
മുംബൈ: മുംബൈയിൽ യുവാവ് യുവതിയെ കുത്തിക്കൊന്ന ശേഷം ജീവനൊടുക്കി. മനീഷ യാദവ് എന്ന 24കാരിയാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. സോനു ബറായി എന്ന 24കാരനാണ് യുവതിയെ കൊലപ്പെടുത്തിയത്. ക്രൂരമായ കൊലപാതകത്തിന് ശേഷം സോനു സ്വയം കഴുത്തറുത്ത് മരിച്ചു.
മനീഷയും സോനുവും 10 ദിവസം മുൻപാണ് ബന്ധം അവസാനിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. 9 വർഷമായി ഇരുവരും പ്രണയത്തിലായിരുന്നു. മനീഷയ്ക്ക് മറ്റൊരു ബന്ധമുണ്ടെന്ന സോനുവിന്‍റെ സംശയമാണ് അതിക്രൂര കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. വെള്ളിയാഴ്ച രാവിലെ, താൻ പുറത്തു പോകുകയാണെന്ന് അമ്മയോട് പറഞ്ഞ ശേഷമാണ് സോനു വീട്ടിൽ നിന്ന് ഇറങ്ങിയത്. സോനു അടുക്കളയിൽ നിന്നും ഒരു കത്തി ഒളിപ്പിച്ചു കൊണ്ടുപോയി. തുടർന്ന് അവസാനമായി കണ്ട് പിരിയാമെന്ന് പറഞ്ഞ് മനീഷയെ വിളിച്ചുവരുത്തി.
ഈ കൂടിക്കാഴ്ചക്കിടെ ഇരുവരും തമ്മിൽ വഴക്കുണ്ടായി. സോനു കത്തിയെടുത്തതോടെ മനീഷ സമീപത്തെ ആശുപത്രി ലക്ഷ്യമായി ഓടി. പിന്നാലെ ഓടിയ സോനു മനീഷയെ കുത്തിവീഴ്ത്തി. മനീഷ താഴെ വീഴും വരെ പലതവണ കുത്തിയെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. എന്നിട്ട് സോനു സ്വന്തം കഴുത്തറുത്തു. ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഇരുവരുടെയും വീട് അടുത്തടുത്തായിരുന്നു. ഇരുവരും തമ്മിലുള്ള ബന്ധം അറിയാമായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. സോനുവിന് സ്ഥിരമായി ജോലിയില്ലായിരുന്നു. ഇടയ്ക്കെല്ലാം പാചകക്കാരനായി ജോലി ചെയ്തിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. ബന്ധത്തിൽ പ്രശ്നങ്ങളുണ്ടായതോടെ കൌണ്‍സിലിങിന് പോകാൻ ഇരുവരും തീരുമാനിച്ചിരുന്നുവെന്നും അതിനിടെയാണ് ദാരുണ സംഭവമുണ്ടായതെന്നും ബന്ധുക്കൾ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam