'ചൈനീസ് മാധ്യമങ്ങളിലെ ദൃശ്യങ്ങള്‍': കേന്ദ്രസര്‍ക്കാറിനോട് വിശദീകരണം തേടി കോണ്‍ഗ്രസ്

By Web TeamFirst Published Oct 14, 2021, 11:08 PM IST
Highlights

ഇന്ത്യൻ സൈനികരെ തടഞ്ഞുവെക്കുന്നതായുള്ള ദൃശ്യങ്ങളാണ് ചൈനീസ് മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത്. ഗൽവാൻ താഴ്വരയിൽ കഴിഞ്ഞ വര്‍ഷം നടന്ന സംഭവം എന്ന നിലയിലാണ് ദൃശ്യങ്ങൾ.

ദില്ലി: ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തെ കുറിച്ച് ചൈനീസ് മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങളെ കുറിച്ചും ഫോട്ടോകളെ കുറിച്ചും കേന്ദ്ര സര്‍ക്കാര്‍ വിശദീകരിക്കണമെന്ന് കോണ്‍ഗ്രസ്. കേന്ദ്രത്തിന്‍റെ വിശദീകരണം തേടി യൂത്ത് കോണ്‍ഗ്രസ് നേതാവ് ബി.വി.ശ്രീനിവാസ് ഉൾപ്പടെയുള്ളവര്‍ ദൃശ്യങ്ങൾ ട്വീറ്റ് ചെയ്തു.  

ഇന്ത്യൻ സൈനികരെ തടഞ്ഞുവെക്കുന്നതായുള്ള ദൃശ്യങ്ങളാണ് ചൈനീസ് മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത്. ഗൽവാൻ താഴ്വരയിൽ കഴിഞ്ഞ വര്‍ഷം നടന്ന സംഭവം എന്ന നിലയിലാണ് ദൃശ്യങ്ങൾ. വിഷയത്തിൽ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

അതേ സമയം ഇന്ത്യ - ചൈന അതിര്‍ത്തിയിൽ ഒരിഞ്ച് പോലും വിട്ടുവീഴ്ചയ്ക്കില്ലെന്ന്  കരസേന മേധാവി ജനറൽ എം എം നരവനെ. ചൈനീസ് സേന അതിർത്തിയിൽ തുടരുന്നിടത്തോളം ഇന്ത്യയും തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. കമാൻഡർതല ചർച്ചയ്ക്കു മുമ്പായിരുന്നു ജനറൽ എം എം നരവനെയുടെ പ്രസ്താവന. ഇന്ത്യ - ചൈന അതിര്‍ത്തി തര്‍ക്കത്തില്‍ പതിമൂന്നാം വട്ട കമാന്‍ഡര്‍ തല ചര്‍ച്ച അതേ സമയം ധാരണയില്‍ എത്താതെ പിരിഞ്ഞു. 

ചുസുൽ മോള്‍ഡ അതിർത്തിയിൽ വച്ചാണ് ചർച്ച നടന്നത്. ലഫ്‌നന്റ് ജനറൽ പി ജി കെ മേനോൻ ആണ് ഇന്ത്യൻ സംഘത്തിന് നേതൃത്വം നൽകിയത്. ഒക്ടോബര്‍ ഒന്‍പതിന് ഇന്ത്യയും ചൈനയും തമ്മിൽ സംഘർഷം ഉണ്ടായതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. കിഴക്കൻ ലഡാക്കിൽ ചൈന നടത്തുന്ന നിർമാണ പ്രവർത്തനങ്ങൾ ആശങ്കയുണ്ടാക്കുന്നതാണെന്നും സേനാ മേധാവി വ്യക്തമാക്കി. 

click me!