'ബിജെപിയില്‍ ചേര്‍ന്നപ്പോള്‍ അന്വേഷണമില്ല, സുഖമായി ഉറങ്ങാം'; വിവാദ പരമാര്‍ശവുമായി എംഎല്‍എ

By Web TeamFirst Published Oct 15, 2021, 6:46 AM IST
Highlights

സംഭവം വിവാദമായതോടെ തന്റെ പ്രസ്താവന വളച്ചൊടിക്കുകയായിരുന്നെന്ന് വിശദീകരണവുമായി എംഎല്‍എ രംഗത്തെത്തി. കോണ്‍ഗ്രസ് നേതാക്കളെ ബിജെപി ദേശീയ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് വേട്ടയാടുന്നുവെന്ന ആരോപണം നിലനില്‍ക്കെയാണ് എംഎല്‍എയുടെ തുറന്നു പറച്ചില്‍.
 

മുംബൈ: ബിജെപിയെ (BJP) വെട്ടിലാക്കി പാര്‍ട്ടിയിലെത്തിയ എംഎല്‍എയുടെ (MLA) പരാമര്‍ശം. കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്ന ഹര്‍ഷവര്‍ധന്‍ പാട്ടീല്‍ (Harshvardhan patil) എംഎല്‍എയാണ് വിവാദ പരാമര്‍ശം നടത്തിയത്. കോണ്‍ഗ്രസ് (Congress) വിട്ട് ബിജെപിയില്‍ എത്തിയതോടെ സമാധാനത്തോടെ ഉറങ്ങാന്‍ കഴിയുന്നുണ്ടെന്നും ഇപ്പോള്‍ അന്വേഷണത്തെ ഭയക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു. സംഭവം വിവാദമായതോടെ തന്റെ പ്രസ്താവന വളച്ചൊടിക്കുകയായിരുന്നെന്ന് വിശദീകരണവുമായി എംഎല്‍എ രംഗത്തെത്തി.

കോണ്‍ഗ്രസ് നേതാക്കളെ ബിജെപി ദേശീയ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് വേട്ടയാടുന്നുവെന്ന ആരോപണം നിലനില്‍ക്കെയാണ് എംഎല്‍എയുടെ തുറന്നു പറച്ചില്‍. കഴിഞ്ഞ ദിവസം മാവലില്‍ ഹോട്ടല്‍ ഉദ്ഘാടനത്തിന് പോയപ്പോള്‍ ഞാന്‍ നടത്തിയ പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചെന്ന് എംഎല്‍എ വിശദീകരിച്ചു. കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായിരുന്ന ഹര്‍ഷവര്‍ധന്‍ 2019 നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയത്. നാലാം തവണയാണ് പുണെ ഇന്ദാപുരില്‍ നിന്ന് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്.

ബിജെപിയില്‍ എല്ലാം എളുപ്പവും സമാധാനപരവുമാണെന്നും അന്വേഷണങ്ങള്‍ ഒന്നും നേരിടേണ്ട ആവശ്യമില്ലാത്തതിനാല്‍ സുഖമായി ഉറങ്ങാന്‍ സാധിക്കുന്നുവെന്നുമായിരുന്നു അദ്ദേഹത്തിന്റെ വിവാദ പരാമര്‍ശം. തനിക്ക് കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്നാണ് പാര്‍ട്ടി മാറിയതെന്ന വിമര്‍ശനങ്ങളെയും അദ്ദേഹം തള്ളി.
 

click me!