പൊലീസ് ഉദ്യോഗസ്ഥയെ അപമാനിച്ചെന്ന കേസിലും ജിഗ്നേഷ് മേവാനിക്ക് ജാമ്യം

Published : Apr 29, 2022, 03:55 PM IST
പൊലീസ് ഉദ്യോഗസ്ഥയെ അപമാനിച്ചെന്ന കേസിലും ജിഗ്നേഷ് മേവാനിക്ക് ജാമ്യം

Synopsis

അറസ്റ്റ് ചെയ്ത് കൊണ്ടുപോയതിനിടെ പൊലീസുദ്യോഗസ്ഥയെ അപമാനിച്ചുവെന്നാരോപിച്ചാണ് ജിഗ്നേഷ് മേവാനിക്കെതിരെ വീണ്ടും കേസെടുത്ത് അറസ്റ്റ് ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ട്വീറ്റിട്ടതിനാണ് അസം പൊലീസ് ഗുജറാത്തിലെത്തി മേവാനിയെ അറസ്റ്റ് ചെയ്തത്. 

ഗുവാഹത്തി: തുടർച്ചയായി രണ്ട് കേസുകളിൽ പെട്ട് അറസ്റ്റിലായ സ്വതന്ത്ര ദളിത് എംഎൽഎ ജിഗ്നേഷ് മേവാനിയ്ക്ക് രണ്ടാം കേസിൽ ജാമ്യം. പൊലീസ് ഉദ്യോഗസ്ഥയെ അപമാനിച്ചെന്ന കേസിലാണ് ഗുജറാത്തിലെ വദ്ഗാമിൽ നിന്നുള്ള സ്വതന്ത്ര എംഎൽഎയായ മേവാനിക്ക് ജാമ്യം ലഭിച്ചത്. 

അറസ്റ്റ് ചെയ്ത് കൊണ്ടുപോയതിനിടെ പൊലീസുദ്യോഗസ്ഥയെ അപമാനിച്ചുവെന്നാരോപിച്ചാണ് ജിഗ്നേഷ് മേവാനിക്കെതിരെ വീണ്ടും കേസെടുത്ത് അറസ്റ്റ് ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ട്വീറ്റിട്ടതിനാണ് അസം പൊലീസ് ഗുജറാത്തിലെത്തി മേവാനിയെ അറസ്റ്റ് ചെയ്തത്. 

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ വരുന്ന അതേ ദിവസമായിരുന്നു മേവാനി അറസ്റ്റിലായത്. അസമിലെ ഗുവാഹത്തിയിൽ റജിസ്റ്റർ ചെയ്ത കേസിൽ അസം പൊലീസ് ഗുജറാത്തിലെത്തിയാണ് മേവാനിയെ അറസ്റ്റ് ചെയ്തത്. പാലൻപൂർ സർക്യൂട്ട് ഹൗസിൽ വച്ച് അറസ്റ്റിലായ മേവാനിയെ പിന്നീട് അഹമ്മദാബാദിലേക്കും അവിടെ നിന്ന് ഗുവാഹത്തിയിലേക്കും കൊണ്ടുപോയിരുന്നു. 

തന്നെ അറസ്റ്റ് ചെയ്തത് മോദിയുടെ പ്രതികാരരാഷ്ട്രീയത്തിന്‍റെ തെളിവാണെന്ന് നേരത്തേ മേവാനി പ്രതികരിച്ചിരുന്നു. അസമിലെ കൊക്രഝാറിൽ നിന്നുള്ള പ്രാദേശിക ബിജെപി നേതാവ് അരൂപ് കുമാർ ഡേ നൽകിയ പരാതിയിലാണ് നേരത്തേ മേവാനിയെ അറസ്റ്റ് ചെയ്തത്. ക്രിമിനൽ ഗൂഢാലോചന, ആരാധനാലയത്തെച്ചൊല്ലി പ്രകോപനപരമായ പ്രസ്താവനകൾ നടത്തി, മതവികാരം വ്രണപ്പെടുത്തി എന്നീ കുറ്റങ്ങൾ ചുമത്തിയാണ് നേരത്തേ അറസ്റ്റ് രേഖപ്പെടുത്തിയത്. 

2021 സെപ്റ്റംബറിൽ ജിഗ്നേഷ് മേവാനി കോൺഗ്രസിന് തന്‍റെ തുറന്ന പിന്തുണ പ്രഖ്യാപിച്ചിരുന്നു. മോദി ഭരണകൂടത്തെ ശക്തമായി വിമർശിച്ചിരുന്ന മേവാനി, ദളിത് അധികാർ മഞ്ച് എന്ന പേരിലുള്ള രാഷ്ട്രീയപാർട്ടിയുടെ കൺവീനർ കൂടിയാണ്. മേവാനിയുടെ ചില ട്വീറ്റുകൾ ഈയിടെ, കൂട്ടത്തോടെ റിപ്പോർട്ട് ചെയ്യപ്പെട്ടതിനാൽ ബ്ലോക്ക് ചെയ്യപ്പെട്ടിരുന്നു. 

ഗുജറാത്തിലെ വദ്ഗാം മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ് മേവാനി. മാധ്യമപ്രവർത്തകനായിരുന്ന മേവാനി, പിന്നീട് അഭിഭാഷകവൃത്തിയിലേക്കും അവിടെ നിന്ന് രാഷ്ട്രീയത്തിലേക്കും തിരിഞ്ഞു. സ്വതന്ത്ര എംഎൽഎയാണെങ്കിലും പിന്നീട് മേവാനി കോൺഗ്രസിന് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. 

കഴിഞ്ഞ സെപ്റ്റംബറിൽ കോൺഗ്രസ് എംപി രാഹുൽ ഗാന്ധിക്കൊപ്പം നടത്തിയ വാർത്താസമ്മേളനത്തിൽ ജെഎൻയുവിലെ വിദ്യാർത്ഥിനേതാവായിരുന്ന കനയ്യ കുമാർ കോൺഗ്രസിൽ ചേരുമെന്ന് പ്രഖ്യാപിച്ചു. ഇതേ വാർത്താസമ്മേളനത്തിൽ തന്നെ ഔദ്യോഗികമായി പാർട്ടിയിൽ ചേർന്നില്ലെങ്കിലും മേവാനി കോൺഗ്രസിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ഓപ്പറേഷൻ സിന്ദൂറിന്റെ ആദ്യ ദിവസം ഇന്ത്യൻ സൈന്യം പരാജയപ്പെട്ടു'; വിവാദ പ്രസ്താവനയുമായി കോൺ​ഗ്രസ് നേതാവ്, മാപ്പ് പറയില്ലെന്ന് വിശദീകരണം
യാത്രക്കാർക്ക് വലിയ ആശ്വാസം തന്നെ, സുപ്രധാന മാറ്റവുമായി ഇന്ത്യൻ റെയിൽവേ; ആദ്യ റിസർവേഷൻ ചാർട്ട് സമയത്തിൽ മാറ്റം