ജെഎന്‍യു അക്രമം: മാനവ വിഭവശേഷി മന്ത്രാലയത്തിലേക്കുള്ള വിദ്യാർത്ഥികളുടെ മാർച്ച് പൊലീസ് തടഞ്ഞു

By Web TeamFirst Published Jan 9, 2020, 1:02 PM IST
Highlights

പ്രധാന കവാടത്തിൽ വെച്ചാണ് ജെഎൻയു ക്യാമ്പസില്‍ നിന്ന് ആര്‍ക്കും പുറത്തേക്ക് ഇറങ്ങാന്‍ കഴിയാത്ത വിധമാണ് മാർച്ച്‌ പൊലീസ് തടയുന്നത്. 

ദില്ലി: ജവഹർലാൽ നെഹ്റു സർവകലാശാലയിൽ മുഖംമൂടി അക്രമത്തിൽ പ്രതിഷേധിച്ച് ജെഎൻയു വിദ്യാർത്ഥികളും അധ്യാപകരും പൂർവ വിദ്യാർത്ഥികളും മാനവ വിഭവശേഷി മന്ത്രാലയത്തിലേക്ക് നടത്തിയ മാർച്ച്‌ പൊലീസ് തടഞ്ഞു. സര്‍വ്വകലാശാലയുടെ പ്രധാന കവാടത്തിൽ വെച്ചാണ് പൊലീസ് മാര്‍ച്ച് തടഞ്ഞത്. ജെഎൻയു ക്യാമ്പസില്‍ നിന്ന് ആര്‍ക്കും പുറത്തേക്ക് ഇറങ്ങാന്‍ കഴിയാത്ത വിധമായിരുന്നു പൊലീസ് മാർച്ച്‌ തടഞ്ഞത്. വിദ്യാര്‍ത്ഥികള്‍ മാർച്ചിന് അപേക്ഷ നൽകിയിരുന്നെങ്കിലും പൊലീസ് അനുമതി നല്‍കിയിരുന്നില്ല.

വെസ്റ്റേൺ റേഞ്ച് ജോയന്‍റ് കമ്മീഷണർ ശാലിനി സിംഗ് നേതൃത്വം നൽകുന്ന അന്വേഷണ സംഘമാണ് ജെഎൻയു ക്യാമ്പസിൽ നടന്ന അക്രമങ്ങളെക്കുറിച്ച് അന്വേഷിക്കുന്നത്. എത്രയും പെട്ടെന്ന് ക്യാമ്പസിൽ നടന്നതെന്തെന്ന് അന്വേഷിച്ച് പ്രാഥമിക വിവര റിപ്പോർട്ട് നൽകണമെന്ന് ദില്ലി പൊലീസ് കമ്മീഷണർ അമുല്യ പട്‍നായിക് നിർദേശിച്ചിരുന്നു. അതനുസരിച്ചാണ് പൊലീസ് പ്രഥമ  വിവര റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. ഈ റിപ്പോർട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും പൊലീസ് നൽകും. സംഭവത്തിൽ ജെഎൻയു വൈസ് ചാൻസിലർക്ക് വീഴ്ച പറ്റിയെന്നാണ് ദില്ലി പൊലീസ് പറയുന്നത്. അതേസമയം, അക്രമികളെക്കുറിച്ച് വ്യക്തമായ വിവരം കിട്ടിയെന്ന് ദില്ലി ക്രൈംബ്രാഞ്ച് മാധ്യമങ്ങളെ അറിയിച്ചു. 

ജെഎന്‍യു സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്നലെ രാത്രി വനിതാ വിദ്യാർത്ഥികൾ ക്യാമ്പസിനുള്ളിൽ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. വൈകുന്നേരം ജെഎന്‍യു പൂർവ്വ വിദ്യാർത്ഥികളായിരുന്ന പ്രകാശ് കാരാട്ട്, സീതാറാം യെച്ചൂരി ഉൾപ്പടെയുള്ള  ഇടത് നേതാക്കളുടെ സംഘം ക്യാമ്പസിലേക്ക് മാർച്ച് നടത്തിയിരുന്നു. എന്നാൽ ഈ മാര്‍ച്ചും പൊലീസ് തടഞ്ഞിരുന്നു. എന്നാല്‍ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് പിന്നീട് ഇവരെ കടത്തി വിടുകയും, നേതാക്കള്‍ സര്‍വ്വകലാശാലാ വിദ്യാർത്ഥികളെ അഭിസംബോധനം ചെയ്യുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം സര്‍വ്വകലാശാലയിലെത്തിയ ബോളിവുഡ് നടി ദീപിക പദുക്കോണ്‍  അക്രമത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥികളെ നേരില്‍ കണ്ടിരുന്നു. ക്യാമ്പസിന് ചുറ്റും കനത്ത സുരക്ഷയാണ് കേന്ദ്ര സര്‍ക്കാറിന് കീഴിലുള്ള ദില്ലി പൊലീസ് ഒരുക്കിയിരിക്കുന്നത്.

click me!