
ചെന്നൈ: കോയമ്പത്തൂർ ജോസ് ആലുക്കാസ് ജ്വല്ലറിയിൽ നിന്ന് അഞ്ച് കിലോയോളം സ്വര്‍ണം മോഷ്ടിച്ച പ്രതി രക്ഷപെടാൻ ശ്രമിച്ചത് ശബരിമല തീര്‍ത്ഥാടകന്‍റെ വേഷത്തിൽ. വിജയകുമാർ എന്നയാളാണ് അറസ്റ്റിലായത്. ഇയാളുടെ ഭാര്യയെയും ഭാര്യയുടെ അമ്മയെയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. തീര്‍ത്ഥാടക വേഷത്തിൽ രക്ഷപ്പെടാൻ ശ്രമിച്ച മോഷ്ടാവിനെ തമിഴ്നാട് പൊലീസ് വളഞ്ഞിട്ട് പിടിക്കുകയായിരുന്നു.
ജോസ് ആലുക്കാസ് ജ്വല്ലറിയിൽ നിന്ന് 4.8 കിലോ സ്വര്‍ണം മോഷ്ടിച്ച വിജയകുമാർ, കോയമ്പത്തൂര്‍ നഗരത്തിലെത്തിയത് മൊബൈൽ മോഷ്ടിക്കാനെന്നാണ് പൊലീസ് പറയുന്നത്. സുഹൃത്തിന്‍റെ കെട്ടിടം ലീസിനെടുക്കാനായി ഒരു ലക്ഷം രൂപ കണ്ടെത്തുന്നതിന് വേണ്ടി നവംബര്‍ 28 പുലര്‍ച്ചെ ധര്‍മ്മപുരിയിലെ വീട്ടിൽ നിന്ന് വിജയകുമാർ കോയമ്പത്തൂരിലെത്തി. ചില മൊബൈൽ കടകളുടെ പരിസരത്തെത്തിയെങ്കിലും, സുരക്ഷാ ജീവനക്കാര്‍ നിൽക്കുന്നത് കണ്ട് പിന്‍വാങ്ങി.
നഗരത്തിലൂടെ നടക്കുമ്പോഴാണ് ജ്വല്ലറിയുടെ പിന്‍വശത്ത് എത്തിയതും അകത്ത് കയറി മോഷ്ടിക്കാൻ തീരുമാനിച്ചതും. ക്യാഷ് കൗണ്ടറിൽ പണം ഇല്ലാതിരുന്നതോടെ കണ്ണിൽ കണ്ട സ്വര്‍ണമെല്ലാം എടുത്ത് വീട്ടിലേക്ക് മടങ്ങുകയായിരുന്നുവെന്ന് വിജയകുമാർ പൊലീസിന് മൊഴി നൽകി. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതിയെ തിരിച്ചറിഞ്ഞ പൊലീസ് ധര്‍മ്മപുരിയിൽ എത്തുന്നതിന് തൊട്ടുമുന്‍പ് വിജയകുമാർ വീടിന്‍റെ ഭിത്തി തുരന്ന് രക്ഷപ്പെട്ടു.
പിന്നാലെ ആന്ധ്രയിലെ തീര്‍ത്ഥാടനകേന്ദ്രത്തിലേക്ക് പോയി. അവിടെ നിന്ന് ശബരിമല തീര്‍ത്ഥാടകര്‍ക്കൊപ്പം ചെന്നൈയിലെത്തിയപ്പോഴാണ് പ്രതി കുടുങ്ങിയത്. പൊലീസ് പിടിയിലാകുമ്പോൾ അഞ്ച് പവൻ സ്വര്‍ണവും 700 ഗ്രാം വെള്ളി ആഭരണങ്ങളും ആണ് ഇയാളുടെ പക്കലുണ്ടായതിരുന്നത്.
നേരത്തേ വിജയകുമാറിന്‍റെ ഭാര്യ നര്‍മ്മദയുടെ കൈയിൽ നിന്ന് മൂന്ന് കിലോ സ്വര്‍ണവും ഭാര്യമാതാവ് യോഗാറാണിയുടെ പക്കൽ നിന്ന് ഒന്നര കിലോ സ്വര്‍ണവും പൊലീസ് കണ്ടെടുത്തിരുന്നു. പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചതിന് പിന്നാലെ വിജയകിമാറിന്റെ അച്ഛൻ ആത്മഹത്യ ചെയ്തിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam