തമിഴ്നാട് മന്ത്രിസഭയിൽ സ്റ്റാലിനും ​ഗാന്ധിയും നെഹ്റുവും; 34 അം​ഗങ്ങളില്‍ 15 പുതുമുഖങ്ങളും 2 വനിതാമന്ത്രിമാരും

By Web TeamFirst Published May 7, 2021, 12:47 PM IST
Highlights

പത്ത് വർഷങ്ങൾക്ക് ശേഷം അണ്ണാ ഡിഎംകെ യെ ഭരണത്തിൽ നിന്ന് തൂത്തെറിഞ്ഞാണ് ദ്രാവിഡ രാഷ്ട്രീയത്തിൽ ഡിഎംകെ അധികാരം പിടിച്ചിരിക്കുന്നത്. 

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി എം കെ സ്റ്റാലിൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. 34 അം​ഗ മന്ത്രിസഭയിൽ 15 പുതുമുഖങ്ങളും രണ്ട് വനിതാ മന്ത്രിമാരുമുണ്ട്. പത്ത് വർഷങ്ങൾക്ക് ശേഷം അണ്ണാ ഡിഎംകെ യെ ഭരണത്തിൽ നിന്ന് തൂത്തെറിഞ്ഞാണ് ദ്രാവിഡ രാഷ്ട്രീയത്തിൽ ഡിഎംകെ അധികാരം പിടിച്ചിരിക്കുന്നത്. മറ്റൊരു അപൂർവ്വത കൂടിയുണ്ട് ഈ മന്ത്രിസഭയ്ക്ക്. സ്റ്റാലിനും ​ഗാന്ധിയും നെഹ്റുവും ഒന്നിച്ചിരിക്കുന്ന മന്ത്രിസഭ കൂടിയാണിത്.  മുനിസിപ്പൽ അഡ്മിനിസ്ട്രേഷൻ മന്ത്രിയായി മുതിർന്ന നേതാവ് കെ എൻ നെഹ്റു സത്യപ്രതിജ്ഞ ചെയ്തു. കഴിഞ്ഞ തവണ ഈ വകുപ്പ് കൈകാര്യം ചെയ്തിരുന്നത് സ്റ്റാലിനാണ്. കൈത്തറി, ടെക്സ്റ്റൈൽ വകുപ്പാണ് ആർ. ​ഗാന്ധിയെ ഏൽപിച്ചിരിക്കുന്നത്. 

മുൻ ഡി.എം.കെ സർക്കാരുകളിൽ മന്ത്രിയായും ഉപമുഖ്യമന്ത്രിയായും സ്റ്റാലിൻ പ്രവർത്തിച്ചിട്ടുണ്ട്. ഇന്നു സത്യപ്രതിജ്ഞ ചെയ്തവരിൽ 19 പേർ മന്ത്രിയായി മുൻ പരിചയമുള്ളവരാണ്. 15 പേർ പുതുമുഖങ്ങളും. 10 വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഡിഎംകെ അധികാരമേൽക്കുന്നത്.‌ തമിഴ്നാട് ഉപമുഖ്യമന്ത്രി,ചെന്നൈ കോര്‍പ്പറേഷന്‍ മേയര്‍, ഏഴ് തവണ എംഎല്‍എ എന്നീ അനുഭവസംമ്പത്തുമായാണ് സ്റ്റാലിന്‍ ദ്രാവിഡ രാഷ്ട്രീയത്തിന്‍റെ ചെങ്കോലേന്തുന്നത്. ഡിഎംകെയുടെ അധ്യക്ഷ സ്ഥാനത്തും സ്റ്റാലിന്‍ തുടരും. ഇതിനിടെ തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ കമല്‍ഹാസന്‍റെ മക്കള്‍ നീതി മയ്യം പാര്‍ട്ടിയില്‍ നിന്ന് കൂട്ട രാജി. പാര്‍ട്ടി ഉപാധ്യക്ഷന്‍ ആര്‍ മഹേന്ദ്രന്‍, പൊന്‍രാജ് അടക്കം മുതിര്‍ന്ന പത്ത് നേതാക്കള്‍ രാജി വച്ചു. കമലിന്‍റെ ഉപദേശകര്‍ പാര്‍ട്ടിയെ തകര്‍ക്കുകയാണെന്ന് ആരോപിച്ചാണ് രാജി.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

click me!