
ദില്ലി: ജെഎന്‍യു വിദ്യാര്‍ത്ഥി നേതാവും ഷാഹീന്‍ബാഗിലെ പ്രതിഷേധങ്ങളിലെ മുന്‍നിരക്കാരനുമായ ഷര്‍ജീല്‍ ഇമാമിനെ പൊലീസ് അറസ്റ്റ് ചെയ്തു. രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് വിദ്യാര്‍ത്ഥി നേതാവിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ബീഹാറിലെ ജെഹനബാദില്‍ നിന്നുമാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇയാളുടെ ജന്മനാടാണിത്.
ദേശവിരുദ്ദ മുദ്രാവാക്യങ്ങള്‍ മുഴക്കുന്ന ഷര്‍ജീല്‍ ഇമാമിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെയാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. അല്‍പം സമയം മുന്‍പ് ഇയാളുടെ സഹോദരനെ ബീഹാര്‍ പൊലീസ് വിളിച്ചു വരുത്തി ചോദ്യം ചെയ്തിരുന്നു. ദില്ലിയില്‍ എത്തിച്ച ശേഷം ഷര്‍ജീല്‍ ഇമാമിനെ പൊലീസ് വിശദമായി ചോദ്യം ചെയ്യും എന്നാണ് അറിയുന്നത്.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയില്‍ നിന്നും മുറിച്ചു മാറ്റണം എന്നും മറ്റും ആഹ്വാനം ചെയ്തു കൊണ്ട് ഷര്‍ജീല്‍ ഇമാം നടത്തിയ പ്രസംഗമാണ് കേസിന് കാരണമായത്. അസം അടക്കമുള്ള സംസ്ഥാനങ്ങളെ ഇന്ത്യയിൽനിന്ന് വേർപ്പെടുത്തണമെന്ന വിവാദ പ്രസംഗത്തിന് പിന്നാലെ ജെഎന്‍യു വിദ്യാര്‍ഥി ഷര്‍ജീല്‍ ഇമാമിനെതിരെ രാജ്യദ്രോഹക്കുറ്റത്തിന് ദില്ലി പൊലീസ് കേസെടുത്തു.
പൗരത്വ നിയമ ഭേദഗതിക്കും എന്‍ആര്‍സിക്കുമെതിരായ പ്രസംഗങ്ങളിലെ പരാമര്‍ശങ്ങള്‍ രാജ്യത്തിന്‍റെ ഐക്യത്തിന് തന്നെ വെല്ലുവിളിയാവുന്നതാണെന്ന് ഷര്‍ജീലിനെതിരായ എഫ്ഐആര്‍ വിശദമാക്കുന്നു. വര്‍ഗീയപരമായ വിദ്വേഷം പരത്താനും ഈ പ്രസംഗം കാരണമായെന്നും എഫ്ഐആര്‍ കൂട്ടിച്ചേര്‍ക്കുന്നു. ജനുവരി 13 ന് ഷര്‍ജീല്‍ നടത്തിയ പ്രസംഗത്തിലെ പരാമര്‍ശങ്ങളാണ് വിവാദമായത്. ജാമിയ മിലിയയിലും സമാനമായ പ്രസംഗം ഷര്‍ജീല്‍ ഇമാം നടത്തിയിട്ടുണ്ടെന്നും ദില്ലി പൊലീസ് വ്യക്തമാക്കി. ഇത്തരം പ്രസംഗങ്ങള്‍ സാമുദായിക ഐക്യം തകര്‍ക്കുന്നതാണെന്നും പൊലീസ് എഫ്ഐആറില്‍ വിശദമാക്കുന്നു.
നേരത്തെ ഷര്‍ജീല്‍ ഇമാമിന്റെ വിവാദപ്രസ്താവനയെ എഐഎംഐഎം അധ്യക്ഷനും എംപിയുമായ അസദുദ്ദീൻ ഒവൈസി ശക്തമായി അപലപിച്ചിരുന്നു. ഇന്ത്യ ഒരു രാജ്യമാണ്, അല്ലാതെ കോഴിയുടെ കഴുത്തല്ല. ഇന്ത്യയെ തകർക്കാനോ വേർപ്പെടുത്താനോ കഴിയില്ലെന്നും അസദുദ്ദീൻ ഒവൈസി പറഞ്ഞു. ഇന്ത്യയെയോ ഇന്ത്യയിലെ മറ്റെതെങ്കിലും പ്രദേശത്തേയോ തകർക്കാൻ ആർക്കും കഴിയില്ല. ഇത്തരം പ്രസ്താവനകൾ അംഗീകരിക്കാൻ കഴിയുന്നതല്ല. ഇത്തരം അര്‍ത്ഥശൂന്യമായ സംഭാഷണങ്ങൾ പൊറുക്കില്ലെന്നും ഒവൈസി കൂട്ടിച്ചേർത്തു. അലിഗഡ് മുസ്ലിം സർവകലാശാലയിൽ ഷര്‍ജീല്‍ ഇമാമിന്റെ പ്രസംഗം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ബിജെപി നേതാവ് സാംപിത് പത്രയാണ് ട്വിറ്ററിലൂടെ വീഡിയോ പങ്കുവച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam