തേജസ് എക്‌സ്പ്രസ് വൈകിയോടി; യാത്രക്കാർക്ക് നഷ്ടപരിഹാരവുമായി റയിൽവെ

By Web TeamFirst Published Jan 23, 2020, 1:32 PM IST
Highlights

റീഫണ്ട് പോളിസി അനുസരിച്ച് യാത്രക്കാര്‍ അപേക്ഷ നല്‍കണമെന്നും പരിശോധനയ്ക്ക് ശേഷം നഷ്ടപരിഹാരം നല്‍കുമെന്നും ഐആര്‍സിടിസി വക്താവ് അറിയിച്ചു. 

മുംബൈ: ഒരു മണിക്കൂറിലേറെ വൈകിയോടിയ തേജസ് എക്‌സ്പ്രസിലെ യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കാനൊരുങ്ങി ഐആര്‍സിടിസി (ഇന്ത്യൻ റെയിൽ‌വെ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ). അഹമ്മദാബാദ്-മുംബൈ റൂട്ടിലോടുന്ന ട്രെയിന്‍ ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നര മണിക്കൂര്‍ വൈകിയാണ് മുംബൈയിലെത്തിയത്. ഇതിന് പിന്നാലെയാണ് നഷ്ടപരിഹാരവുമായി റെയിൽവെ രം​ഗത്തെത്തിയിരിക്കുന്നത്. ട്രെയിനിലുണ്ടായിരുന്ന 630 യാത്രക്കാര്‍ക്കാണ് 100 രൂപ വീതം നഷ്ടപരിഹാരം ലഭിക്കുക.

റീഫണ്ട് പോളിസി അനുസരിച്ച് യാത്രക്കാര്‍ അപേക്ഷ നല്‍കണമെന്നും പരിശോധനയ്ക്ക് ശേഷം നഷ്ടപരിഹാരം നല്‍കുമെന്നും ഐആര്‍സിടിസി വക്താവ് അറിയിച്ചു. ബുധനാഴ്ച 6.42ന് രണ്ട് മിനിറ്റ് വൈകിയാണ് ട്രെയിന്‍ അഹമ്മദാബാദില്‍ നിന്ന് പുറപ്പെട്ടത്. ഉച്ചയ്ക്ക് 1.10ന് എത്തേണ്ട ട്രെയില്‍ 2.36നായിരുന്നു മുംബൈ സെന്‍ട്രലിലെത്തിയത്. ഭയന്ദര്‍, ദാഹിസര്‍ സ്റ്റേഷനുകള്‍ക്കിടയിലുള്ള സാങ്കേതിക പ്രശ്‌നത്തെ തുടര്‍ന്നാണ് ട്രെയിന്‍ വൈകിയതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍.

ഐആര്‍സിടിസി പോളിസി അനുസരിച്ച്, ഒരു മണിക്കൂറില്‍ കൂടുതല്‍ ട്രെയിൻ വൈകിയാല്‍ 100 രൂപയും രണ്ട് മണിക്കൂറില്‍ കൂടുതല്‍ വൈകിയാല്‍ 250 രൂപയുമാണ് നഷ്ടപരിഹാരമായി നല്‍കുന്നത്.ക്ലെയിമുകളുടെ എണ്ണം അനുസരിച്ച് ഏകദേശം 63,000 രൂപ കോര്‍പ്പറേഷന്‍ യാത്രക്കാര്‍ക്ക് നല്‍കേണ്ടി വരും. ഒരു ഇമെയില്‍ വഴിയോ ഫോണ്‍ കോള്‍ വഴിയോ യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം ക്ലെയിം ചെയ്യാമെന്ന് ഐആര്‍സിടിസി അധികൃതര്‍ അറിയിച്ചു. റദ്ദാക്കിയ ചെക്ക്, പിഎന്‍ആര്‍ വിശദാംശങ്ങള്‍, ഇന്‍ഷൂറന്‍സ് സര്‍ട്ടിഫിക്കറ്റ് എന്നിവ ഇതോടൊപ്പം നല്‍കണമെന്നും ഇവർ വ്യക്തമാക്കിയിട്ടുണ്ട്.
 

click me!