
മുംബൈ: രാജ്യശ്രദ്ധ നേടിയ സിബിഐ പ്രത്യേക കോടതി ജഡ്ജ് ബി എച്ച് ലോയയുടെ മരണത്തെക്കുറിച്ച് തെളിവുകളുണ്ടെങ്കില്‍ പുനരന്വേഷണത്തിന് തയ്യാറാണെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ തയ്യാറാണെന്ന് മന്ത്രി നവാബ് മാലിക്. എന്‍സിപി വക്താവും സംസ്ഥാന മന്ത്രിയുമായ നവാബ് പാര്‍ട്ടി സമ്മേളനത്തിന് ശേഷമാണ് ഇക്കാര്യം വിശദമാക്കിയത്. ശിവസേന മന്ത്രിമാരുമായി മൂന്ന് മണിക്കൂര്‍ നീണ്ട ചര്‍ച്ചക്ക് ശേഷമാണ് പ്രഖ്യാപനം. നേരത്തെ ലോയയുടെ മരണത്തെക്കുറിച്ച് പുനരന്വേഷണത്തിന് മഹാരാഷ്ട്ര സര്‍ക്കാര്‍ തയ്യാറാണെന്ന് എന്‍ സി പി അധ്യക്ഷന്‍ ശരദ് പവാര്‍ വ്യക്തമാക്കിയിരുന്നു.
ബിജെപി അധ്യക്ഷനും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷായടക്കമുള്ളവര്‍ പ്രതിയായിരുന്ന സൊറാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ് പരിഗണിക്കുന്ന സി ബി ഐ കോടതി ജഡ്ജിയായിരിക്കെ 2014 ഡിസംബര്‍ 1നാണ് ബി എച്ച് ലോയ മരണപ്പെടുന്നത്. ലോയയുടെ മരണം സംബന്ധിച്ചുള്ള ദുരൂഹത നീക്കണമെന്ന് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ആവശ്യമുന്നയിച്ചിരുന്നു.
കോണ്‍ഗ്രസും എന്‍ സി പിയും രാജ്യമാകെ വിഷയം വലിയ ചര്‍ച്ചയാക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ ഇരുപാര്‍ട്ടികള്‍ക്കും നിര്‍ണായക സ്വാധീനമുള്ള സര്‍ക്കാര്‍ മഹാരാഷ്ട്രയില്‍ അധികാരത്തിലേറിയതോടെ ലോയ കേസ് പുനരന്വേഷിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ഇതിനിടയിലാണ് ത്രികക്ഷി സര്‍ക്കാരിന്‍റെ നിലപാട് വ്യക്തമാക്കി ശരദ് പവാര്‍ തന്നെ രംഗത്തെത്തിയത്. ലോയയുടെ മരണത്തില്‍ പുനരന്വേഷണം വേണമെന്ന ആവശ്യം ശക്തമായാല്‍ തീര്‍ച്ചയായും നടപടിയുണ്ടാകുമെന്നാണ് പവാര്‍ പറഞ്ഞത്. പ്രമുഖ മറാത്തി വാര്‍ത്താ ചാനലിലൂടെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
'ലോയയുടെ മരണം സംബന്ധിച്ചുള്ള ദുരൂഹത മാറ്റാനുള്ള അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാണ്, ആവശ്യം ശക്തമായാല്‍ തീര്‍ച്ചയായും സര്‍ക്കാര്‍ അതിനുവേണ്ട നടപടികള്‍ സ്വീകരിക്കും, വിവിധ മാധ്യമങ്ങളിലൂടെ വിഷയം വീണ്ടും ഉയര്‍ന്നുവരുന്നുണ്ട്, ഇത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്, ലോയയുടെ മരണം സംബന്ധിച്ച ദുരൂഹത മാറാന്‍ ആഴത്തിലുള്ള അന്വേഷണം വേണമെന്ന് മഹാരാഷ്ട്ര ജനത ആഗ്രഹിക്കുന്നുണ്ടെന്നാണ് മാധ്യമങ്ങളിലൂടെ മനസ്സിലാകുന്നത്, പക്ഷെ എന്താണ് സത്യം എന്ന് പരിശോധിക്കണം, ആരോപണങ്ങളില്‍ എന്തെങ്കിലും കഴമ്പുണ്ടെങ്കില്‍ കേസില്‍ വീണ്ടും അന്വേഷണം നടത്താം, ഇല്ലെങ്കില്‍ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതും ശരിയല്ല' ഇങ്ങനെയായിരുന്നു പവാര്‍ വിഷയത്തില്‍ പ്രതികരിച്ചത്.
2014 ലെ ലോയയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണം ശക്തമായത് 2017ലാണ്. സൊറാബുദ്ദീന്‍ കേസുമായി ബന്ധപ്പെട്ട് ലോയയെ സ്വാധീനിക്കാന്‍ ചിലര്‍ ശ്രമിച്ചിരുന്നെന്നും മരണത്തില്‍ സംശങ്ങളുണ്ടെന്നും വ്യക്തമാക്കി കുടുംബാംഗങ്ങള്‍ തന്നെ രംഗത്തെത്തിയതോടെയാണ് വിഷയം ചര്‍ച്ചയായത്. കേസ് പുനഃരന്വേഷിക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന രാഹുല്‍ ഗാന്ധിയടക്കമുള്ളവര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ലോയയുടെ മരണത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് ബോംബെ ലോയേഴ്‌സ് അസോസിയേഷന്‍ സമര്‍പ്പിച്ച ഹര്‍ജി 2018 ജൂലൈയില്‍ സുപ്രീം കോടതി തള്ളിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam