
ദില്ലി: ജാര്‍ഖണ്ഡില്‍ തബ്രിസ് അന്‍സാരി എന്ന യുവാവിനെ മോഷണക്കുറ്റം ആരോപിച്ച് ആള്‍ക്കൂട്ടം ആക്രമിച്ച് കൊന്നത് ഒറ്റപ്പെട്ട സംഭവമല്ല. 2019 ല്‍ ഇതുവരെ 11 ആള്‍ക്കൂട്ട ആക്രമണങ്ങള്‍ നടന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ആള്‍ക്കൂട്ടം നാല് പേരെ കൊലപ്പെടുത്തുകയും ആക്രമണങ്ങളില്‍ 22 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഏറ്റവും ഒടുവിലത്തെ ഇരയാണ് ജാര്‍ഖണ്ഡില്‍ കൊല്ലപ്പെട്ട തബ്രിസ് അന്‍സാരി. ഫാക്റ്റ്ചെക്കര്‍ ഡോട്ട് ഇന്‍ എന്ന വെബ്സൈറ്റാണ് വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.
കഴിഞ്ഞ 10 വര്‍ഷത്തിനിടെ 297 വിദ്വേഷ കുറ്റകൃത്യങ്ങളാണ് ഇന്ത്യയില്‍ നടന്നത്. ഇതില്‍ 98 പേര്‍ കൊല്ലപ്പെട്ടു. 722 പേര്‍ക്ക് പരിക്കേറ്റു. 2015 മുതല്‍ പശുക്കടത്തിന്‍റെയോ കശാപ്പിന്‍റെയോ പേരില്‍ 121 ആള്‍ക്കൂട്ട ആക്രമണങ്ങള്‍ ഉണ്ടായി. 2012 - 2014 കാലഘട്ടത്തില്‍ ഇത് ആറ് എണ്ണം മാത്രമായിരുന്നു.
ജൂണ്‍ 18നാണ് സുഹൃത്തുക്കളോടൊപ്പം വീട്ടിലേക്ക് പോകുകയായിരുന്ന തബ്രിസിനെ ബൈക്ക് മോഷ്ടിച്ചെന്നാരോപിച്ച് ഒരു സംഘം തടഞ്ഞുനിര്‍ത്തി ക്രൂരമായി മണിക്കൂറുകളോളം മര്‍ദിക്കുകയായിരുന്നു. മരത്തില്‍കെട്ടിയിട്ട തബ്രിസിനോട് ജയ് ശ്രീറാം, ജയ് ഹനുമാന്‍ എന്നു വിളിക്കാന്‍ ആള്‍ക്കൂട്ടം ആവശ്യപ്പെടുകയും ചെയ്തു. മര്‍ദ്ദനത്തെ തുടര്‍ന്ന് തബ്രീസ് അബോധാവസ്ഥയില്‍ ആയപ്പോളാണ് ആള്‍ക്കൂട്ടം യുവാവിനെ പൊലീസിന് കൈമാറിയത്.
പൊലീസ് കസ്റ്റഡിയിലിരിക്കെ ആശുപത്രിയിലെത്തിച്ച തബ്രിസ് നാല് ദിവസത്തിന് ശേഷം മരിച്ചു. കസ്റ്റഡിയിലുള്ള തബ്രിസിനെ ആശുപത്രിയിലെത്തിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും പൊലീസ് തയ്യാറായില്ലെന്ന് തബ്രിസിന്‍റെ ബന്ധുക്കള്‍ ആരോപിച്ചു. ആശുപത്രിയിലെത്തും മുമ്പേ തബ്രിസ് മരിച്ചിരുന്നതായും അവര്‍ പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധിച്ച് രാജ്യസഭയില്‍ കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് ബിജെപിക്കെതിരെ രംഗത്തെത്തിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam