ഓഖി, ബിപര്‍ജോയ്... ഇപ്പോൾ മോന്ത; ആരാണ് ചുഴലിക്കാറ്റിന് പേരിടുന്നത്, മോന്ത എന്ന പേരിട്ടത് ആര്; ഇന്ത്യ നൽകിയ പേരുകൾ അറിയാം

Published : Oct 25, 2025, 04:12 PM IST
Cyclone

Synopsis

ആന്ധ്രാ, ഒഡിഷ തീരങ്ങളിൽ 'മോന്ത' ചുഴലിക്കാറ്റ് മുന്നറിയിപ്പ് നിലവിലുണ്ട്. ആശയക്കുഴപ്പം ഒഴിവാക്കാനാണ് ചുഴലിക്കാറ്റുകൾക്ക് പേര് നൽകുന്നത്, ഇതിന് പിന്നിൽ കൃത്യമായ മാനദണ്ഡങ്ങളും അന്താരാഷ്ട്ര സംഘടനകളുടെ പങ്കുമുണ്ട്. 

ആന്ധ്രാ, തെക്കൻ ഒഡിഷ തീരങ്ങളിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ് (യെല്ലോ മെസേജ്) കാലാവസ്ഥ വിഭാഗം നൽകിയിട്ടുണ്ട്. 27ന് രാവിലെയോടെ ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന മോന്ത ( Montha) ചുഴലിക്കാറ്റ് ചൊവ്വാഴ്ചയോടെ (ഒക്ടോബർ 28-ന് വൈകുന്നേരം/രാത്രിയോടെ) ആന്ധ്രാപ്രദേശ് തീരത്ത് മച്ചിലിപട്ടണംത്തിനും കാലിംഗപട്ടണത്തിനും ഇടയിൽ, കാക്കിനടക്കു സമീപം തീവ്ര ചുഴലിക്കാറ്റായി മണിക്കൂറിൽ പരമാവധി 110 കി.മീ വേഗതയിൽ കരയിൽ പ്രവേശിക്കാൻ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്.

എന്തിനാണ് ചുഴലിക്കാറ്റുകൾക്ക് ഇത്തരത്തിൽ പേര് നൽകുന്നത്? ആര്, എങ്ങനെയാണ് ഈ പേര് തിരഞ്ഞെടുക്കുന്നതെന്ന് മനസിലാക്കാം. ട്രോപ്പിക്കൽ സൈക്ലോണുകൾ, അഥവാ ഉഷ്ണമേഖലാ ചുഴലിക്കാറ്റുകൾ, ഒരാഴ്ചയോ അതിൽ കൂടുതലോ നീണ്ടുനിൽക്കുന്നവയാണ്. ഒരേ സമയം ഒന്നിലധികം ചുഴലിക്കാറ്റുകൾ രൂപപ്പെടാനും സാധ്യതയുണ്ട്. ഇവയെ നിരീക്ഷിക്കുന്നതിനും മുന്നറിയിപ്പുകൾ നൽകുന്നതിനും ഉണ്ടാകുന്ന ആശയക്കുഴപ്പം ഒഴിവാക്കാനാണ് ഓരോ ചുഴലിക്കാറ്റിനും കൃത്യമായി പേരുകൾ നൽകുന്നത്.

അക്ഷാംശ-രേഖാംശ വിവരങ്ങൾ ഉൾപ്പെടുത്തി മുന്നറിയിപ്പുകൾ നൽകുമ്പോൾ, കാലാവസ്ഥാ വിദഗ്ധരല്ലാത്തവർക്ക് അത് മനസിലാക്കാൻ ബുദ്ധിമുട്ട് ആയിരിക്കും. എന്നാൽ, ഒരു പേര് നൽകിയാൽ, സാധാരണക്കാർക്ക് പോലും എളുപ്പത്തിൽ കാര്യങ്ങൾ മനസിലാകും. കഴിഞ്ഞ നൂറ്റാണ്ടിന്‍റെ തുടക്കത്തിൽ പേര് നൽകൽ ഏകദേശം യാദൃശ്ചികമായിരുന്നു. ഉദാഹരണത്തിന്, ഒരു അറ്റ്‌ലാന്‍റിക് ചുഴലിക്കാറ്റ് ആന്‍ജെ എന്ന ബോട്ട് തകർത്തപ്പോൾ, ആ ചുഴലിക്കാറ്റിനെ 'ആന്‍ജെ'സ് ഹറിക്കെയ്‌ൻ' എന്ന് വിളിക്കുകയായിരുന്നു.

പിന്നീട്, ചുഴലിക്കാറ്റുകൾക്ക് സ്ത്രീകളുടെ പേര് നൽകാനുള്ള രീതി ആരംഭിച്ചു. പേര് നൽകൽ രീതി മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായി, പേര് അക്ഷരമാലാക്രമത്തിൽ തിരഞ്ഞെടുക്കാൻ തുടങ്ങി. ഉദാഹരണത്തിന്, ഒരു വർഷത്തിലെ ആദ്യ ചുഴലിക്കാറ്റിന് 'ആന്‍' എന്ന പേര് ലഭിക്കും. ദക്ഷിണാർദ്ധ ഗോളത്തിൽ രൂപപ്പെടുന്ന ചുഴലിക്കാറ്റുകൾക്ക് പിന്നീട് പുരുഷന്മാരുടെ പേര് നൽകാനും തുടങ്ങി.

ലോകത്തെ ആറ് റീജിയണൽ സ്പെഷ്യലൈസ്ഡ് മീറ്റിയറോളജിക്കൽ സെന്‍ററുകളും (RSMC) അഞ്ച് ട്രോപ്പിക്കൽ സൈക്ലോൺ വാണിംഗ് സെന്‍ററുകളുമാണ് പേരുകളുടെ പട്ടിക തയാറാക്കുന്നത്. ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് ഒരു സ്പെഷ്യലൈസ്ഡ് മീറ്റിയറോളജിക്കൽ സെന്‍ററാണ്. ബംഗ്ലാദേശ്, ഇന്ത്യ, ഇറാൻ, മാലിദ്വീപ്, മ്യാൻമർ, ഒമാൻ, പാകിസ്ഥാൻ, ഖത്തർ, സൗദി അറേബ്യ, ശ്രീലങ്ക, തായ്‌ലൻഡ്, യുഎഇ, യെമൻ എന്നീ 13 രാജ്യങ്ങൾക്ക് ചുഴലിക്കാറ്റ് മുന്നറിയിപ്പുകൾ നൽകുന്നതും പേര് പട്ടികയിൽ നിന്ന് തിരഞ്ഞെടുക്കുന്നതും ഡൽഹി ആര്‍എസ്എംസി ആണ്. ഇന്ത്യൻ മഹാസമുദ്രം, ബംഗാൾ ഉൾക്കടൽ, അറബിക്കടൽ എന്നിവിടങ്ങളിൽ രൂപപ്പെടുന്ന ചുഴലിക്കാറ്റുകൾക്ക് ഈ രാജ്യങ്ങൾ നിർദ്ദേശിക്കുന്ന പേര് ഉപയോഗിക്കുന്നു.

ചുഴലിക്കാറ്റുകൾക്ക് വെറുതെ പേരിടാനാവില്ല!

പേര് നിഷ്പക്ഷമായിരിക്കണം; ജാതി, മതം, വർഗം, വർണം, രാഷ്ട്രീയം, ലിംഗം എന്നിവയുമായി ബന്ധപ്പെട്ട വിവേചനങ്ങൾ ഒഴിവാക്കണം.

ഒരു ജനവിഭാഗത്തിനും മനോവേദന ഉണ്ടാക്കുന്നതാകരുത്.

ക്രൂരമോ പരുഷമോ ആയ വാക്കുകൾ ഉപയോഗിക്കരുത്.

പേര് ചെറുതും ഉച്ചരിക്കാൻ എളുപ്പവുമായിരിക്കണം, വെറുപ്പുളവാക്കരുത്.

പേര് എട്ട് അക്ഷരങ്ങളിൽ കവിയരുത്.

നിർദ്ദേശിക്കുന്ന പേര്, ഉച്ചാരണവും ശബ്ദരേഖയും സഹിതം നൽകണം.

ഈ മാനദണ്ഡങ്ങൾക്ക് വിരുദ്ധമായ പേര് നിർദ്ദേശിച്ചാൽ, ട്രോപ്പിക്കൽ സൈക്ലോൺ പാനലുകൾക്ക് അവ നിരസിക്കാൻ അധികാരമുണ്ട്. പ്രാദേശിക വിവേചനം ഒഴിവാക്കാൻ, ഒരേ രാജ്യത്തെ വിവിധ ഭാഷകളിൽ നിന്നുള്ള പേര് ഉൾപ്പെടുത്താറുണ്ട്. 2017ൽ ഇന്ത്യൻ തീരത്ത് നാശം വിതച്ച ഓഖി ചുഴലിക്കാറ്റിന് പേര് നൽകിയത് ബംഗ്ലാദേശാണ്. 'ഓഖി' എന്ന വാക്കിന്‍റെ അർത്ഥം 'കണ്ണ്' എന്നാണ്. ഇപ്പോൾ മോന്ത എന്ന് ചുഴലിക്കാറ്റിന് പേര് നൽകിയിട്ടുള്ളത് തായ്‍ലൻഡാണ്. തായ്‌ലൻഡിന് ശേഷം അടുത്ത ഊഴം യുഎഇക്കാണ്. സെൻ യാർ ( Senyar) എന്ന പേരാണ് യുഎഇ നിര്‍ദേശിച്ചിട്ടുള്ളത്. തേജ്, ആഗ് തുടങ്ങിയ പേരുകളാണ് ഇന്ത്യ നിര്‍ദേശച്ചിട്ടുള്ളത്.

PREV
BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ദേശീയപാത തകർന്ന സംഭവം; വിദഗ്ധ സമിതി ഉടൻ റിപ്പോർട്ട് സമർപ്പിക്കും, 3 അംഗ വിദഗ്ധ സമിതി സ്ഥലം സന്ദർശിച്ചു
യാത്രാ പ്രതിസന്ധി; ഇൻഡിഗോ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നല്‍കി ഡിജിസിഎ, ഇന്ന് മറുപടി നൽകണം