ജെഎൻയു അക്രമം: അപലപിച്ച് ആഭ്യന്തര മന്ത്രാലയവും നിര്‍മ്മല സീതാരാമനും ലഫ്. ഗവർണറും

By Web TeamFirst Published Jan 5, 2020, 10:50 PM IST
Highlights

കേന്ദ്ര ആഭ്യന്തര മന്ത്രാലയം, കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമൻ, ദില്ലി ലെഫ്റ്റനന്റ് ഗവര്‍ണര്‍ എന്നിവര്‍ അക്രമത്തെ അപലപിച്ച് രംഗത്തെത്തി

ദില്ലി: ജെഎൻയുവിൽ അക്രമി സംഘം അഴിഞ്ഞാടിയതിന് പിന്നാലെ സംഭവത്തെ അപലപിച്ച് കേന്ദ്രസര്‍ക്കാര്‍ രംഗത്ത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം, കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമൻ, ദില്ലി ലെഫ്റ്റനന്റ് ഗവര്‍ണര്‍ എന്നിവരാണ് അക്രമത്തെ അപലപിച്ച് രംഗത്തെത്തിയത്. അതേസമയം കമ്യൂണിസ്റ്റ് ഗുണ്ടകളാണ് അക്രമം നടത്തിയതെന്ന ആരോപണവുമായി എബിവിപി രംഗത്തെത്തി.

ജെഎൻയുവിലെ അക്രമത്തെ ശക്തമായി അപലപിക്കുന്നുവെന്ന് ലഫ്റ്റനന്റ് ഗവര്‍ണര്‍ ട്വീറ്റ് ചെയ്തു. ദില്ലി പൊലീസിനോട്, സര്‍വകലാശാല അധികൃതരുമായി കൂടിയാലോചിച്ച് ശക്തമായ നടപടി സ്വീകരിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

തുറന്ന സംവാദങ്ങൾക്കും അഭിപ്രായങ്ങൾക്കും മാത്രം വേദിയായിരുന്ന ഒരിക്കലും അക്രമങ്ങള്‍ ഉണ്ടാകാതിരുന്ന ജെഎൻയുവിൽ നിന്ന് ഭീതിപ്പെടുത്തുന്ന ചിത്രങ്ങളാണ് പുറത്തുവരുന്നതെന്ന് കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമൻ ട്വീറ്റ് ചെയ്തു. ശക്തമായ ഭാഷയിൽ അക്രമത്തെ അപലപിക്കുന്നുവെന്നും സര്‍വകലാശാലകൾ വിദ്യാര്‍ത്ഥികൾക്ക് സമാധാനവും സുരക്ഷിതവുമായ കേന്ദ്രങ്ങളാകണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാടെന്നും അവര്‍ പറഞ്ഞു.

മുഖംമൂടിയണിഞ്ഞ ആളുകൾ ക്യാംപസിനകത്ത് കയറി കല്ലെറിയുകയും വസ്തുവകകൾ നശിപ്പിക്കുകയും വിദ്യാര്‍ത്ഥികളെ ആക്രമിക്കുകയും ചെയ്തത് മന്ത്രാലയത്തിന്റെ ശ്രദ്ധയിൽ പെട്ടെന്ന് ആഭ്യന്തര മന്ത്രാലയം ട്വീറ്റ് ചെയ്തു. ഇത് അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണെന്നും ഇത്തരം അക്രമങ്ങളും അരാജകത്വവും അംഗീകരിക്കാനാവില്ലെന്നും ആഭ്യന്തര മന്ത്രാലയം ട്വീറ്റ് ചെയ്തു.

അതേസമയം കമ്യൂണിസ്റ്റ് ഗുണ്ടകൾ ജെഎൻയുവിൽ അപ്രഖ്യാപിത അടിയന്തിരാവസ്ഥയാണ് നടത്തുന്നതെന്ന ആരോപണവുമായി എബിവിപി ദേശീയ ജനറൽ സെക്രട്ടറി നിധി തൃപതി ആരോപിച്ചു. എസ്എഫ്ഐ, ഐസ, ഡിഎസ്എഫ് പ്രവര്‍ത്തകര്‍ എബിവിപി പ്രവര്‍ത്തകര്‍ക്കും ജെഎൻയു വിദ്യാര്‍ത്ഥികള്‍ക്കും നേരെ ആക്രമണങ്ങള്‍ നടത്തുകയായിരുന്നുവെന്നും നിധി തൃപതി ആരോപിച്ചു.

ജെഎൻയു സംഘര്‍ഷത്തിന് പിന്നാലെ ഇവിടേക്കുള്ള റോഡുകൾ പൊലീസ് അടച്ചു. ഇതോടെ രാഷ്ട്രീയ നേതാക്കളും ആംബുലൻസുകളും അടക്കം സര്‍വകലാശാലയിലേക്കുള്ള പലര്‍ക്കും അകത്തേക്ക് പ്രവേശിക്കാൻ സാധിക്കാത്ത സ്ഥിതിയായി. പ്രധാന ഗേറ്റിന് മുന്നിൽ അധ്യാപകര്‍ വാര്‍ത്താ സമ്മേളനം നടത്താൻ ശ്രമിച്ചെങ്കിലും പൊലീസ് ഇതും തടഞ്ഞു.

ഇതോടെ പൊലീസ് അക്രമികൾക്ക് സൗകര്യമൊരുക്കുന്നുവെന്ന് ആരോപിച്ച് അധ്യാപകര്‍ രംഗത്തെത്തി. പ്രധാന ഗേറ്റിന് പുറത്ത് അധ്യാപകര്‍ കൂടിനിൽക്കുകയാണ്. സംഘര്‍ഷ വിവരമറിഞ്ഞ് ക്യാമ്പസിലേക്ക് വന്ന യോഗേന്ദ്ര യാദവിനെ ക്യാമ്പസിനകത്ത് വച്ച് എബിവിപി പ്രവര്‍ത്തകര്‍ കൈയ്യേറ്റം ചെയ്തു. അദ്ദേഹത്തിനെതിരെ എബിവിപി പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചു. വിദ്യാര്‍ത്ഥികളെ കാണാനെത്തിയതായിരുന്നു യോഗേന്ദ്ര യാദവ്.

ദില്ലി പൊലീസ് സൗത്ത് വെസ്റ്റ് ഡിസിപി ദേവേന്ദ്ര ആര്യ ക്യാംപസിലുണ്ട്. അതേസമയം അക്രമിസംഘവും ക്യാംപസിനകത്തുണ്ട്. നാട്ടുകാരായ അക്രമികളും കാമ്പസിനകത്തുണ്ട്. മുതിര്‍ന്ന കോൺഗ്രസ് നേതാവും കോൺഗ്രസ് ദേശീയ വക്താവുമായ രൺദീപ് സിങ് സുര്‍ജേവാല ക്യാമ്പസിലെത്തി. അതേസമയം ദില്ലി പൊലീസ് ആസ്ഥാനത്തിന് മുന്നിൽ ശക്തമായ പ്രതിഷേധവും ആരംഭിച്ചിട്ടുണ്ട്.

അതിനിടെ ജവഹര്‍ലാൽ നെഹ്റു സ‍ര്‍വ്വകലാശാലയിൽ നടന്ന സംഘടിത ആക്രമണത്തെ ശക്തമായ ഭാഷയിൽ അപലപിച്ച് കോൺഗ്രസ് രംഗത്തെത്തി. പരിക്കേറ്റവര്‍ക്കായി എത്തിച്ച ആംബുലൻസുകൾ പോലും അകത്തേക്ക് കടത്തിവിട്ടില്ലെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. വിദ്യാര്‍ത്ഥികൾക്കും അധ്യാപകര്‍ക്കും നേരെ ആക്രമണം അഴിച്ചുവിട്ടത് ഭരണകൂടവും എബിവിപിയും ചേര്‍ന്ന സഖ്യമാണെന്ന കാര്യമാണ് റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നതെന്ന് സിപിഎം ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരി വിമര്‍ശിച്ചു. അധികാരത്തിലുള്ളവര്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ അക്രമമാണിതെന്നും ജെഎൻയു ഹിന്ദുത്വ രാഷ്ട്രീയത്തിന് നേരെ തീര്‍ക്കുന്ന പ്രതിരോധമാണ് അതിന് കാരണമെന്നും അദ്ദേഹം ആരോപിച്ചു.

മോദി സര്‍ക്കാരിന് ജെഎൻയുവിനോടുള്ള ശത്രുത പ്രശസ്തമാണെന്ന് കോൺഗ്രസ് നേതാവ് രൺദീപ് സിംഗ് സുര്‍ജേവാല ട്വീറ്റ് ചെയ്തു. എബിവിപി ഗുണ്ടാസംഘം ക്യാംപസിനകത്ത് അക്രമം അഴിച്ചുവിട്ടപ്പോൾ ഗേറ്റിന് പുറത്ത് കാവൽ നിൽക്കുകയായിരുന്നു ദില്ലി പൊലീസെന്ന് കോൺഗ്രസ് ആരോപിച്ചു. ഇതൊരു സര്‍ക്കാര്‍ പിന്തുണയോടെ സംഘര്‍ഷമാണോയെന്നും അദ്ദേഹം ചോദിച്ചു. 

click me!