
ദില്ലി: മാവോയിസ്റ്റുകളും ജിഹാദികളും വിഘടനവാദികളും സമരത്തില്‍ ഭാഗമായതായത് ആശങ്കപ്പെടുത്തുന്നതായി കേന്ദ്രമന്ത്രി നിര്‍മ്മലാ സീതാരാമന്‍. ദില്ലി ജാമിയ മില്ലിയ ഇസ്ലാമിയ യൂണിവേഴ്സിറ്റിയില്‍ ഇന്നലെയുണ്ടായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം. 'ജാമിയയിൽ ഇന്നലെ രാത്രി എന്താണ് സംഭവിച്ചതെന്ന് അറിയില്ല. മാവോയിസ്റ്റുകളും ജിഹാദികളും വിഘടനവാദികളും സമരത്തിന്റെ ഭാഗമായതിൽ ആശങ്കയുണ്ട്'. പൗരത്വഭേദഗതിയിലെ പ്രതിഷേധക്കാരുടെ കണ്ണീർ ഒപ്പാനുള്ള കോൺഗ്രസിന്റെ ഭാവം നിരാശ കൊണ്ടാണെന്നും നിർമ്മല സീതാരാമൻ കൂട്ടിച്ചേര്‍ത്തു.
ജാമിയ മിലിയ സർവ്വകലാശാലയ്ക്കുമുന്നിലെ അക്രമത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തെ പ്രതികരിച്ചിരുന്നു. പൗരത്വ നിയമഭേഗതി ഒരു മതത്തെയും ബാധിക്കില്ലെന്നും, നിയമം ഒരു ഇന്ത്യാക്കാരനും എതിരല്ലെന്നുമായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.
ഇന്നലെയാണ് ദില്ലി ജാമിയ മിലിയ സർവ്വകലാശാലയിലെ വിദ്യാർത്ഥികൾ നടത്തിയ പ്രതിഷേധം വലിയ അക്രമണത്തിലേക്ക് വഴിമാറിയത്. വിദ്യാര്‍ത്ഥികള്‍ക്കടയിലേക്ക് ചിലര്‍ നുഴഞ്ഞുകയറിയെന്നും ഇവര്‍ അക്രമം അഴിച്ചുവിടുകയായിരുന്നുവെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. ആക്രമണങ്ങളില്‍ പത്തോളം വാഹനങ്ങൾ അഗ്നിക്കിരയാക്കി. അനുമതിയില്ലാതെ സർവ്വകലാശാലയേക്കുള്ളില്‍ പ്രവേശിച്ച പൊലീസ് വിദ്യാര്‍ഥികളെ തല്ലിച്ചതച്ചു.നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. പൊലീസ് സംഘം ലൈബ്രറിക്കകത്ത് കയറി വലിയ നാശനഷ്ടങ്ങൾ ഉണ്ടാക്കിയതായും വിദ്യാർത്ഥികൾ ആരോപിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടന്ന ആക്രമണത്തിന് പിന്നാലെ രാജ്യത്തുടനീളം വലിയ പ്രതിഷേധമാണ് അരങ്ങേറിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam