
ദില്ലി: വൈസ് ചാൻസലര്‍ ജഗദീഷ് കുമാര്‍ രാജിവയ്ക്കണമെന്ന ആവശ്യവുമായി മുതിര്‍ന്ന ബിജെപി നേതാവ് മുരളി മനോഹര്‍ ജോഷി. ദില്ലിയിൽ ജെഎൻയു വിദ്യാര്‍ത്ഥികൾ സമര പരമ്പര തന്നെ നടത്തുന്നതിനിടെയാണ് വിദ്യാര്‍ത്ഥി യൂണിയന്റെ ആവശ്യത്തെ പിന്തുണച്ച് മുതിര്‍ന്ന ബിജെപി നേതാവ് തന്നെ രംഗത്ത് വന്നിരിക്കുന്നത്.
ജെഎൻയുവിലെ പ്രശ്നങ്ങൾ വിദ്യാര്‍ത്ഥികളുമായി ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്ന് വൈസ് ചാൻസലര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നൽകിയിരുന്നു. എന്നാൽ വിസി അത് പാലിച്ചില്ല. രാജിവയ്ക്കാൻ ജഗദീഷ് കുമാര്‍ തയ്യാറായില്ലെങ്കിൽ കേന്ദ്രസര്‍ക്കാര്‍ അദ്ദേഹത്തെ പുറത്താക്കണമെന്നും മുരളി മനോഹര്‍ ജോഷി പറഞ്ഞു.
അതിനിടെ ജെഎൻയു വിദ്യാര്‍ത്ഥികൾ രാജീവ് ചൗക്കിലേക്ക് പ്രതിഷേധം മാറ്റി. മാനവ വിഭവശേഷി മന്ത്രാലയത്തിന് മുന്നിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചിന് ശേഷം നടന്ന ചര്‍ച്ച പരാജയപ്പെട്ടപ്പോൾ, അവിടെ നിന്ന് രാഷ്ട്പതി ഭവനിലേക്ക് വിദ്യാര്‍ത്ഥികൾ മാര്‍ച്ച് നടത്തിയിരുന്നു. മാര്‍ച്ച് പൊലീസ് തടഞ്ഞ് വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്ത് നീക്കിയ ശേഷം പ്രതിഷേധക്കാര്‍ കോണാട്ട് പ്ലേസിലേക്ക് മാര്‍ച്ച് നടത്തി. ഇതും പൊലീസ് തടഞ്ഞ് വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്ത് നീക്കിയെങ്കിലും ഇപ്പോൾ ഇവരെല്ലാം ഒന്നടങ്കം രാജീവ് ചൗക്കിൽ എത്തിയിരിക്കുകയാണ്.
രാജീവ് ചൗക്കിലെ സമരം അവസാനിപ്പിച്ച് മടങ്ങിപ്പോകണമെന്ന് പൊലീസ് ആവശ്യപ്പെട്ടെങ്കിലും വിദ്യാര്‍ത്ഥികൾ ഇതിന് തയ്യാറല്ല എന്നാണ് അറിയിച്ചിരിക്കുന്നത്. അതേസമയം ഒന്നിന് പുറകെ ഒന്നായി ജെഎൻയു വിദ്യാര്‍ത്ഥികൾ ഒറ്റ രാത്രി നടത്തിയ ശക്തമായ പ്രതിഷേധത്തിൽ എന്ത് ചെയ്യണമെന്ന് അറിയാതെ നിൽക്കുകയാണ് കേന്ദ്രസര്‍ക്കാരും ദില്ലി പൊലീസും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam