വിരമിച്ച സുപ്രീംകോടതി ജഡ്‍ജിമാര്‍ ദില്ലിയിലെ കലാപമേഖലകള്‍ സന്ദര്‍ശിച്ചു

By Web TeamFirst Published Mar 5, 2020, 9:23 PM IST
Highlights

ദില്ലിയിലെ കലാപ മേഖലകളില്‍ വിരമിച്ച സുപ്രീംകോടതി ജഡ്‍ജിമാര്‍ സന്ദര്‍ശനം നടത്തുന്നു

ദില്ലി: വടക്കുകിഴക്കന്‍ ദില്ലിയിലെ വര്‍ഗ്ഗീയ കലാപമുണ്ടായ പ്രദേശങ്ങളില്‍  വിരമിച്ച സുപ്രീംകോടതി ജഡ്‍ജിമാര്‍ സന്ദര്‍ശനം നടത്തി. ജസ്റ്റിസ് കുര്യന്‍ ജോസഫ്, എകെ പട്‍നായിക്, വിക്രം ജിത്ത് സെന്‍ എന്നിവരാണ് കലാപമേഖലകളില്‍ സന്ദര്‍ശനം നടത്തിയത്. കലാപത്തിലുണ്ടായ നാശനഷ്‍ടങ്ങള്‍ നേരില്‍ കണ്ട വിരമിച്ച ജഡ്‍ജിമാര്‍ പൊതുജനങ്ങളില്‍ നിന്നും വിവരങ്ങള്‍ ചോദിച്ചറിയുകയും ചെയ്തു. 

രാജ്യതലസ്ഥാനത്തെ മുള്‍മുനയില്‍ നിര്‍ത്തി മൂന്ന് ദിവസത്തോളം നീണ്ടു നിന്ന കലാപത്തില്‍ 53 പേര്‍ മരിച്ചതായാണ് ഔദ്യോഗിക കണക്ക്. കലാപം അവസാനിച്ച് ദിവസങ്ങള്‍ക്ക് ശേഷവും അഴുക്കുചാലുകളില്‍ നിന്നും മറ്റുമായി പലരുടേയും മൃതദേഹങ്ങള്‍ കണ്ടെടുക്കുന്നത്. കലാപത്തില്‍ ഇതുവരെ 654 കേസുകൾ രജിസ്റ്റർ ചെയ്‌തെന്ന് ദില്ലി പൊലീസ് അറിയിച്ചിട്ടുണ്ട്. ഇതിൽ 47 കേസുകള്‍ രജിസ്റ്റർ ചെയ്തത്  ആയുധനിയമം അനുസരിച്ചാണ്. 

1820 പേരാണ് വിവിധ കേസുകളിലായി പൊലീസ് പിടിയിലായത്. കലാപത്തിനിടെ കൊലപ്പെട്ട ഐബി ഓഫീസര്‍ അങ്കിത്ത ശര്‍മയുടെ മരണത്തില്‍ ആം ആദ്മ‍മി പാര്‍ട്ടി കൗണ്‍സിലര്‍ താഹിര്‍ ഹുസൈനും ഇന്ന് അറസ്റ്റിലായിട്ടുണ്ട്. അതേസമയം ദില്ലി കലാപത്തില്‍ കാണാതായവരെ കണ്ടെത്താനും മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന അജ്ഞാത മൃതദേഹങ്ങളുടെ  വിശദാംശങ്ങൾ പ്രസിദ്ധീകരിക്കാനും വേണ്ട നടപടികൾ സ്വീകരിക്കണം എന്ന് ദില്ലി പോലീസിന് ദില്ലി ഹൈക്കോടതി നിർദേശം.

click me!