ജെഎൻയു: നാലിൽ മൂന്നും സ്വന്തമാക്കി ഐസ-ഡിഎസ്എഫ് സഖ്യം, 9 വർഷത്തിന് ശേഷം സീറ്റ് നേടി എബിവിപി, എസ്എഫ്ഐക്ക് ക്ഷീണം

Published : Apr 28, 2025, 10:21 AM ISTUpdated : Apr 28, 2025, 10:50 AM IST
ജെഎൻയു: നാലിൽ മൂന്നും സ്വന്തമാക്കി ഐസ-ഡിഎസ്എഫ് സഖ്യം, 9 വർഷത്തിന് ശേഷം സീറ്റ് നേടി എബിവിപി, എസ്എഫ്ഐക്ക് ക്ഷീണം

Synopsis

ജോയിന്റ് സെക്രട്ടറി സ്ഥാനം എബിവിപി സ്വന്തമാക്കി. വൈഭവ് മീണ 1,518 വോട്ടുകൾ നേടിയപ്പോൾ ഐസയുടെ നരേഷ് കുമാർ 1,433 വോട്ടുകൾ നേടി.

ദില്ലി: ജെഎൻയുഎസ്‌യു വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ നാല് കേന്ദ്ര പാനൽ സ്ഥാനങ്ങളിൽ മൂന്നെണ്ണം സ്വന്തമാക്കി  ഇടതുപക്ഷ വിദ്യാർഥി സംഘടനയായ ഐസ. അതേസമയം, എബിവിപി ഒമ്പത് വർഷത്തെ സീറ്റ് വരൾച്ച അവസാനിപ്പിച്ച് ജോയിന്റ് സെക്രട്ടറി സ്ഥാനം സ്വന്തമാക്കി. തിങ്കളാഴ്ച പുലർച്ചെയാണ് ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയൻ (ജെഎൻയുഎസ്‌യു) തിരഞ്ഞെടുപ്പ് കമ്മീഷൻ ഫലം പുറത്തുവിട്ടത്. ഓൾ ഇന്ത്യ സ്റ്റുഡന്റ്‌സ് അസോസിയേഷന്റെ (എഐഎസ്‌എ) നിതീഷ് കുമാർ 1,702 വോട്ടുകൾ നേടി പ്രസിഡന്റ് സ്ഥാനം നേടി. എബിവിപി സ്ഥാനാർഥി ശിഖ സ്വരാജിന് 1,430 വോട്ടുകൾ ലഭിച്ചപ്പോൾ സ്റ്റുഡന്റ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (എസ്എഫ്ഐ) പിന്തുണച്ച തയബ്ബ അഹമ്മദിന് 918 വോട്ടുകൾ ലഭിച്ചു.

വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഡെമോക്രാറ്റിക് സ്റ്റുഡന്റ്സ് ഫെഡറേഷന്റെ (ഡിഎസ്എഫ്) മനീഷ 1,150 വോട്ടുകൾ നേടി വിജയിച്ചു. എബിവിപിയുടെ നിട്ടു ഗൗതം 1,116 വോട്ടുകൾ നേടി. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ഡിഎസ്എഫ് സ്ഥാനാർഥി വിജയിച്ചു. മുൻതേഹ ഫാത്തിമ 1,520 വോട്ടുകൾ നേടിയപ്പോൾ എബിവിപിയുടെ കുനാൽ റായി 1,406 വോട്ടുകൾ നേടി.

ജോയിന്റ് സെക്രട്ടറി സ്ഥാനം എബിവിപി സ്വന്തമാക്കി. വൈഭവ് മീണ 1,518 വോട്ടുകൾ നേടിയപ്പോൾ ഐസയുടെ നരേഷ് കുമാർ 1,433 വോട്ടുകൾ നേടി. 2015-16ന് ശേഷം ആദ്യമായാണ് എബിവിപി കേന്ദ്ര പാനൽ സ്ഥാനത്ത് വിജയിക്കുന്നത്.  2000-01ൽ എബിവിപിയുടെ സന്ദീപ് മഹാപത്ര പ്രസിഡന്റായി വിജയിച്ചിരുന്നു. 

ഈ വർഷത്തെ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ സഖ്യം രണ്ടായാണ് മത്സരിച്ചത്. എഐഎസ്എയും ഡിഎസ്എഫും സഖ്യമായി മത്സരിച്ചപ്പോൾ‌ എസ്എഫ്ഐയും ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് ഫെഡറേഷനും (എഐഎസ്എഫ്) ബിർസ അംബേദ്കർ ഫൂലെ സ്റ്റുഡന്റ്സ് അസോസിയേഷനും (ബിഎപിഎസ്എ), പിഎസ്എയും സഖ്യം രൂപീകരിച്ചു. എബിവിപി ഒറ്റക്കാണ് തിരഞ്ഞെടുപ്പിൽ മത്സരിച്ചത്. ഏപ്രിൽ 25 ന് നടന്ന വോട്ടെടുപ്പിൽ  7,906 വിദ്യാർത്ഥികളിൽ 5,500 പേർ വോട്ട് രേഖപ്പെടുത്തി. നാല് സെൻട്രൽ പാനൽ സ്ഥാനങ്ങളിലേക്ക് ഇരുപത്തിയൊമ്പത് സ്ഥാനാർത്ഥികളും 44 കൗൺസിലർ സ്ഥാനങ്ങളിലേക്ക് 200 സ്ഥാനാർത്ഥികളും മത്സര രംഗത്തുണ്ടായിരുന്നു. 

PREV
Read more Articles on
click me!

Recommended Stories

ജോലി സമയം കഴിഞ്ഞാൽ കോൾ എടുക്കേണ്ട, ഇ-മെയിൽ നോക്കേണ്ട; ഇതടക്കം സുപ്രധാനമായ ബില്ലുകൾ ലോക്സഭയിൽ, വധശിക്ഷ നിർത്തലാക്കണമെന്ന് കനിമൊഴി
60000 പേർക്ക് ബിരിയാണി, സൗദിയിൽനിന്ന് മതപുരോ​ഹിതർ, ബം​ഗാളിനെ ഞെട്ടിച്ച് ഇന്ന് 'ബാബരി മസ്ജിദ്' നിർമാണ ഉദ്ഘാടനം, കനത്ത സുരക്ഷ