'തീപ്പെട്ടിക്കൊള്ളിയില്‍ മിശ്രിതം പുരട്ടി പെട്ടിയില്‍ നിറച്ചു'; മംഗളൂരു വിമാനത്താവളത്തില്‍ സ്ഫോടകവസ്തു ഉപേക്ഷിച്ച യുവാവിന്‍റെ വെളിപ്പെടുത്തൽ

By Web TeamFirst Published Jan 23, 2020, 3:08 PM IST
Highlights

അറുപത് എഴുപത് വർഷമായി രാജ്യം ഭരിക്കുന്നത് നീചൻമാരാണ്. ഇതിനും നല്ലത് ബ്രീട്ടിഷ് ഭരണം തന്നെയായിരുന്നു. നല്ലൊരു ജോലി വാ​ഗ്ദാനം ചെയ്യാൻ പരാജയപ്പെടുന്ന ഇത്തരം സർക്കാരുകളോട് വെറുപ്പാണെന്നും ആദിത്യ പറഞ്ഞു. 

മംഗളൂരു: മംഗളൂരു വിമാനത്താവളത്തിന് പുറത്ത് സ്ഫോടക വസ്തുക്കള്‍ നിറച്ച ബാഗ് കണ്ടെത്തിയ സംഭവത്തിൽ ഉഡുപ്പി സ്വദേശിയായ ആദിത്യ റാവുവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കർണാടക പൊലീസ് ആസ്ഥാനത്തെത്തിയാണ് 36കാരനായ ആദിത്യ റാവു കീഴടങ്ങിയത്. താൻ കീഴടങ്ങാൻ വന്നതാണെന്ന് പറഞ്ഞായിരുന്നു ആദിത്യ ഐജി ഓഫീസിലെത്തിയത്. കേസിൽ അറസ്റ്റ് രേഖപ്പെടുത്തിയ ആദിത്യ റാവുവിനെ കോടതിയിൽ ഹാജരാക്കിയ ശേഷം ചോദ്യം ചെയ്യുന്നതിനായി മം​ഗളൂരു പൊലീസിന് കൈമാറി. തിങ്കളാഴ്ച കണ്ടെത്തിയ സ്ഫോടക വസ്തു നിര്‍വീര്യമാക്കിയതായി മംഗളൂരു പൊലീസ് കമ്മീഷണര്‍ ഡോ പിഎസ് ഹര്‍ഷ അറിയിച്ചിരുന്നു.

അതേസമയം, സ്ഫോടന ശ്രമത്തിന് പിന്നിലുള്ള കാരണം പൊലീസിന് മുന്നിൽ വെളിപ്പെടുത്തിയിരിക്കുകയാണ് ആദിത്യ റാവു. ജോലി ലഭിക്കാത്തതിലുള്ള പ്രതിഷേധമാണ് തന്നെ സ്ഫോടന ശ്രമത്തിലേക്ക് നയിച്ചതെന്ന് എംബിഎ ബിരുദധാരിയും മെക്കാനിക്കൽ എഞ്ചിനീയറുമായ ആദിത്യ റാവു പൊലീസിനോട് പറഞ്ഞു. തനിക്ക് ബോംബ് നിർമ്മാക്കാൻ അറിയില്ല. എന്നാൽ പൊട്ടിത്തെറിക്കുന്ന എന്തെങ്കിലും ഉണ്ടാക്കാൻ താൻ ആഗ്രഹിച്ചിരുന്നു. ഇതിനായി പടക്കങ്ങളിൽ ഉപയോ​ഗിക്കുന്ന കെമിക്കൽ പൗഡറും പൊട്ടാസ്യം ക്ലോറേറ്റും സൽഫറും ചേർന്ന മിശ്രിതം തീപ്പെട്ടിക്കൊള്ളികളിൽ പുരട്ടി പെട്ടിയിൽ നിറയ്ക്കുകയായിരുന്നു. പിന്നീട് കെമിക്കലുകൾ‌ പുരട്ടിയ തീപ്പെട്ടിക്കാള്ളികൾ നിറച്ച പെട്ടികളിൽ രണ്ട് കേബിളുകളും ഘടിപ്പിച്ചു. ഉ​ഗ്ര സ്ഫോടന ശേഷിയുള്ള വസ്തുക്കളാണ് ഇവ. ഒരു ഓൺലൈൻ വിപണിയിൽനിന്നാണ് രാസപദാര്‍ത്ഥങ്ങൾ വാങ്ങിയതെന്നും ആദിത്യ കൂട്ടിച്ചേർത്തു.

സൾഫർ കത്തിച്ചാൽ പെട്ടിത്തറിയുണ്ടാകുമെന്ന് തനിക്കറിയാം. താൻ ബാറ്ററിയോ ടൈമറോ ഉണ്ടാക്കിയിരുന്നില്ല. അതിനാൽ സ്ഫോടനമുണ്ടാക്കുന്നതിനായി ഒരു തീപ്പെട്ടിയും കയ്യിൽ കരുതിയിരുന്നു. എന്നാൽ, വിഐപി കൗണ്ടറിന് മുന്നിലെത്തിയപ്പോഴേക്കും സുരക്ഷാ ജീവനക്കാരും വിദ​ഗ്ധരായ നായകളും ശ്രദ്ധയിൽപ്പെടുകയായിരുന്നു. പിടികൂടുമോ എന്ന് ഭയന്ന താൻ ബാ​ഗ് ഉപേക്ഷിച്ച് അവിടെനിന്ന് കടന്നുകളയുകയായിരുന്നുവെന്നും ആദിത്യ പറഞ്ഞു.

അറുപത് എഴുപത് വർഷമായി രാജ്യം ഭരിക്കുന്നത് നീചൻമാരാണ്. ഇതിനും നല്ലത് ബ്രീട്ടിഷ് ഭരണം തന്നെയായിരുന്നു. നല്ലൊരു ജോലി വാ​ഗ്ദാനം ചെയ്യാൻ പരാജയപ്പെടുന്ന ഇത്തരം സർക്കാരുകളോട് വെറുപ്പാണെന്നും ആദിത്യ പറഞ്ഞു. അതേസമയം, കഴിഞ്ഞ മൂന്ന് വർഷമായി കുടുംബമായി ആദിത്യയ്ക്ക് യാതൊരു ബന്ധവുമില്ലെന്നും 2018ൽ അമ്മ മരിച്ച വിവരം അറയിക്കാനാണ് ആദിത്യയെ അവസാനമായി വിളിച്ചതെന്നും സഹോദരൻ അക്ഷാന്ത് റാവു പറഞ്ഞു.

ആദിത്യയുടെ സ്വഭാവ മാറ്റം വലിയ പ്രശ്നങ്ങൾക്ക് കാരണമായപ്പോൾ പലപ്പോഴായി മാനസികരോ​ഗ വിദ​ഗ്ധനെ സമീപിക്കാൻ പിതാവ് ശ്രമിച്ചിരുന്നു. എന്നാൽ കൗൺസിലിങ്ങിന് ആദിത്യ വിസമ്മതിക്കുകയായിരുന്നു. ഇതോടെ 2017ൽ ആദിത്യയുമായുള്ള ബന്ധം കുടുംബം ഉപേക്ഷിച്ചിരുന്നു. ആദിത്യയുടെ പ്രവൃത്തികളിൽ തങ്ങൾക്കൊരു പങ്കുമില്ല. മുമ്പ് അറസ്റ്റ് ചെയ്തപ്പോൾ സഹോദരനെ കാണാനോ ബന്ധപ്പെടാനോ ശ്രമിച്ചിട്ടില്ല. അദ്ദേഹത്തിന് വേണ്ടി ജാമ്യാർജി പോലും നൽകിയിരുന്നില്ല. ഇന്നലെയാണ് ആദിത്യ മം​ഗളൂരുണ്ടെന്ന വിവരം അറിയുന്നത്. പൊലീസ് അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കുമെന്നും അക്ഷാന്ത് കൂട്ടിച്ചേർത്തു. എട്ടാം ക്ലാസ്സു മുതൽ ആദിത്യ വീട്ടിൽനിന്ന് മാറിയാണ് പഠിച്ചത്. എഞ്ചിനീയറിങ് പഠനത്തിന് ശേഷമാണ് ആദിത്യ എംബിഎ ബിരുദം നേടിയത്. കുടുംബത്തിലെ ആഘോഷപരിപാടികൾക്ക് മാത്രമാണ് താൻ ആദിത്യയെ കാണാറുള്ളതെന്നും അക്ഷാന്ത് വ്യക്തമാക്കി.

അതേസമയം, 2018ൽ ബെംഗളൂരു വിമാനത്താവളത്തിലും കെ‌എസ്‌ആർ റെയിൽ‌വേ സ്റ്റേഷനിലും വ്യാജ ബോംബ് വച്ച കേസിൽ ആദിത്യ അറസ്റ്റിലായിരുന്നു. ഈ കേസിൽ രണ്ട് മാസം മുമ്പാണ് ആദിത്യ ചിക്കബല്ലപുര ജയിലിൽനിന്ന് ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയത്. മണിപ്പാൽ സ്വദേശികളായ ആദിത്യയുടെ പിതാവും സഹോദരനും ബാങ്ക് ജീവനക്കാരാണ്. 

click me!