ട്വിറ്ററില്‍ നിന്ന് 'കോൺ​ഗ്രസ് ബന്ധം' വെട്ടിക്കുറച്ച് ജോതിരാദിത്യ സിന്ധ്യ

By Web TeamFirst Published Nov 25, 2019, 2:46 PM IST
Highlights

ട്വിറ്റര്‍ ബയോയിൽ ചേർത്തിരുന്ന ഗുണ മണ്ഡലത്തില്‍ നിന്നുള്ള മുന്‍ പാര്‍ലമെന്റ് അംഗം, വൈദ്യുത മന്ത്രി എന്നീ വിവരങ്ങളാണ് ജ്യോതിരാദിത്യ സിന്ധ്യ ട്വിറ്ററില്‍നിന്ന് നീക്കിയത്. 

ഭോപ്പാല്‍: ട്വിറ്റര്‍ ബയോയിലെ വിവരങ്ങൾ വെട്ടിച്ചുരുക്കി മധ്യപ്രദേശിലെ കോൺഗ്രസ് നേതാവ് ജോതിരാദിത്യ സിന്ധ്യ. നേരത്തെ ബയോയിൽ ചേർത്തിരുന്ന ഗുണ മണ്ഡലത്തില്‍ നിന്നുള്ള മുന്‍ പാര്‍ലമെന്റ് അംഗം, വൈദ്യുത മന്ത്രി എന്നീ വിവരങ്ങളാണ് ജ്യോതിരാദിത്യ സിന്ധ്യ ട്വിറ്ററില്‍നിന്ന് നീക്കിയത്. പകരം പൊതുജനസേവകനെന്നും ക്രിക്കറ്റ് ഭ്രാന്തനെന്നും മാത്രമാണ് ട്വിറ്ററില്‍ ചേര്‍ത്തിരിക്കുന്നത്. 

നിലവിൽ കോണ്‍ഗ്രസ് പാര്‍ട്ടിയുമായി ബന്ധമുള്ള ഒരു വിവരവും അദ്ദേഹത്തിന്റെ ട്വിറ്ററില്‍ ഇല്ല. ഇതോടെ നിരവധി അഭ്യൂഹങ്ങളാണ് സാമൂഹിക മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാൽ, നിലവില്‍ പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്ന് ജ്യോതിരാദിത്യ സിന്ധ്യ പ്രതികരിച്ചതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. ഒരുമാസം മുമ്പ് ട്വിറ്ററിലെ ബയോ മാറ്റിയതാണ്. ജനങ്ങളുടെ ഉപദേശത്തെ തുടര്‍ന്ന് ട്വിറ്റര്‍ ബയോ ചുരുക്കിയതാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ജോതിരാദിത്യ സിന്ധ്യയുടെ രാജിയുമായി ബന്ധപ്പെട്ട ഔദ്യോ​ഗിക വിവരങ്ങളൊന്നും ലഭ്യമല്ല.

മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥും ജോതിരാദിത്യ സിന്ധ്യയും തമ്മിലുള്ള ഭിന്നത അടുത്തിടെ രൂക്ഷമായിരുന്നു. കമൽനാഥ് മുഖ്യമന്ത്രിയായപ്പോൾ തനിക്ക് പിസിസി അധ്യക്ഷസ്ഥാനം വേണമെന്ന് ജോതിരാദിത്യ സിന്ധ്യ മുതിർന്ന നേതാക്കളോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, കമൽനാഥും മുതിർന്ന കോൺ​ഗ്രസ് നേതാവ് ദ്വി​ഗ് വിജയ് സിം​ഗും ചേർന്ന്  അന്തരിച്ച നേതാവ് അർജുൻ സിം​ഗിന്റെ മകൻ അജയ് സിം​ഗിനെ പിസിസി അധ്യക്ഷനാക്കാൻ നീക്കം നടത്തി.

മുതിർന്ന നേതാക്കാൾ തന്റെ വഴി മുടക്കുകയാണെന്നും പാർട്ടിവിടുമെന്നും സിന്ധ്യ മുമ്പും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രാഹുൽ​ഗാന്ധിയുമായി അടുത്തബന്ധമുണ്ടായിരുന്ന സിന്ധ്യ ഇതോടെ കേന്ദ്ര നേതൃത്ത്വവുമായി അകൽച്ചയിലാകുകയായിരുന്നു. രാഹുൽ ​ഗാന്ധി കോൺ​ഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ചതിന് പിന്നാലെ സിന്ധ്യ പാർട്ടി ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചിരുന്നു. 

click me!