
ബെംഗളൂരു: ഗതാഗത നിയമങ്ങൾ പല തവണ ലംഘിച്ച് മുങ്ങി നടന്നിരുന്ന ഇരുചക്രവാഹത്തിനുടമയെ പൊലീസ് ഒടുവിൽ വലയിലാക്കി. രാജാജിനഗറിൽ പച്ചക്കറിവിൽപ്പനക്കാരനായ മഞ്ജുനാഥാണ് പിടിയിലായത്. പലപ്പോഴും ട്രാഫിക് പൊലീസിന്റെ കണ്ണുവെട്ടിച്ച് സിഗ്നൽ ചാടിയും ഹെൽമറ്റ് ധരിക്കാതെയും കടന്നുപോയിരുന്ന മഞ്ജുനാഥിനെ മഹാലക്ഷ്മി ലേഔട്ടിൽ നിന്നാണ് രാജാജി നഗർ പൊലീസ് പിടികൂടിയത്.
ഹെൽമറ്റ് ധരിക്കാത്തതിനാലാണ് ഇയാളുടെ വാഹനം തടഞ്ഞത്. ഒരു വർഷത്തിനുള്ളിൽ 71 തവണ ഇയാൾ ഗതാഗത നിയമങ്ങൾ ലംഘിച്ചതായി അസിസ്റ്റന്‍റ് സബ് ഇൻസ്പെക്ടർ എൻ രവീന്ദ്ര (ട്രാഫിക്) പറയുന്നു. വാഹന നമ്പറും സിസിടിവികളും പരിശോധിച്ചതിൽ നിന്നാണ് ഇത്രയും തവണ നിയമ ലംഘനം നടത്തിയതായി തെളിഞ്ഞത്. പിഴയായ 15,400 രൂപ ഒറ്റത്തവണയായി അടക്കണമെന്ന് പൊലീസ് ആവശ്യപ്പെടുകയായിരുന്നു.
അനധികൃത സ്ഥലത്ത് പാർക്കിങ്, സിഗനൽ ചാട്ടം, ഹെൽമറ്റ് ധരിക്കാതെ യാത്ര ചെയ്യൽ തുടങ്ങിയവയിലാണ് ഇയാൾക്കെതിരെ പിഴ ചുമത്തിയത്. നഗരത്തിൽ ഗതാഗത നിയമ ലംഘനത്തിന് ഒരാളിൽ നിന്ന് ഇത്രയും തുക ഒന്നിച്ച് ഈടാക്കുന്നത് ആദ്യമായിട്ടാണെന്നും സബ് ഇൻസ്പെക്ടർ പറഞ്ഞു. ഗതാഗത നിയമങ്ങൾ പാലിക്കാത്തവരെ നിരീക്ഷിക്കുവാനും പിടികൂടുവാനുമായി സിറ്റി ട്രാഫിക് പൊലീസ് ഡമ്മി പൊലീസിനെ ഇറക്കിയത് അടുത്തിടെയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam