ജെഎൻയു: മാനവ വിഭവശേഷി മന്ത്രാലയം വിളിച്ച ചര്‍ച്ചയിൽ പങ്കെടുക്കാൻ വിദ്യാര്‍ത്ഥി യൂണിയന്റെ തീരുമാനം

By Web TeamFirst Published Jan 10, 2020, 12:43 PM IST
Highlights

ജെഎൻയു വിഷയത്തിൽ ഇന്നലെ നടന്ന ചര്‍ച്ചയിൽ മന്ത്രാലയ സെക്രട്ടറിയോട് വിദ്യാര്‍ത്ഥികൾ വിസിയെ മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ വിദ്യാര്‍ത്ഥികൾ ഉന്നയിക്കുന്ന മറ്റ് പ്രശ്നങ്ങൾ പരിഹരിക്കുന്നതിനാണ് കേന്ദ്രം മുൻഗണന കൊടുത്തത്. എന്നാൽ തന്റെ തലയടിച്ച് പൊട്ടിച്ചതിന് ചര്‍ച്ചയിലൂടെ അല്ല പരിഹാരം കാണേണ്ടതെന്ന ഉറച്ച നിലപാട് വിദ്യാര്‍ത്ഥി യൂണിയൻ പ്രസിഡന്റ് ഐഷി ഘോഷ് മന്ത്രാലയം സെക്രട്ടറി അമിത് ഖേരയോട് പറ‌ഞ്ഞു

ദില്ലി: ജെഎൻയു വിഷയത്തിൽ വൈസ് ചാനസലര്‍ ജഗദീഷ് കുമാറുമായി മാനവ വിഭവ ശേഷി മന്ത്രാലയ സെക്രട്ടറി കൂടിക്കാഴ്ച നടത്തുന്നു. വിസിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഉച്ചയ്ക്ക് വിദ്യാര്‍ത്ഥികളുമായി കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുണ്ട്. ഈ യോഗത്തിൽ പങ്കെടുക്കാനാണ് വിദ്യാര്‍ത്ഥി യൂണിയൻ ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.

വിസിയുമായി മന്ത്രാലയ സെക്രട്ടറി അമിത് ഖേര നടത്തുന്ന യോഗത്തിലെ തീരുമാനങ്ങൾ അറിഞ്ഞ ശേഷം ജെഎൻയു വിദ്യാര്‍ത്ഥി യൂണിയൻ സമരപരിപാടികളുടെ അടുത്ത ഘട്ടത്തിലേക്ക് നീങ്ങും. വിസിയെ മാറ്റണമെന്ന ഉറച്ച നിലപാടിലാണ് വിദ്യാര്‍ത്ഥികൾ. അതേസമയം ഫീസ് വര്‍ധന, സംഘര്‍ഷം തുടങ്ങിയ വിഷയങ്ങളിൽ എതിര്‍പ്പുന്നയിച്ച് ഇന്ന് വിദ്യാര്‍ത്ഥി യൂണിയൻ ജെഎൻയുവിലെ സബര്‍മതി ധാബയ്ക്ക് സമീപം പ്രതിഷേധ പരിപാടി തീരുമാനിച്ചിട്ടുണ്ട്. മനുഷ്യച്ചങ്ങല തീര്‍ക്കാനാണ് തീരുമാനം. ഇതേ ഇടത്ത് അഞ്ച് മണിക്ക് ഫീസ് വര്‍ധനവിനെ അനുകൂലിച്ച് എബിവിപിയും പ്രതിഷേധം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

ജെഎൻയു വിഷയത്തിൽ ഇന്നലെ നടന്ന ചര്‍ച്ചയിൽ മന്ത്രാലയ സെക്രട്ടറിയോട് വിദ്യാര്‍ത്ഥികൾ വിസിയെ മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ വിദ്യാര്‍ത്ഥികൾ ഉന്നയിക്കുന്ന മറ്റ് പ്രശ്നങ്ങൾ പരിഹരിക്കുന്നതിനാണ് കേന്ദ്രം മുൻഗണന കൊടുത്തത്. എന്നാൽ തന്റെ തലയടിച്ച് പൊട്ടിച്ചതിന് ചര്‍ച്ചയിലൂടെ അല്ല പരിഹാരം കാണേണ്ടതെന്ന ഉറച്ച നിലപാട് വിദ്യാര്‍ത്ഥി യൂണിയൻ പ്രസിഡന്റ് ഐഷി ഘോഷ് മന്ത്രാലയം സെക്രട്ടറി അമിത് ഖേരയോട് പറ‌ഞ്ഞു. ചര്‍ച്ചയിൽ പങ്കെടുത്ത അധ്യാപക യൂണിയനും വിദ്യാര്‍ത്ഥികളുടെ അതേ നിലപാടായിരുന്നു. മറ്റ് വിഷയങ്ങളിൽ ചര്‍ച്ചയാവാമെന്നും എന്നാൽ വിസിയെ മാറ്റണമെന്ന കാര്യത്തിൽ ഒരു നീക്കുപോക്കിനുമില്ലെന്നുമാണ് അധ്യാപക യൂണിയനും നിലപാടെടുത്തത്. ചര്‍ച്ച പക്ഷെ പരാജയപ്പെട്ടു.

തൊട്ടുപിന്നാലെ കേന്ദ്രസര്‍ക്കാരിനെ കൂടുതൽ സമ്മര്‍ദ്ദത്തിലാക്കി ദില്ലിയിൽ ജെഎൻയു വിദ്യാര്‍ത്ഥികൾ സമര പരമ്പര തന്നെ നടത്തി. രാഷ്ട്രപതി ഭവനിലേക്ക് വിദ്യാര്‍ത്ഥികൾ നടത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞത് സംഘര്‍ഷത്തിൽ കലാശിച്ചു. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. ഇവര്‍ നേരെ കൊണാട്ട്പ്ലേസിലേക്ക് മാര്‍ച്ച് നടത്തി. വീണ്ടും ഇവരെ അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്തവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിമാര്‍ഗ് പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധം ഉണ്ടായി. എല്ലാവരെയും പൊലീസ് വിട്ടയച്ചപ്പോൾ വിദ്യാര്‍ത്ഥികൾ നേരെ രാജീവ് ചൗക്കിലേക്ക് പ്രതിഷേധം നടത്തി. പൊലീസ് ആവശ്യപ്പെട്ടിട്ടും പിന്മാറാൻ കൂട്ടാക്കാതിരുന്ന വിദ്യാര്‍ത്ഥികൾ പിന്നീട് സ്വമേധയാ പിരിഞ്ഞുപോവുകയായിരുന്നു. 

അതേസമയം ഈ സംഭവങ്ങൾക്കിടയിൽ പെൺകുട്ടികളെയടക്കം പൊലീസ് മർദ്ദിക്കുകയും മോശമായി പെരുമാറുകയും ചെയ്തു എന്ന് വിദ്യാർത്ഥികൾ ആരോപിച്ചിരുന്നു. സമരം ഇന്നും തുടരുമോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. വിസിയുമായി അമിത് ഖേര നടത്തുന്ന യോഗത്തിൽ അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ വിദ്യാര്‍ത്ഥികൾ ശക്തമായ സമരങ്ങളിലേക്ക് കടക്കും.

click me!