
ദിയോഘർ: മകൻ്റെ ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ അമ്മായിഅമ്മയ്ക്ക് ജീവപര്യന്തം തടവുശിക്ഷ. ജാർഖണ്ഡിലെ ദിയോഘർ സ്വദേശി അനിത ദേവി(60)യെയാണ് കോടതി ശിക്ഷിച്ചത്. മരുമകളായ കവിതാ ദേവിയെ കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ. 2022 ഏപ്രിൽ 23 നായിരുന്നു കേസിനാസ്‌പദമായ സംഭവം. കേസിൽ കുറ്റക്കാരിയെന്ന് കണ്ടെത്തിയ അനിതാ ദേവിയോട് പതിനായിരം രൂപ പിഴയൊടുക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഈ തുക അടയ്ക്കാതിരുന്നാൽ രണ്ട് വർഷം കൂടി ശിക്ഷ അനുഭവിക്കണം.
ദിയോഘർ അഡീഷണൽ സെഷൻസ് കോടതി III ജഡ്‌ജ് രാജേന്ദ്ര കുമാർ സിൻഹയാണ് വിധിപ്രസ്താവം നടത്തിയത്. സർവാൻ പോലീസ് സ്റ്റേഷൻ്റെ പരിധിയിലാണ് മൂന്ന് വർഷം മുൻപ് സംഭവം നടന്നത്. അനിതയും മരുമകൾ കവിതയും തമ്മിൽ വഴക്ക് പതിവായിരുന്നു. സംഭവ ദിവസവും ഇരുവരും തമ്മിൽ വഴക്കുണ്ടായിരുന്നു. തുടർന്ന് കവിത അകത്ത് നിൽക്കെ വൈക്കോൽ കൊണ്ട് ഉണ്ടാക്കിയ വീടിന് അനിത തീയിടുകയായിരുന്നു. ഈ തീ അനിതയുടെ വസ്ത്രത്തിലേക്ക് പടർന്നു. നിലവിളിച്ച കവിതയെ രക്ഷിക്കാനെത്തിയവർ തീയണച്ചെങ്കിലും അപ്പോഴേക്കും അവർക്ക് ഗുരുതരമായി പൊള്ളലേറ്റിരുന്നു. മരിക്കുന്നതിന് മുൻപ് കവിത പൊലീസിന് നൽകിയ മരണമൊഴിയാണ് കേസിൽ നിർണായകമായത്. ഇക്കഴിഞ്ഞ മാർച്ച് 10 നാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്. കേസിൽ അതിവേഗം വിശദമായ വാദം കേട്ട കോടതി അനിത കുറ്റക്കാരിയെന്ന് കണ്ടെത്തി വിധി പ്രസ്താവിക്കുകയായിരുന്നു.