതോടൊപ്പം പ്രധാനമന്ത്രി എന്തെങ്കിലും  'കാം കി ബാത്തും' (ഉപകാരമുള്ള കാര്യം) കൂടി പറഞ്ഞിരുന്നെങ്കിൽ എത്ര നന്നായിരുന്നേനെ എന്നും സോറൻ ട്വീറ്റ് ചെയ്തു. 

 

आज आदरणीय प्रधानमंत्री जी ने फोन किया। उन्होंने सिर्फ अपने मन की बात की। बेहतर होता यदि वो काम की बात करते और काम की बात सुनते।

— Hemant Soren (@HemantSorenJMM)

 

വ്യാഴാഴ്ച കൊവിഡ് രൂക്ഷമായ ആന്ധ്ര, ഒഡിഷ, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്കു, ഒപ്പം ഹേമന്ത് സോറനും പ്രധാനമന്ത്രിയുടെ കുശലാന്വേഷണം ഫോൺ വഴി എത്തിയത്. മോദിയുടെ സംഭാഷണം തികച്ചും ഏകപക്ഷീയമായിരുന്നു എന്നും, സംസ്ഥാനത്തെ കൊവിഡ് സാഹചര്യത്തെക്കുറിച്ചുള്ള സോറന്റെ പരിഭവങ്ങൾക്ക് പ്രധാനമന്ത്രി ചെവികൊടുത്തില്ല എന്നതുമായിരുന്നു അദ്ദേഹത്തിന്റെ പരാതി. 

രാജ്യത്ത് ഇന്നുള്ള ആക്റ്റീവ് കോവിഡ് കേസുകളുടെയും, പ്രതിദിന മരങ്ങളുടെയും 75 ശതമാനവും രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത് 10 സംസ്ഥാനങ്ങളിൽ നിന്നാണ്. അവയിൽ ഒന്നാണ് ഝാർഖണ്ഡും. വ്യാഴാഴ്ച മാത്രം സംസ്ഥാനത്ത് മരിച്ചിട്ടുള്ളത് 133 രോഗികളാണ്. അന്നുവരെയുള്ള മരണങ്ങളുടെ എണ്ണം 3,479 ആയിട്ടുണ്ട്. അന്നേദിവസം ഉണ്ടായ 6,974 പുതിയ കേസുകൾ സംസ്ഥാനത്തെ ആകെ കേസുകളുടെ എണ്ണം 2,70,089 ആക്കി വർധിപ്പിച്ചിട്ടുണ്ട്. 

ദേശീയ ശരാശരി കൊവിഡ് മരണനിരക്ക് 1.10 ശതമാനം ആയിരിക്കെ ഝാർഖണ്ഡിൽ അത് 1.28  ശതമാനമാണ്. കോവിഡ് കേസുകൾ അനുദിനം വർധിച്ചു വരുന്ന സാഹചര്യത്തിൽ യുദ്ധകാലാടിസ്ഥാനത്തിൽ ഓക്സിജൻ സൗകര്യമുള്ള ആശുപത്രികൾ പുതുതായി സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ് സംസ്ഥാനം. 


 

click me!